മനസ്സിന്റെ ചെമ്പുകുടത്തില്‍ ഓര്‍മയുടെ നാണയത്തുട്ടുകള്‍ കിലുകിലാ കിലുങ്ങുന്നു. ഏതാണ് വാരിയെടുക്കേണ്ടത്? സ്വര്‍ണം, വെള്ളി, ചെമ്പ്, പിച്ചള, എന്നുവേണ്ട കമ്പോടിന്റെ (കളിമണ്‍ കഷണം) ഭാഗം വരെയുണ്ട് കിലുക്കത്തില്‍. സ്വര്ണത്തിനാണല്ലോ പ്രഭ കൂടുതല്‍. എന്നാല്‍ അതുതന്നാകട്ടെ വാരിയെടുക്കേണ്ടത്. ആലോചനകൊള്ളാം. പക്ഷെ വാരിയെടുക്കുമ്പോള്‍ കിട്ടുന്നത് സ്വര്‍ണം മാത്രമാവണമെന്നില്ല.
അപ്പോഴാണ് ഓര്‍ത്തുപോയത്. എന്തേ സ്വര്‍ണത്തിനു മാത്രമൊ ഇത്ര ‘വലുപ്പം’. വില കൂടുതല്‍ ആയേക്കാം. പക്ഷെ മൂല്യം അതിനുമാത്രമോ കൂടുതല്‍. വിലകൊണ്ട് മൂല്യം അളക്കുന്ന ഇക്കാലത്ത് എനിക്ക് തോന്നുന്ന അബദ്ധമല്ലെ ഇത്. വെള്ളിക്ക് അതിന്റേതായ തിളക്കമില്ലേ. നോക്കൂ. കൈയില്‍ കിട്ടിയ പിത്തളയില്‍ ആലേഖനം ചെയ്തിരിക്കുന്ന മുദ്ര. അത് ഒരു ചരിത്രപുരുഷന്റേതാണ്. ആ ആലേഖനം നമ്മെ നയിക്കുന്നത് ആ ചരിത്രത്തിലേക്കല്ലേ.
ചെമ്പ്. ഏറ്റവും നല്ല ഇലക്ട്രോഡ് (വൈദ്യുതചാലകം). ഇത്രയും നല്ല വൈദ്യുതചാലകം വേറെ ഏതാണ്… അപ്പോഴാണ് വാരിയെടുത്തതില്‍ കമ്പോട് (കളിമണ്‍ കഷണം) കിട്ടിയത്. ഒരു വിലയുമില്ല മൂല്യവുമില്ല എന്നുകരുതി. പക്ഷെ മണ്ണ് ചവിട്ടിക്കുഴച്ച് ഈ രൂപം നല്കിയ മനുഷ്യന്റെ വിയര്‍പ്പും കണ്ണീരും സന്തോഷവും ആകാംഷയുമെല്ലാം അലിഞ്ഞുചേര്ന്നിട്ടില്ലേ ഇതില്‍. എന്തിന് ഒരു ജനതയുടെ ജീവിതമല്ലേ ഇത് പറയാതെ പറയുന്നത്. എത്ര മൂല്യവത്താണ്! വിലയല്ല മൂല്യം എന്ന് നമ്മള് മനസ്സിലാക്കി പോകുന്നു. സ്വീകര്‍ത്താവിന്റെ മനഃസ്ഥിതിയും ആവശ്യകതയുമാണ് മൂല്യത്തെ നിര്‍ണയിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത്!
‘സഫലമീയാത്രയിലൂടെ’ ജീവിതം സഫലമാണെന്ന് ഒരു കവി പറഞ്ഞു. ‘ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആര്‍ത്തനാദമാണ് ജീവിതം’ എന്ന് ഒരുകാലത്ത് ക്ഷുഭിതയൗവനങ്ങളെ പ്രതിനിധീകരിച്ച കവിയും പറഞ്ഞുവച്ചു. സ്വന്തം ജീവിതത്തെക്കൊണ്ട് കാലം അളക്കുകയായിരിന്നിരിക്കണം.
അവരുടെ ശരികള്‍ അവര്‍ അറിയിക്കുകയായിരുന്നിരിക്കാം. അതില്‍ ഒരു ശരികേടും ഇല്ല. പക്ഷേ… ആ ശരിയെല്ലാം മറ്റുള്ളവരുടെയും ശരിയെന്ന് വാശി പിടിക്കാതിരിക്കുക. അത്രമാത്രം.
അതുകൊണ്ടായിരിക്കാം നമ്മളും കാലത്തെ അളക്കുന്നത്. ഒരു മധ്യവയസ്കനായ ഞാന്‍ എന്റെ യുവത്വത്തെ ഓര്‍ത്തുപോകുന്നതും അപ്പോഴാണ്.
അന്ന്,
80-90 കാലഘട്ടം. ലോകം നമ്മളെ സാന്ത്വനിപ്പിക്കുകയായിരുന്നു. സമാധാനിപ്പിക്കുകയായിരുന്നു. കലാലയങ്ങള്‍ ചിന്തയുടെയും വായനയുടെയും നിരീക്ഷണങ്ങളുടെയും ആലയമായിരുന്നു. ഓരോ പ്രശ്നത്തിനും കൂടെ നിന്നു. പരീക്ഷയില്‍ തോറ്റാല്‍ പറയും ‘ഇനിയും എഴുതി നന്നായി ജയിക്കാം. വിഷമിക്കണ്ട’ ഇഷ്ടപ്പെട്ട വസ്തു കിട്ടാതെ നിരാശപ്പെട്ടാല്‍ പറയും ”നിനക്കിനിയും അധ്വാനിച്ച് നേടാം. എന്തിന് നിരാശ.” രോഗം വന്നാല്‍ പറയും. ”ഇതൊക്കെ നിസ്സാരം. ഭേദമാക്കാവുന്നതേയുള്ളൂ”.
ആശ്വസിപ്പിച്ച്, പങ്കുചേര്‍ന്ന് ലോകം നമ്മോടൊപ്പം നില്ക്കുന്നതു നാം കണ്ടു. ഇപ്പൊ ആകെ ഭയമാണ്.
കഴിഞ്ഞവര്‍ഷം എന്റെ പരിചയത്തിലുള്ള കുടുംബത്തിലൊരു യുവാവിന് ജോലി ലഭിച്ചു. ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ്. ”കുടുംബ രക്ഷപ്പെട്ടല്ലൊ?” അവരെ കണ്ടപ്പോള്‍ ഞാന്‍ സന്തോഷത്തോടെ പറഞ്ഞു. പ്രതീക്ഷിച്ചത്രയും പ്രകാശം അവരില്‍ കണ്ടില്ല. പകരം പറഞ്ഞു. ”അവന് രക്ഷപ്പെട്ടു. ഇനിയും ഉണ്ടല്ലോ രണ്ടുപേര്‍…”
മുമ്പ് കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി കിട്ടിയാല്‍ കുടുംബം രക്ഷപ്പെട്ടു എന്നു പറയുമായിരുന്നു. ഇപ്പോള്‍ രക്ഷപ്പെടുന്നത് ആ വ്യക്തിമാത്രം! ബാക്കിയുള്ളവര്‍… അപ്പോഴും ഭയപ്പാടിലാണ്.
രോഗത്തെക്കുറിച്ചും മരണത്തേക്കുറിച്ചുമാണെങ്കില് അതിലും വലിയ ഭയപ്പാടാണ്. സാധാരണയിലും കവിഞ്ഞ ഭയം. ‘മരണം രംഗബോധമില്ലാത്ത കോമാളിയാകാം. അതിലും വലിയ കോമാളി വേഷം ആടുകയാണ് ഭയം. ഒരു സമാനതകളുമില്ലാതെ ഏതിനും എന്തിനും ഭയം. മാരകരോഗങ്ങളെക്കുറിച്ചേ ചിന്തിക്കാനുള്ളൂ.
കിത്തൊ ചേട്ടന് ഒരു സംഭവം പറഞ്ഞു. കിത്തൊ ചേട്ടന് ആരെന്നല്ലേ. ആര്‍ട്ടിസ്റ്റ് കിത്തൊ. ഒട്ടേറെ സിനിമകളിലെ ആര്‍ട്ട് ഡയറക്ടറായിരുന്ന ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസറായ കിത്തൊ. ഒരുകാലത്ത് അദ്ദേഹത്തിന്റെ ഓഫീസ് ജോണ്‍ പോള്‍,
കലൂര്‍ ഡെന്നിസ്, ഗോവിന്ദന് കുട്ടി, ഐ.വി.ശശി തുടങ്ങിയ സിനിമാക്കാരുടെ ഇടത്താവളമായിരുന്നു. ഞങ്ങള്‍ അടുപ്പക്കാരാണ്. സഹോദര തുല്യം അദ്ദേഹം എന്നെ സ്നേഹിക്കുന്നു. അതിരിക്കട്ടെ. പറഞ്ഞത് വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ സംഭവമാണ്.
അദ്ദേഹത്തിന്റെ സുഹൃത്തിന് കാന്‍സര്‍. മരണം സുനിശ്ചിതം. വിഷമത്തോടെ കിത്തൊ ചേട്ടന് കാണാന്‍ പോയി. അസുഖം അറിഞ്ഞിട്ടു വന്നതല്ല. പകരം ഒരു സ്വാഭാവിക സന്ദര്‍ശനം എന്നുവരുത്തിത്തീര്‍ക്കാന്‍ ശ്രമം.
പക്ഷെ, സുഹൃത്ത് നിരാശിതനായിരുന്നില്ല. സന്തോഷത്തോടെ അയാള്‍ പറഞ്ഞത്രെ. ”കിത്തൊയെ ഞാന്‍ കാത്തിരിക്കുകയായിരുന്നു. എടോ എനിക്ക് കാന്‍സറാണ്. എപ്പൊ വേണമെങ്കിലും പോകാം.” പിന്നെ, അകത്തേക്കു തിരിഞ്ഞ് ഭാര്യയെ വിളിച്ച് അയാള്‍ പറഞ്ഞു. ”കിത്തൊ വന്നിട്ടുണ്ട്. ചായ എടുത്തോ….” നാലോ അഞ്ചൊ മിനിറ്റ് അയാളുടെ കാര്യം പറഞ്ഞു. ബാക്കി സമയം മുഴുവന്‍ മറ്റ് ലോകരാജ്യങ്ങള്‍ ചായയോടൊപ്പം നുണഞ്ഞു.
തികച്ചും സ്വാഭാവികതയോടെ. വിനോദയാത്രയ്ക്ക് (അതോ തീര്ത്ഥയാത്രയ്ക്കൊ) പോകാന്‍ തയ്യാറായി വണ്ടിയും കാത്തിരിക്കുന്നവനെപ്പോലായിരുന്നുപോലും അയാള്‍. പിറ്റേ ആഴ്ച ആ സ്നേഹിതന് സ്വാഭാവികമായി മരിക്കുകയും ചെയ്തു. ഉത്കണ്ഠപ്പെടാതെ…ഭയക്കാതെ.
‘ചിരിച്ചാലും മരിക്കും കരഞ്ഞാലും മരിക്കും. എങ്കില്‍ ചിരിച്ചോണ്ട് മരിച്ചൂടെ’ എന്ന കമലാഹാസന് സിനിമയിലെ ഗാനവരിപോലെ…
പക്ഷെ കഴിഞ്ഞയാഴ്ച കണ്ട എന്റെ പരിചയക്കാരന് ഖിന്നനായിരുന്നു. അയാളുടെ ഭാര്യയുടെ മോണയില്‍ ഒരു പാട്. കാന്‍സറാണെന്നും പറഞ്ഞ് ഭാര്യ കരച്ചിലോടുകരച്ചില്‍. ”വൈറ്റമിന്റെ കുറവൊ മറ്റൊ ആയിരിക്കും. ഡോക്ടറെ കാണിക്കൂ” ഞാന്‍ പറഞ്ഞു. പക്ഷെ ഭാര്യ വഴങ്ങുന്നില്ലത്രെ. പരിഭ്രമിച്ചു വശായി മരണം വരുന്നൂ എന്ന് പറഞ്ഞിരിക്കുകയാണുപോലും അവര്‍.
ഞാന്‍ ഓര്‍ത്തുപോയി. ടാഗൂറിന്റെ പോസ്റ്റുമാന് എന്ന വിഖ്യാത കഥ. നല്ലവനായ പോസ്റ്റുമാന്. അയാള്‍ക്ക് ഒരു ദിവസം മേലധികാരിയുടെ കത്തു ലഭിക്കുന്നു. അതു തുറന്നുനോക്കാന്‍ ഭയപ്പെടുന്ന പോസ്റ്റുമാന് കാര്യമറിയാതെ ഉത്കണ്ഠപ്പെടുകയാണ്. കത്തു തുറന്നു നോക്കിയാല്‍ പ്രശ്നം തീര്‍ന്നു. പക്ഷെ…. ഒടുവില്‍ അയാള്‍ കത്തു തുറന്നു നോക്കുന്നുണ്ട്. സന്തോഷിപ്പിക്കുന്ന വാര്‍ത്തയായിരുന്നു അതില്‍!
ഇന്നലെ ആ പരിചയക്കാരനെ വീണ്ടും കണ്ടു. അയാള്‍ പറഞ്ഞു. സാര്‍ പറഞ്ഞത് ശരിയായിരുന്നു. ”തല്ലിക്കൊട്ടി” ഞാന്‍ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി. നിസ്സാരകാര്യം.”
കഴിഞ്ഞ രണ്ടാഴ്ചമുമ്പാണ് എന്റെ സുഹൃത്തിന്റെ ജ്യേഷ്ഠന്റെ ഭാര്യ മരിച്ചത്. അവര്‍ക്ക് കാന്‍സറായിരുന്നു. സെക്കന്റ് സ്റ്റേജ്. രക്ഷപ്പെടാന്‍ എളുപ്പം. ചികിത്സ തുടങ്ങി. ഒരുനാള്‍ ഡോക്ടര്‍ അവരെ മുറിയില്‍ വിളിച്ച് അസുഖം എന്താണെന്ന് അറിയിച്ചു. തകര്‍ന്നുപോയി. ഭയന്നുപോയി. നാലുദിവസത്തിനകം മരിച്ചു. മരിച്ചത് കാന്‍സര്‍ മൂലമായിരുന്നില്ല. ഹൃദയത്തിന്റെയും കരളിന്റെയും പ്രശ്നം മൂലം, ഭയന്നത് ഒന്നിന്… നടന്നത് വേറൊന്നുകൊണ്ട്.
ഭയക്കാതിരുന്ന ആളായിരുന്നു കേരളത്തിലെ പ്രശസ്തമായ (ഇപ്പോഴും) ജാം കമ്പനിയിലെ പ്രായമേറിയ മുതലാളി. തളര്‍വാതം പിടിപെട്ടു. തളര്‍ന്നു. ഡോക്ടര്‍ നേരെ നോക്കി വിധി പറഞ്ഞു. ”ഇനി എഴുന്നേറ്റു നടത്താന്‍ പറ്റീന്നു വരില്ല.” അദ്ദേഹം ഡോക്ടറെ നോക്കി പറഞ്ഞു. ”ഡോക്ടര്‍ ചെറുപ്പമല്ലെ. വെറുതെ പറയുന്നതാ. ഞാന്‍ നടക്കും. ഡോക്ടര്‍ക്കു കാണാം.” ഡോക്ടര്‍ പറഞ്ഞു. ”ഇതു ചെറുപ്പത്തിന്റെ കാര്യമല്ല രോഗത്തിന്റെതാണ്.” പക്ഷെ… പതിനെട്ടു ദിവസംകൊണ്ട് അയാള്‍ നടന്ന് ഡോക്ടറെ കാണിച്ചു.
പരീക്ഷയ്ക്ക് കുട്ടി തോറ്റാല്‍…അവന് ഭയന്നു. തളര്‍ന്നു. തന്റെ ലോകം തനിക്ക് നഷ്ടപ്പെട്ടു എന്നു കരുതി ആത്മഹത്യ പരിഹാരമാക്കുന്നു. ഇഷ്ടവസ്തു കിട്ടാതായാല്‍ ഭയന്നിട്ടോ നിരാശയിലോ പ്രതികാരത്താലോ കഴുത്തില്‍ കുരുക്കിടുന്നു. ‘ഇഷ്ടം’ മനസ്സിന്റെ ഒരു കല്‍പ്പനയാണെന്നു പറഞ്ഞ് ആരാ നമ്മെ ആശ്വസിപ്പിക്കുക. പ്രതീക്ഷയുടെ തിരികൊളുത്തുക. എല്ലാവരും ഭയത്തിലല്ലെ.
ചെറിയ പനിക്കുപോലും വലിയ ടെസ്റ്റു നടത്തി ഭയപ്പെടുത്തുന്ന ആതുരാലയങ്ങള്‍! സേവകര്‍! നെഞ്ചുവേദനയ്ക്ക് ഹാര്‍ട്ട് അറ്റാക്കിലേക്കും വയറുവേദനയ്ക്ക് കാന്‍സറിലേക്കും മൂത്രച്ചുടിച്ചിലിന് പോസ്ട്രേറ്റിലേക്കും നീര്‍ക്കെട്ടിന് കിഡ്നി രോഗത്തിലേക്കും സ്വപ്നം കണ്ട് അങ്ങനെ… അങ്ങനെ ഭയം സ്വീകരിക്കുന്നവര്‍.
എന്നാല്‍ ഒരു പ്രമുഖനായ രാഷ്ട്രീയ നേതാവിന് ബ്രെയിന്‍ ട്യൂമറായിരുന്നു. പത്ര സമ്മേളനത്തിനിടെ പത്രക്കാരാരെങ്കിലും അദ്ദേഹത്തോട് ട്യൂമറിനെ കുറിച്ചു ചോദിച്ചാല്‍ പറയുക ഇങ്ങനെയായിരുന്നു. ”ശരിയാ… എനിക്ക് ട്യൂമറാണ്. പക്ഷേ… ഇവിടെ അതല്ലല്ലോ വിഷയം. ആരും മരിക്കാം. എങ്ങനെയും മരിക്കാം. പിന്നെന്താ ട്യൂമറിന് പ്രത്യേക വിശേഷം.”
കേരളത്തിലെ വലിയൊരു പബ്ലിഷിങ് പ്രസ്ഥാനത്തിന്റെ ഉടമസ്ഥന്. സമയം കൃത്യമായി വിനിയോഗിക്കാന്‍ ശ്രമിച്ചിരുന്ന ആള്. വെള്ളമുണ്ടും ഷര്‍ട്ടും അണിഞ്ഞ് തന്റെ കറുത്ത ബാഗ് വയറില്‍ അമര്‍ത്തിപ്പിടിച്ച് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്നത് ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. വയറുവേദന സഹിക്കാനാവാതെ നില്‍പ്പ്. ഉദരാര്ബുദത്താല് അദ്ദേഹം മരിച്ചു. പക്ഷെ മരണം വരെ അദ്ദേഹം കര്‍മനിരതനായിരുന്നു. ഉത്കണ്ഠപ്പെട്ടില്ല. ഭയപ്പെട്ടില്ല.
എന്നാലും പല കാര്യങ്ങളിലും നാം ഭയപ്പെടുകയാണ്. ലോകം നമ്മെ ഭയപ്പെടുത്തുകയാണ്. കാരണം നമ്മുടെ ചിന്ത മുഴുവനും നമ്മെ പറ്റി മാത്രമായി. എനിക്ക് അസുഖം വരുമോ. ഞാന്‍ എങ്ങനെ മരിക്കും. എന്നെ അയാള്‍ വഞ്ചിക്കുമോ. ഞാന്‍ കരുതിവെച്ചതു നഷ്ടപ്പെടുമോ. വാര്‍ദ്ധക്യത്തില്‍ നടതള്ളുമോ. ഞാന്‍ എന്തു ചെയ്യും… ഞാന്‍… ഞാന്‍…
ഏത് അമ്മയും ചിന്തിച്ചിരുന്നത് മക്കളെക്കുറിച്ചായിരുന്നു. അതുകൊണ്ടവര്‍ അവരെക്കുറിച്ച് ഭയന്നില്ല.
മക്കളെക്കുറിച്ച് സ്വപ്നം കണ്ടു പ്രവര്‍ത്തിച്ചു. ഏതു ഗൃഹനാഥനും ചിന്തിച്ചിരുന്നത് കുടുംബത്തെക്കുറിച്ചായിരുന്നു. കുടുംബ പുരോഗതിക്കയാള് പ്രവര്‍ത്തിച്ചു. അയാളെക്കുറിച്ചോര്‍ത്ത് അയാള്‍ ഭയന്നില്ല. ഏതു യുവാവും ചിന്തിച്ചിരുന്നത് ലോകത്തെക്കുറിച്ചായിരുന്നു. അതുകൊണ്ടയാള്‍ പ്രവര്‍ത്തിച്ചു. ‘തന്നെ തന്നെ മാത്രം’ ഓര്‍ക്കാതെ വളര്‍ന്നു.
ഒരു പൂവിരിയുംപോലെ ജനിച്ച് ഒരു പൂകൊഴിയുംപോലെ ലാഘവത്തോടെ മരിച്ചവര്‍! അമ്മയാകുന്നത് ജന്മസാഫല്യം എന്ന് കരുതിയവര്‍ (ഇന്ന് പലരും ശാപമായി കരുതുന്നു. എന്തു ചെയ്യാം വയറ്റില്‍ കത്തിവയ്ക്കേണ്ടിവരുന്നു.) മരണം സ്വാഭാവികമായി കരുതിയവര്‍ (ഇന്ന് മരണവുമായി പിടിവലി നടത്താന്‍ വെന്റിലേറ്ററില്‍ കയറി പരാജയപ്പെടുന്നു.)
കാശിക്കു പോയാല്‍ ‘ഇഷ്ടവസ്തു’ ഒന്ന് ഒഴിവാക്കേണ്ടിവരുമത്രെ! പണ്ട് പലരും പലവട്ടം കാശിക്കുപോയി. ഓരോ തവണകളായി ഇഷ്ടവസ്തുക്കള്‍ ഒഴിവാക്കി. ഒടുവില്‍ കാശിക്കുപോയി ഇഷ്ടദേഹം തന്നെ ഒഴിവാക്കിയിരുന്നു
.
എത്ര ത്യാഗ സന്നദ്ധത… മദാന്തത… ഈ ഭയം മുഴുവനും ‘തന്നെ തന്നെ ചിന്തിച്ചു’കൊണ്ടിരിക്കുന്നതുകൊണ്ടാകാം. സ്വാര്‍ത്ഥത കുറച്ച് ലോകത്തെക്കുറിച്ചു ചിന്തിക്കാനും പ്രകൃതിയെ സ്നേഹിക്കുവാനും അത്യാവശ്യത്തില്‍ കവിഞ്ഞത് ഒഴിവാക്കാനും ശ്രമിച്ചാല്‍ ഭയം മാറുമായിരിക്കാം. അല്ലേ. ലോകം നശിച്ചാലും ഞാനും എനിക്കിഷ്ടപ്പെട്ടവരും വേണമെന്നു ശഠിച്ചാലോ?
എങ്കില്‍ ഈ ലോകം ഭയപ്പെടുത്തിക്കൊണ്ടേ ഇരിക്കും. കഴിഞ്ഞകാലം നമ്മെ സാന്ത്വനിപ്പിച്ചു. വരുംകാലം ചിലപ്പോള്‍ ഇങ്ങനെപോയാല്‍ ആക്രോശിക്കാനും ആക്രമിക്കാനും തുടങ്ങിയേക്കാം. ഇങ്ങനെയ്ക്ക് അങ്ങനെയല്ലെ തുടര്‍ച്ച.
നുറുങ്ങുകള്‍:
മരണാസന്നനായ വൃദ്ധന് അന്ത്യകൂദാശ കൊടുക്കാനെത്തിയ അച്ചന് പറഞ്ഞു: കഷ്ടപ്പെട്ട ആളാണ്. സ്വര്‍ഗരാജ്യം ഈ അപ്പാപ്പന് കിട്ടും.
ബോധം തെളിഞ്ഞ വൃദ്ധന് പറഞ്ഞു. മരിച്ചാലല്ലേ രാജ്യം. എനിക്കിപ്പ അതു വേണ്ടച്ചോ… മരിക്കാനെനിക്കു മനസ്സില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: