അധിനിവേശശക്തികള്‍ എല്ലാകാലത്തും ഭാരതത്തിനും ഹിന്ദുത്വത്തിനുമെതിരെ നേരിട്ടും അല്ലാതെയും സംഘടിതവും ആസൂത്രിതവുമായ അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്. ക്ഷേത്രങ്ങള്‍ തകര്‍ത്തും ഗ്രന്ഥപ്പുരകള്‍ ചുട്ടെരിച്ചും തപോവനങ്ങള്‍ അക്രമിച്ചും ആചാരാനുഷ്ഠാനങ്ങള്‍ക്കും ആത്മീയാചാര്യന്മാര്ക്കുമെതിരെ പരിഭ്രാന്തി സൃഷ്ടിക്കുന്ന കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടുമൊക്കെ ഭാരതീയതയെ ഇല്ലായ്മ ചെയ്യാനാകുമെന്ന അതിരുകടന്ന മോഹമായിരുന്നു അത്തരം പരിശ്രമങ്ങള്‍ക്കു പിന്നില്‍. അതിനായി അവര്‍ ചെലവഴിച്ച പണത്തിന് കണക്കില്ല. കച്ചവടക്കാര്‍ക്കും ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കുമൊപ്പം ഇവിടേക്ക് കടന്നുവന്ന മിഷണറിപ്പട നിര്‍വഹിച്ച ദൗത്യം പ്രധാനമായും ഹിന്ദുദേശീയതയോട് ഇന്നാട്ടുകാരില്‍ അവജ്ഞ ഉളവാക്കുംവിധം നുണപ്രചാരണം നടത്തുക എന്നതുതന്നെയായിരുന്നു. വിശ്വാസഹത്യ നടത്തി അത്തരം മനസ്സുകളില്‍ തങ്ങളുടെ മതം കുത്തിത്തിരുകുക എന്ന ഹീനമായ ഉദ്ദേശ്യമായിരുന്നു ഈ പ്രവര്‍ത്തനത്തിന്റെ പിന്നില്‍. ഭാരതത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും വളച്ചൊടിച്ച് വികൃതമാക്കുകയും പാരമ്പര്യത്തിനെതിരെ പെരുമാറാന്‍ ഇന്നാട്ടിലെ പുതുതലമുറയെ പ്രേരിപ്പിക്കുകയും ചെയ്ത അക്കൂട്ടര്‍ സേവനവും ജീവകാരുണ്യപ്രവര്‍ത്തനവും ചെന്നായ്ക്കളണിഞ്ഞ ആട്ടിന്തോലാക്കി മാറ്റുകയായിരുന്നു.
ഇത്തരം ദുഷ്പ്രചാരണങ്ങളെ ചെറുത്തവരുണ്ട്. ഹിന്ദുത്വത്തിന്റെ സനാതനത്വം കൊണ്ട് ഈ കടന്നാക്രമണങ്ങളെ അത് അതിജീവിച്ചുകൊള്ളും എന്ന ശുഭാപ്തിവിശ്വാസത്തോടെ മിണ്ടാതിരുന്നവരും ഉണ്ട്. തെരുവില്‍ നടന്ന് പ്രസംഗിച്ചും ലഘുലേഖകളിലൂടെയും പുസ്തകങ്ങളിലൂടെയും ഹിന്ദുദേവീദേവന്മാരെ അപമാനിച്ചും കുരിശുനട്ട് മതംവിളയിക്കാന് നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായിരുന്നു കേണല്‍ മെക്കാളെയുടെ വിദ്യാഭ്യാസ പരിഷ്കാരം മുതല്‍ മിസ് മേയോയുടെ ‘മദര്‍ ഇന്ത്യ’യും മദര്‍തെരേസയുടെ ‘അനുപമമായ’ സേവനപ്രവര്‍ത്തനങ്ങളും വരെ. കോളനിവാഴ്ചയുടെ പ്രേതബാധയില്‍ നിന്ന് തീര്‍ത്തും മുക്തമാകാത്ത മനസ്സുകളെ സുവിശേഷീകരിക്കാനുള്ള വത്തിക്കാന്റെ ആഹ്വാനം ശക്തമായി നിലനില്‍ക്കുമ്പോഴാണ് ഗെയ്ല് ട്രെഡ്വെല് എന്ന ആസ്ട്രേലിയക്കാരി മാതാ അമൃതാനന്ദമയീദേവിക്കെതിരെ രംഗത്തുവരുന്നത്.
രാജ്യത്തൊട്ടാകെ മതംമാറ്റത്തിന് ഇരകളായിത്തീര്‍ന്ന തീരദേശജനതയെ ഹൈന്ദവതയിലുറപ്പിച്ചു നിര്‍ത്തുകയും കരംപിടിച്ചു നടത്തുകയും ചെയ്ത മാതാ അമൃതാനന്ദമയീദേവി അവരുടെ ലക്ഷ്യമാണെന്നറിയാന് വലിയ ഗവേഷണബുദ്ധി ആവശ്യമില്ല. ഗെയ്ല് ട്രെഡ്വെല് ഒരു അധികാരമോഹിയോ എന്തിനെങ്കിലും ആസക്തയോ മാത്രമായിരുന്നില്ലെന്ന് സാരം. അവര്‍ ആഗോളതലത്തില്‍ നടന്ന ഒരു വലിയ ഗൂഢാലോചനയുടെ കണ്ണിയായിരുന്നു. അതുകൊണ്ടുതന്നെയാണ് ട്രെഡ്വെല്ലിന്റെ ‘വിശുദ്ധനരകം’ പുറത്തുവന്ന്, അതുയര്‍ത്തിയ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റ് കണക്കെ കെട്ടടങ്ങി ഒരുവര്‍ഷം പിന്നിടുമ്പോള്‍ പ്രസിദ്ധീകൃതമായ’ശുദ്ധഭ്രാന്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകം പ്രസക്തമാകുന്നത്.
ഹിന്ദുമതത്തിനോ ധര്‍മ്മത്തിനോ പോറലേല്പിക്കാന് ഏതെങ്കിലും നുണപ്രചാരണങ്ങള്‍ക്ക് കഴിയും എന്ന ഭയം കൊണ്ടായിരുന്നില്ല ചട്ടമ്പിസ്വാമികള്‍ ‘ക്രിസ്തുമതച്ഛേദനം’ എന്ന പുസ്തകമെഴുതാന്‍ മുതിര്‍ന്നതും തെരുവില്‍ പ്രസംഗിക്കാന്‍ ശിഷ്യന്മാരെ സജ്ജരാക്കിയതും. വിശ്വാസത്തിനും ജീവിതരീതിക്കും മങ്ങലുണ്ടാക്കുംവിധം പൊതുസമൂഹത്തില്‍ വിഷലിപ്തമായ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ച്, മിഷണറിമാരും പാതിരിമാരും നടത്തിയ മതപ്രചാരണത്തിന് മറുപടി കൊടുക്കുക എന്ന കാലത്തിന്റെ ദൗത്യനിര്‍വഹണമായിരുന്നു അത്. മൂന്നാം സഹസ്രാബ്ദം ഏഷ്യയെ സുവിശേഷീകരിക്കാനാണെന്ന വത്തിക്കാന്റെ മാര്‍ഗനിര്‍ദേശം നിലനില്‍ക്കുന്ന പുതിയകാലത്ത് ക്രിസ്തുമതച്ഛേദനം എത്രമാത്രം പ്രസക്തമാണെന്ന് പറയേണ്ടതില്ല.
വിശ്വാസത്തിനുമേലുള്ള കടന്നാക്രമണങ്ങള്‍ക്ക് മറുപടി പ്രതിരോധമല്ല പ്രത്യാക്രമണമാണെന്ന ചട്ടമ്പിസ്വാമികളുടെ യുക്തിയും ചിന്തയുമുണ്ട് ‘ശുദ്ധഭ്രാന്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന ഗ്രന്ഥരചനയ്ക്ക് പിന്നിലെന്ന് പറയേണ്ടിയിരിക്കുന്നു. ഇടത്, ഇസ്ലാമിക മാധ്യമങ്ങളും ഹിന്ദുവിരുദ്ധരും കൊണ്ടാടിയ ‘അഭിനവ മിസ് മേയോ’ ഗെയ്ല് ട്രെഡ്വെല്ലിന്റെ തനിനിറം എണ്ണിയെണ്ണി അവതരിപ്പിക്കപ്പെടുമ്പോള്‍ പൊളിഞ്ഞുവീഴുന്നത് അമൃതാനന്ദമയീമഠത്തിനും അമ്മയ്ക്കുമെതിരെ വാളോങ്ങിയ ബുദ്ധിജീവി നാട്യക്കാരുടെ ഉടുത്തുകെട്ടലുകളാണ്. ഹിന്ദുത്വത്തിന്റെ പ്രഭാവം എല്ലാ ജനകീയമണ്ഡലങ്ങളിലും കത്തിപ്പടര്‍ന്ന കാലത്താണ് ഹിന്ദുവിരുദ്ധ ശക്തികള്‍ ട്രെഡ്വെല്ലിനെ ആഘോഷിച്ചതെന്നോര്ക്കണം. ചാനല്‍ അഭിമുഖങ്ങളും മാരത്തോണ്‍ ലേഖനങ്ങളുമായി ‘നരക’ത്തില്‍ നിന്ന് രക്ഷപ്പെട്ട ‘മാലാഖ’യെ വാഴ്ത്തുവാന്‍ അവര്‍ തട്ടിക്കൂട്ടിയെടുത്ത സകലമാന ഉരുപ്പടികള്ക്കുമുള്ള മറുപടിയുണ്ട് മൂര്‍ച്ചയുള്ള ഭാഷയില്‍ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുക ശീലമാക്കിയ മുരളി പാറപ്പുറത്തിന്റെ പുസ്തകത്തില്‍. അതുകൊണ്ടുകൂടിയാണ് ഈ പുസ്തകത്തെ ‘അവസരോചിത ഇടപെടല്‍’ എന്ന് അവതാരികയില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് വിശേഷിപ്പിക്കുന്നത്.
‘ഗെയ്ല് ട്രെഡ്വെല്ലിന്റെ പുസ്തകത്തിന് ഒരു തരത്തിലും അമ്മയുടെ മഹത്വത്തെ കളങ്കപ്പെടുത്താനാവില്ല. എന്നാല്‍ അമ്മയെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവരെ ഈ പുസ്തകം വഴിതെറ്റിച്ചേക്കാം’ എന്ന കൃത്യമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണബുദ്ധിയോടെ മുരളി പാറപ്പുറം ഗെയ്ല് ട്രെഡ്വെല്ലിന്റെ ആരും കാണാത്ത ഉള്ളറകള്‍ തെരഞ്ഞത്. മാതാ അമൃതാനന്ദമയിയില്‍ കോടാനുകോടി ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ കരുണയുടെ സന്ദേശമായി മാറിയ ആ ജീവിതം തന്നെ ധാരാളമാണെന്നിരിക്കെ, നുണപ്രചാരണത്തിന്റെ മുനയൊടിക്കാന്‍ അതുന്നയിക്കുന്നവരെ തുറന്നുകാട്ടുകയാണ് ശരിയായ വഴിയെന്ന ഉറച്ചസമീപനം ഇതിന്റെ രചനയില്‍ അദ്ദേഹം അവലംബിച്ചിട്ടുണ്ട്.
ട്രെഡ്വെല് എന്താണ്, എന്തിനാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അവരുടെ ജീവിതത്തില്‍ നിന്നും, അവരോടൊപ്പം സഹകരിച്ചവരില്നിന്നും അന്വേഷിച്ചറിഞ്ഞ്, അതിനെ നിറംപിടിപ്പിക്കാതെ അവതരിപ്പിക്കാന്‍ മുരളി പാറപ്പുറത്തിന് കഴിഞ്ഞിട്ടുണ്ട്. ഒടുവിലത്തെ അധ്യായമായ ‘വിശുദ്ധനരകത്തിന്റെ വിധ്വംസക അജണ്ട’ യിലേക്കെത്തുമ്പോഴേക്ക് കൂടുതല്‍ വിശദീകരണമാവശ്യമില്ലാതെ വായനക്കാരനുമുന്നില്‍ ആ വലിയ ഗൂഢാലോചനയുടെ നിറവും പ്രകൃതവും പ്രത്യക്ഷമാവുകയും ചെയ്യും.
സത്യം ചെരിപ്പിടാന്‍ തുടങ്ങുംമുമ്പ് നുണ ലോകം ചുറ്റിയിരിക്കും എന്നൊരു പ്രസ്താവമുണ്ടെന്നത് ശരിയാണ്. എന്നാല്‍ ലോകം ചുറ്റിയത് നുണയാണെന്ന് സത്യാന്വേഷികള്‍ അതേ ലോകത്തോട് വിളിച്ചുപറയുമെന്നത് കാലത്തിന്റെ സത്യവുമാണ്. ആ സത്യാന്വേഷണദൗത്യമാണ് ശ്രീ ബുക്സിന്റെ പ്രസാധനത്തില്‍ വായനക്കാരുടെ കൈകളിലേക്കെത്തുന്ന ‘ഗെയ്ല് ട്രെഡ്വെല് ശുദ്ധഭ്രാന്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: