മുഹമ്മ: അക്രഡിറ്റഡ് എന്‍ജിനീയറന്മാരുടെ അഭാവം, ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് ജോലികള്‍ താളംതെറ്റി. ഇവിടെയുണ്ടായിരുന്ന രണ്ട് ജീവനക്കാരില്‍ ഒരാള്‍ അപകടത്തില്‍ മരിക്കുകയും മറ്റൊരാള്‍ പരിക്കേറ്റ് ചികിത്സയിലാവുകയും ചെയതതോടെയാണ് പദ്ധതി അവതാളത്തിലായത്. തൊഴിലുറപ്പ് ജോലികള്‍ നടത്തുന്നതിനാവശ്യമായ മസ്‌ട്രോളുകള്‍ ബ്ലോക്കില്‍ നിന്നും വാങ്ങിവേണം പദ്ധതി നടപ്പാക്കേണ്ടത്. ആര്യാട്-മാരാരിക്കുളം തെക്ക് പഞ്ചായത്തുകള്‍ മസ്റ്റ് റോളുകള്‍ വാങ്ങാന്‍ തയ്യാറായെങ്കിലും മണ്ണഞ്ചേരി മുന്നോട്ട് വരുന്നില്ലെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ നിയമമനുസരിച്ച് പത്രപരസ്യം നല്‍കി അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തിയാല്‍ മാത്രമേ അക്രഡിറ്റഡ് എന്‍ജിനീയര്‍മാരെ നിയമിക്കാവൂ എന്നാണ് ചട്ടം. സര്‍ക്കാര്‍ വ്യവസ്ഥ നിലനില്‍ക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്‌ക്ക് കാരണമെന്ന് ബിഡിഒ സനല്‍കുമാര്‍ പറഞ്ഞു. ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലെ കമ്പ്യൂട്ടറിന്റെ പാസ്‌വേഡ് സൂക്ഷിച്ചിരുന്നത് അപകടത്തില്‍ മരിച്ച ഡാറ്റാഎന്‍ട്രി ഓപ്പറേറ്ററായ ഷിജി ആയിരുന്നു. ഇവരുടെ വിയോഗത്തെ തുടര്‍ന്ന് തൊഴിലുറപ്പ് വിവരങ്ങളടങ്ങിയ ഫയലുകള്‍ തുറക്കാന്‍ കഴിയുന്നില്ല. ഗ്രാമീണ മേലയിലെ ഭൂരിഭാഗം വീട്ടമ്മമാര്‍ക്കും തൊഴിലുറപ്പ് ജോലി ഉപജീവനമാര്‍ഗമാണ്. പദ്ധതി നിലച്ചതോടെ ഒട്ടേറെ കുടുംബങ്ങള്‍ ദുരിതത്തിലായി.
മണ്ണഞ്ചേരി പഞ്ചായത്തില്‍ അക്രഡിറ്റിഡ് എന്‍ജിനീയര്‍മാര്‍ ഉണ്ടെങ്കിലും അവരുടെ സേവനം മറ്റു മേഖലകളിലേയ്‌ക്ക് ലഭിക്കുന്നില്ല. ഉദ്യോഗസ്ഥരുടെ കടുംപിടുത്തമാണ് പ്രശ്‌നത്തിന് കാരണമെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഈ മേഖലയില്‍ പണിയെടുത്ത വകയില്‍ നിരവധി മാസത്തെ വേതനം തൊഴിലാളികള്‍ക്ക് ലഭിക്കാനുണ്ട്.ഇവ എത്രയും വേഗം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണകക്ഷിയില്‍പെട്ടവര്‍ കഴിഞ്ഞ ദിവസം മണ്ണഞ്ചേരി പോസ്റ്റോഫീസ് പിക്കറ്റ് ചെയ്തിരുന്നു. എന്നിട്ടും വേതനം കൊടുത്തുതീര്‍ക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല.
ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കാന്‍ രാഷ്‌ട്രീയ നേതൃത്വം കണ്ണ് തുറക്കണമെന്നാണ് ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ആവശ്യം.
















