ലോകം മാറുകയാണ്. അത് ഭാരതത്തോടൊപ്പം സഞ്ചരിച്ചു തുടങ്ങുന്നു. അവഗണനയുടെ ഇരുള് പടര്‍ന്ന വഴികളില്‍ നിന്ന് ആത്മവിശ്വാസത്തിന്റെ അലകടലിലേക്ക് ലോകമെമ്പാടുമുള്ള ഭാരതീയര്‍ കൈകകോര്ത്തു നീങ്ങുന്നു. ഒരു കാലത്ത് ചിതറിപ്പോയ രാഷ്ട്രശരീരം ഇതാ ഒരു മനസ്സായി ഒത്തുചേരുന്നു. വര്‍ഷം ഒന്ന് പോയിമറയുമ്പോള്‍ ലോകം ഭാരതത്തില്‍ വിലയം പ്രാപിക്കുകയാണ്.
കൂരിരുള്‍ നീങ്ങുകയും പുതിയ പുലരി അണയുകയും വീണ്ടും ഭാരതമൊന്നാവുകയും ചെയ്യുന്ന കാലം ഇപ്പോള്‍ വെറും സ്വപ്നമല്ല. വിശാലഭാരതമെന്നത് ഇന്ന് എവിടെയുമുള്ള ഭാരതീയന്റെ വികാരമാണ്. ഭാരതത്തില്‍ പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ സംഭവിച്ചത് അതാണ്. ‘സാര്‍ക്ക്’ രാഷ്ട്രത്തലവന്മാര് എന്ന് അവര്‍ വിളിക്കുന്ന അഖണ്ഡഭാരതത്തിന്റെ ഭൂപാലന്മാര്‍ തങ്ങളുടെ നായകനെ അനുമോദിക്കാന്‍ എത്തിച്ചേരുകയായിരുന്നു ഇന്ദ്രപ്രസ്ഥത്തില്‍. രാഷ്ട്രസിരാകേന്ദ്രത്തിലെ ഭരണമാറ്റത്തിന്റെ പ്രകമ്പനം തുടികൊട്ടിയത് ലോകമെമ്പാടുമുള്ള ഭാരതീയന്റെ ഹൃദയത്തിലായിരുന്നു. ശിലാജാഡ്യം പിളര്ന്നെത്തുന്ന പെറ്റനാടെന്ന വികാരത്തില്‍ അവന് ശിരസുയര്‍ത്തിപ്പിടിച്ചു. ഒരിക്കല്‍ വിസ നിഷേധിച്ച് വിലക്ക് കല്പിച്ച രാഷ്ട്രത്തില്‍ അവര്‍ ജനനായകന് വരവേല്പ് നല്കി. അമേരിക്കന്‍ ആഢ്യത്വം ആ വരവിന് മുന്നില്‍ നമ്രശിരസ്കരായി. മറ്റൊരിടത്ത് വര്‍ണവെറിയുടെയും വംശീയതയുടെയും അധിക്ഷേപങ്ങള്‍കൊണ്ട് പൊറുതിമുട്ടിയ ആസ്ട്രേലിയയില്‍ ഇതാദ്യമായി ഭാരതീയ സമൂഹം ആത്മവിശ്വാസത്തോടെ തലയുയര്‍ത്തി നിന്നു. ഒരു പത്ത് വര്‍ഷം മുമ്പെങ്കിലും ഇങ്ങനെയൊരു നായകന് തങ്ങളെക്കാണാനെത്തിയിരുന്നെങ്കില് എന്ന് അവര്‍ ഒന്നായി പരിതപിച്ചു.
ഭാരതഹൃദയ സാമ്രാട്ടിനായി ഭൂട്ടാനും ശ്രീലങ്കയും ജപ്പാനും മ്യാന്മറും മാലിയും മൗറീഷ്യസും ഫിജിയും ചൈനയും തങ്ങളുടെ കവാടങ്ങള്‍ തുറന്നുപിടിച്ചു. പേരുകേട്ട ഗാന്ധാരവും ഉപഗണസ്ഥാനവും മനസുകൊണ്ട് ആ വരവിനെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
സമാധാനത്തിന്റെ കൊടിപ്പടങ്ങള്‍ക്ക് മീതെ കൈലാസ് സത്യാര്‍ത്ഥിയുടെയും മലാല യൂസഫ്സായിയുടെയും പേരുകള്‍ എഴുതിച്ചേര്‍ക്കപ്പെട്ടത് ചിലത് വിളക്കിച്ചേര്‍ക്കാനുള്ള ഉപാധിയാണെന്ന് കണ്ടവരുണ്ട്. മലാല അപകടകാരിയാണെന്ന് വിലയിരുത്തിയ താലിബാന്, പെഷവാറില്‍ കുരുന്നുകളുടെ ചോരകൊണ്ട് കടല്‍ തീര്‍ത്ത് അത് അസംഭവ്യമെന്ന് ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു. ‘പാക്കിസ്ഥാന് ഒരു അസംബന്ധമാണെന്നും അതിനെ ഇണക്കിച്ചേര്ക്കാനാവില്ല, ഇല്ലാതാക്കുകയേ വഴിയുള്ളൂ’ എന്നും ദീര്‍ഘദര്‍ശനം ചെയ്ത മഹാന്മാരുടെ വാക്കുകള്‍ ഫലശ്രുതിയിലേക്ക് നീങ്ങുന്നു. ഇതാ കുങ്കുമക്കാടുകള് ചായം പൂശുന്ന കശ്മീരത്തിന്റെ മലനിരകളില്‍ ആ അരുണോദയം തുടങ്ങുകയാണ്.
ലോകം മടങ്ങിവരികയാണ്, അമ്മയുടെ സവിധത്തിലേക്ക്, സ്വന്തം വീട്ടിലേക്ക്, സ്വധര്‍മ്മത്തിലേക്ക്, ആത്മമോക്ഷസാധനമെന്ന് ഋഷീശ്വരന്മാര് കല്പിച്ച യോഗ രാജ്യാതിര്‍ത്തികളെ ഉല്ലംഘിച്ച് മനുഷ്യന്റെ ജീവിതശൈലിയായി മാറുന്നു. വെല്ലുവിളികള്‍ സംഘര്‍ഷത്തിനല്ല, സമന്വയത്തിന്റെയും ജനസേവനത്തിന്റെയും ഉപായങ്ങളാകുന്നു. രാജ്യത്തിന്റെ പ്രധാനസേവകന് ലോകത്തെ ‘ചലഞ്ച്’ ചെയ്യുന്നത് പരിസരം ശുചീകരിക്കാനാണ്.
വിവേകാനന്ദസ്വാമികളുടെ 150-ാം ജയന്തി വര്‍ഷാചരണത്തിന്റെ അവസാനത്തോടെയാണ് ഈ മാറ്റം പ്രകടമാവുന്നത് എന്നത് യാദൃച്ഛികമല്ല. ലോകത്തെ കീഴ്മേല്‍ മറിച്ച വാഗശ്വമേധത്തിന്റെ നായകന്, ഭാരതത്തിന്റെ ആത്മാവ് പ്രപഞ്ചത്തെ കീഴടക്കും എന്ന് പറഞ്ഞത് വെറുംവാക്കായിരുന്നില്ല.
കമ്പോളവും കമ്മ്യൂണിസവും കൈകോര്‍ത്തു പിടിക്കുന്ന പരിഷ്കൃതയുഗത്തിലാണ് സമൂഹം സമാധാനത്തിന്റെ സനാതനപാത തെരഞ്ഞെടുക്കുന്നത്. ഗീബല്‍സുകള്‍ക്ക് മാധ്യമങ്ങള്‍ പകരക്കാരായിട്ടും കമ്മ്യൂണിസ്റ്റ് കമ്പോളശക്തികള്‍ വിജയിക്കുന്നില്ല. ഒരു കാലത്ത് ലോകം പിടിച്ചടക്കാനുള്ള വാശിയോടെ ഉഴറിക്കളിച്ച കമ്മ്യൂണിസ്റ്റ് ശക്തികള്‍ പുറംമോടി നഷ്ടപ്പെട്ട് ജനവിരുദ്ധതയുടെ വികൃതചിത്രങ്ങളായി മാറിയിരിക്കുന്നു. റഷ്യയിലും കംബോഡിയയിലും പോളണ്ടിലും ചൈനയിലും പൊതുസമൂഹം വലിച്ചെറിഞ്ഞ ആ വികൃതാശയം പൂര്‍ണമായും ഭൂമണ്ഡലത്തില്‍നിന്ന് അപ്രത്യക്ഷമാകുന്നു. ബംഗാളിലും കേരളത്തിലും വരെ കമ്മ്യൂണിസ്റ്റുകളും ‘ഘര്‍ വാപ്പസി’ പ്രസ്ഥാനത്തിലാണ് ഇപ്പോള്‍.
ഗീതയും സംസ്കൃതവും യോഗയും ലോകത്തിന്റെ ദര്‍ശനമായി പ്രഖ്യാപിക്കുകയാണ് പുതുവര്‍ഷത്തിന്റെ പുലരി. സ്വാഭാവികമായി ഇത് ദഹിക്കാത്തവര്‍ മറുപുറത്താണ്. ചുറ്റും വളഞ്ഞുനിന്ന് വരിഞ്ഞുമുറുക്കി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അറബ് ഭീകരതയ്ക്കെതിരെ ഇസ്രയേലി ജനതയും ഭരണകൂടവും ആയുധമെടുത്തത് അവര്‍ക്ക് സഹിച്ചില്ല. കുരുന്നുകളെ കുരുതികൊടുക്കുന്ന പലസ്തീന് ഭീകരതയ്ക്ക് മനുഷ്യത്വമെന്ന് പേരുകൊടുത്ത ‘മഹാപണ്ഡിതന്മാര്’ നിരത്തുവക്കുകളില്‍ ഗാസയുടെ രക്തചിത്രങ്ങള്‍ അലങ്കരിച്ചുവെച്ച് ഇസ്രയേലികള്‍ക്കെതിരെ വാളെടുത്തു. ഇസ്ലാമിക ഭീകരര്‍ അറുത്തുതള്ളിയ യസീദികളുടെ ചോരയുടെ നിറവും മണവും മനുഷ്യന്റേതെന്ന് പറയാന്‍ അത്തരക്കാര്‍ക്ക് നാവ് പൊന്തിയിരുന്നില്ല.
അധികാരകേന്ദ്രങ്ങള്‍ക്കെതിരായ ജനകീയപോരാട്ടങ്ങള്‍ എന്ന് ബുദ്ധിജീവി വ്യവസായികള്‍ വ്യാഖ്യാനിച്ചെടുത്ത ഭീകരതയുടെ പോര്‍നിലങ്ങള്‍ ഇപ്പോള്‍ മുഖ്യധാരാ സമൂഹം തിരിച്ചറിയുന്നു എന്നതാണ് നടപ്പുവര്‍ഷത്തിന്റെ പാഠം. പരിസ്ഥിതിയുടെ പേരിലായാലും മനുഷ്യത്വത്തിന്റെ പേരിലായാലും അരാജകത്വം സൃഷ്ടിക്കാനിറങ്ങിത്തിരിക്കുന്നവരെ അറിയാനും ആട്ടിപ്പായിക്കാനും ജനം സജ്ജരാകുന്നുവെന്നതാണ് അതിന് ഏറ്റവും വലിയ തെളിവ്. അരവിന്ദ് കെജ്രിവാള് മുതല്‍ എം. എന്‍. കാരശ്ശേരിവരെയുള്ള ആപ്പുകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച എന്‍ജിഒ രാഷ്ട്രീയ തൊട്ടിലില്‍തന്നെ കെട്ടടങ്ങുന്ന പ്രതിഭാസമുണ്ടായത് പുതുതലമുറയുടെ വികാരാവേശത്തിന്റെ അകക്കാമ്പ് മനസ്സിലാക്കാതെ പോയതുകൊണ്ടാണ്. മുല്ലപ്പൂവിപ്ലവം പോലെയാകും ഉമ്മസമരമുറയെന്ന മാധ്യമവ്യാഖ്യാനങ്ങളും അറിവില്ലായ്മയുടെ ആഴം വെളിവാക്കുന്നതാണ്. ലോകമെമ്പാടും പൊതുസമൂഹം അരാജകത്വത്തിനും അഴിമതിക്കും അധികാരകേന്ദ്രീകരണത്തിനുമെതിരെ ഉള്‍പ്രേരണയുടെ ബലംകൊണ്ടുമാത്രം പ്രതികരിക്കാനിറങ്ങുന്നതായിരുന്നു ഉണര്‍വിന്റെ കാഴ്ച. അവര്‍ മറുപടിനല്‍കിയത് ഭരണകൂടശക്തികള്ക്ക് മാത്രമല്ല, അവരുടെ പിന്നിലും തങ്ങളാണെന്ന് മേനിനടിക്കാനിറങ്ങിയ മാധ്യമവായാടികള്ക്കു കൂടിയായിരുന്നു.
നീതിയുടെ അറ്റം തേടാന്‍ കോടതികള്‍ കൂട്ടുണ്ട് എന്ന സാമാന്യജനത്തിന്റെ ബോധം ജഡ്ജിയേമാന്മാര് മുതല്‍ രാഷ്ട്രീയകച്ചവടക്കാര്വരെയുള്ള പല പകല്‍മാന്യന്മാരെയും പുറത്തുകൊണ്ടുവന്നു. സ്ത്രീശക്തിജാഗരണത്തിന്റെ മറുപുറമായി തട്ടിപ്പിന്റെയും പെണ്‍വാണിഭത്തിന്റെയും അരുംകൊലയുടെയും പിന്നിലും തങ്ങള്‍ പിന്നിലല്ലെന്ന് തെളിയിക്കുംവിധമുള്ള മുന്നേറ്റവും പോയവര്‍ഷത്തിന്റെ തുടര്‍ക്കാഴ്ചകളാണ്. സ്ത്രീസുരക്ഷാനിയമങ്ങളെന്ന പേരില്‍ തെറ്റായി വ്യാഖ്യാനിക്കുന്നതിനെതിരെ പുരുഷശക്തിയും അണിയിടുന്നതാണ് പുതിയകാലം. എല്ലാ മേഖലയിലും ഉണര്‍വാണ്. വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലുമുള്ള ഉണര്‍വ്. അവനവന്റെ അവകാശപോരാട്ടത്തിന് ഇന്ന് ആരും ആരെയും ആശ്രയിക്കുന്നില്ലെന്നതാണ് അതിന്റെ പ്രത്യേകത. ഒരു വലിയ സംഘടിതശക്തി തന്റെ വഴി അടച്ചാല്‍ അതു തുറപ്പിക്കാന്‍ തനിക്കറിയാമെന്ന മലയാളി വീട്ടമ്മയുടെ തന്റേടം അതിന്റെ പ്രതീകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: