Categories: Lifestyle

വേപ്പും തുളസിയും നടാം, കൊതുകിനെ തുരത്താം

Published by

കൊതുക് കണ്ടാല്‍ ചെറുതാണെങ്കിലും ആളൊരു മഹാവില്ലന്‍ തന്നെ. ഏറ്റവും ഒടുവില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഇപ്പോള്‍ ഏറ്റവും ഭയത്തോടെ കാണുന്ന സിക വൈറസ് പടര്‍ന്നുപിടിക്കുന്നതിനും കാരണക്കാരന്‍ ഈഡിസ് ഈജിപ്റ്റി എന്ന കൊതുകാണത്രെ. നമ്മുടെ നാടിപ്പോള്‍ ഇത്തരം കൊതുകുകള്‍ പെരുകുന്നതിനുള്ള അനുകൂല കാലാവസ്ഥയിലുമാണ്. സിക മാത്രമല്ല, നിരവധി രോഗങ്ങളാണ് കൊതുകുകടിമൂലം ഉണ്ടാകുന്നത്. പലതും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യും.

കൊതുക് തിരികള്‍, ക്രീമുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഔഷധ തൈലങ്ങള്‍ തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ കൊതുകുകളെ അകറ്റാനായി പലരും പരീക്ഷിച്ച് നോക്കാറുണ്ട്. എന്നാല്‍ ഇതൊന്നും വേണ്ടത്ര ഫലപ്രദവുമല്ല.

ചിലര്‍ കൊതുക് നിവാരണത്തിനായി രാസവസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. ഇത് ആരോഗ്യത്തിനും അന്തരീക്ഷത്തിനും ഒരുപോലെ ഹാനികരമാണ്.

കൊതുകുകളെ പ്രകൃത്യാല്‍ ചെറുക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ മുറ്റത്ത് കൊതുകിനെ അകറ്റുന്ന ചില സസ്യങ്ങള്‍ നട്ടുവളര്‍ത്തുക. അത്തരത്തില്‍ വീട്ടില്‍ നടാവുന്ന ചില കൊതുക് നാശിനി സസ്യങ്ങളെ പരിചയപ്പെടാം. വീടിന്റെ മുറ്റമൊരു പൂന്തോട്ടവുമാക്കാം. വേപ്പും തുളസിയും എല്ലാം അവിടെ സ്ഥാനം പിടിക്കട്ടെ.

 റോസ്‌മേരി സസ്യം കൊതുകുകളെ ചെറുക്കുമത്രെ.

റോസ്‌മേരി സസ്യത്തില്‍ അടങ്ങിയിട്ടുള്ള എണ്ണ പ്രകൃതിദത്ത കൊതുക് നാശിനിയായി പ്രവര്‍ത്തിക്കും. നാല്- അഞ്ച് അടി വരെ പൊക്കത്തില്‍ വളരുന്ന ഇവയില്‍ നീലപൂക്കളാണുണ്ടാവുക. ചൂടുള്ള കാലാവസ്ഥയിലാണ് ഇവ നന്നായി വളരുക. തണുപ്പുകാലം ഇവയ്‌ക്ക് അതിജീവിക്കാന്‍ കഴിയില്ല അതിനാല്‍ ചൂട് ലഭ്യമാക്കണം. അതിനാല്‍ ചെടിച്ചട്ടിയില്‍ നട്ട് ശൈത്യകാലത്ത് അകത്തേയ്‌ക്ക് മാറ്റുക. ചൂട് കാലത്ത് കൊതുകുകളെ അകറ്റാന്‍ റോസ്‌മേരി നട്ട ചട്ടി മുറ്റത്തേക്ക് മാറ്റുക.

കൊതുകിനെ അകറ്റാന്‍ ഇഞ്ചപ്പുല്ല് വളരെ ഫലപ്രദമാണ്. ഇളം വയലറ്റ് പൂക്കളോട് കൂടിയ ഈ ചെടികള്‍ രണ്ട് മീറ്റര്‍ നീളത്തില്‍ വരെ വളരും. ഇഞ്ചപ്പുല്ലില്‍ നിന്നെടുക്കുന്ന എണ്ണ മെഴുകുതിരി , സുഗന്ധദ്രവ്യം, റാന്തല്‍ , വിവിധ ഔഷധ ഉത്പന്നങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കാറുണ്ട്. ഡെങ്കിപ്പനി ഉണ്ടാക്കുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ഇഞ്ചപ്പുല്ല് നല്ലതാണ്.കൊതുകുകളെ അകറ്റുന്നതിന് ഇഞ്ചപ്പുല്ല് എണ്ണ ഒഴിച്ച തിരികള്‍ കത്തിച്ച് റാന്തല്‍ മുറ്റത്ത് വയ്‌ക്കുക. ഇഞ്ചപ്പുല്ല് എണ്ണ ചര്‍മ്മത്തിന് ദോഷകരമല്ല, ഏറെ നേരം ഇത് ഉപയോഗിക്കാവുന്നതാണ്.

പല ജീവികള്‍ക്കും ജന്തുക്കള്‍ക്കും മനുഷ്യര്‍ക്കും ഇഷ്ടപ്പടാത്ത ഒരു മണമാണ് ബന്തിച്ചെടിക്ക്. ആറ് ഇഞ്ച് മുതല്‍ മൂന്ന് അടി വരെ ഈ സസ്യങ്ങള്‍ വളരും. ബന്തിയില്‍ തന്നെ ആഫ്രിക്കന്‍, ഫ്രഞ്ച് എന്നിങ്ങനെ രണ്ട് തരം സസ്യങ്ങള്‍ ഉണ്ട്. ഇവ രണ്ടും കൊതുകുകളെ അകറ്റാന്‍ ഫലപ്രദമാണ്. പച്ചക്കറികള്‍ക്കൊപ്പവും ഇവ നടുന്നത് മുഞ്ഞ പോലുള്ള പ്രാണികളെ അകറ്റാന്‍ സഹായിക്കും. കൊതുകിനെ നിയന്ത്രിക്കാന്‍ ബന്തി ചെടികള്‍ മുറ്റത്തും തോട്ടത്തിലും മറ്റും നടുക.

പുതിന ഇനത്തില്‍ പെടുന്ന ഒരു സസ്യമാണ് കാറ്റ്‌നിപ്. അടുത്തിടെയാണ് ഇവ കൊതുകു നാശിനിയാണന്ന് പ്രഖ്യാപിക്കപ്പെട്ടത്. അനേക വര്‍ഷം നിലനില്‍ക്കുന്ന ഈ സസ്യങ്ങള്‍ മൂന്ന് അടി വരെ വളരും. വെയില്‍ വീഴുന്ന അല്ലെങ്കില്‍ ഭാഗികമായി വെയില്‍ വീഴുന്ന സ്ഥലങ്ങളില്‍ വേണം ഇവ നടാന്‍. വെളുത്തതോ ഇളം വയലറ്റ് നിറത്തിലോ ഉള്ള പൂക്കളാണ് ഇവയില്‍ ഉണ്ടാവുക. കൊതുകുകളെയും മറ്റ് പ്രാണികളെയും നിയന്ത്രിക്കാന്‍ ഈ സസ്യങ്ങള്‍ വീടിന്റെ പുറക് വശത്ത് നടുക. കൊതുകുകളെ നശിപ്പിക്കാന്‍ വിവിധ രീതിയില്‍ ഈ സസ്യങ്ങള്‍ ഉപയോഗിക്കാം. ഇലകള്‍ ചതച്ചിട്ടും എണ്ണയായി ചര്‍മ്മത്തില്‍ പുരട്ടിയും ഇവ ഉപയോഗിക്കാം.

കൊതുക് നാശിനി സസ്യമാണ് അജെരാറ്റം. കൂമെറിന്‍ ഉത്പാദിപ്പിക്കുന്ന ഇളം നീല, വെള്ള നിറത്തിലുള്ള പൂക്കള്‍ ആണ് ഇവയിലേത്. ഇതിന്റെ മണം കൊതുകുകളെ അകറ്റും. വിപണികളില്‍ ലഭിക്കുന്ന കൊതുക് നാശിനികളിലും സുഗന്ധദ്രവ്യങ്ങളിലും കൂമറിന്‍ സാധാരണയായി ഉപയോഗിക്കുന്നുണ്ട്. ചര്‍മ്മത്തിന് ദോഷം ചെയ്യുന്ന അനാവശ്യ ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ അജെരാറ്റം തേയ്‌ക്കരുത്. പൂര്‍ണമായോ ഭാഗികമായോ വെയില്‍ ഉള്ള സ്ഥലങ്ങളില്‍ വളരുന്ന ഈ സസ്യങ്ങള്‍ വേനല്‍ക്കാലത്താണ് പൂക്കുന്നത്.

പനിക്കൂര്‍ക്ക കൊതുകുകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊരു സസ്യമാണ്. പ്രത്യേക പരിഗണനവേണ്ടാത്തതും അതേസമയം വളരെ വര്‍ഷം നില്‍ക്കുന്നതുമായൊരു സസ്യമാണിത്. ചൂടുള്ള കാലാവസ്ഥയില്‍ മണല്‍പ്രദേശത്ത് വളരുന്ന ഇവയില്‍ പിങ്ക് പൂക്കളാണ് ഉണ്ടാവുക. ഹോഴ്‌സ് മിന്റിന് ഫംഗസുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാനുള്ള കഴിവുണ്ട്.

ചെറുപ്രാണികളെ അകറ്റാന്‍ ശേഷിയുള്ള വേപ്പ് ശക്തമായൊരു കൊതുക് നാശിനിയാണ്. വേപ്പ് അടങ്ങിയിട്ടുള്ള നിരവധി കൊതുക് നാശിനികളും ബാമുകളും വിപണിയില്‍ ലഭ്യമാണ്.

കൊതുകുകളെ അകറ്റാന്‍ വേപ്പ് വെറുതെ മുറ്റത്ത് വളര്‍ത്തിയാല്‍ മതി. കൊതുകുകളെ അകറ്റാന്‍ വേപ്പെണ്ണ ചര്‍മ്മത്തില്‍ പുരട്ടാം. കൊതുകുകളെ അകറ്റാനുള്ള വേപ്പിന്റെ സവിശേഷത മലേറിയയെ പ്രതിരോധിക്കാന്‍ വളരെ ഫലപ്രദമാണ്.

കര്‍പ്പൂര വള്ളി കൊതുകുകളെ ഫലപ്രദമായി പ്രതിരോധിക്കും. ഇവ വളരുന്നതിന് അധികം ശ്രദ്ധ നല്‍കേണ്ട ആവശ്യമില്ല. നാല് അടി വരെ വളരുന്ന ഈ സസ്യങ്ങള്‍ക്ക് ചൂടുള്ള കാലാവസ്ഥയാണ് ആവശ്യം. രാസവസ്തുക്കള്‍ ഇല്ലാത്ത കൊതുക് നാശിനി ഉണ്ടാക്കുന്നതിന് കര്‍പ്പൂര തൈലം വെള്ളത്തില്‍ ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടാം. കൊതുകിനെ അകറ്റാന്‍ കര്‍പ്പൂര തൈലം കൈകളിലും കാലുകളിലും കഴുത്തിലും മറ്റും പുരട്ടാം.

തുളസിയാണ് കൊതുകുകളെ അകറ്റുന്ന മറ്റൊരു സസ്യം ഇലകള്‍ ചതയ്‌ക്കാതെ തന്നെ സുഗന്ധം പരത്തുന്ന സസ്യമാണ് തുളസി. കൊതുകുകളെ നിയന്ത്രിക്കുന്നതിന് മുറ്റത്ത് തുളസി നടുന്നത് നല്ലതാണ്. കൈനിറയെ തുളസിയില എടുത്ത് ചതച്ച് ചര്‍മ്മത്തില്‍ പുരട്ടുന്നതും കൊതുകുകളെ അകറ്റാന്‍ സഹായിക്കും. കൊതുകിനെ അകറ്റാന്‍ ഏത് തരം തുളസിയും ഉപയോഗിക്കാം. എന്നാല്‍, നാരങ്ങ തുളസി, കറുവപ്പട്ട തുളസി തുടങ്ങിയവയാണ് കൂടുതല്‍ ഫലപ്രദം. കൂടാതെ ഒട്ടനവധി ഔഷധഗുണമുള്ള സസ്യമാണ് തുളസി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts