ഇരുപതാം നൂറ്റാണ്ടില്‍ ജാതിമത ഭേദമന്യേ ഏവര്‍ക്കും സംസ്കൃതപഠനത്തിന് വഴിയൊരുക്കിക്കൊണ്ട് സാഹിത്യനഭസ്സില്‍ ഉദിച്ചുയര്‍ന്ന പുന്നശ്ശേരി നീലകണ്ഠശര്മ്മയെന്ന സൂര്യതേജസ്സിന്റെ ശിക്ഷണത്തില്‍ ഉജ്ജ്വലിച്ച നക്ഷത്ര ദീപ്തിയാണ് വാസുദേവന്‍ മൂസ്സത്. ആറ് ദശാബ്ദങ്ങളോളം കേരളത്തില്‍ സംഭവിച്ച സാഹിത്യപരവും സാംസ്കാരികവുമായ നവോത്ഥാനത്തില്‍ വാസുദേവന്‍ മൂസ്സത് വഹിച്ച പങ്ക് എന്താണെന്ന് ഇനിയും ചര്‍ച്ച ചെയ്തിട്ടില്ല. നവോത്ഥാന നായകന്മാരില് നേതൃപീഠത്തില് കാണപ്പെടുന്നവരുടെ തൊട്ടടുത്തു തന്നെ സന്നിഹിതനായിരുന്ന കെ.വി.എം തന്റെ സഹജമായ വിനയത്താല്‍ നേതൃപദവി അവകാശപ്പെടാതെ നേതാക്കളുടെ സഹായിയും സുഹൃത്തുമെന്ന നിലയില്‍ പലപ്പോഴും രണ്ടാമത്തെ വരിയില്‍ ഒതുങ്ങികൂടുകയാണ് ഉണ്ടായത്.
അദ്ദേഹത്തിന്റെ ആത്മകഥയെ അടിസ്ഥാനമാക്കി ചിലകാര്യങ്ങള്‍ മനസ്സിലാക്കുമ്പോഴാണ് ആ വ്യക്തിപ്രഭാവം കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുക. അദ്ദേഹത്തിന്റെ സുഹൃദ് വലയം അത്രമേല്‍ വിശാലമായിരുന്നു.. വെള്ളാനശ്ശേരി വാസുണ്ണി മൂസ്സത്, മാനവിക്രമന്‍ ഏട്ടന് തമ്പുരാന്, ഏ.ആര്.രാജരാജവര്‍മ്മ, സര്.സി.ശങ്കരന് നായര്‍, ആര്.വി.കൃഷ്ണനാചാര്യര്‍, പി.എസ്.അനന്തനാരായണ ശാസ്ത്രികള്‍, ടി.കെ.കൃഷ്ണമേനോന്, കുമാരനാശാന് എന്നു തുടങ്ങി കര്‍മ്മ മണ്ഡലങ്ങളില്‍ മായാത്ത മുദ്ര പതിച്ച പലരേയും നമുക്ക് ഈ സൗഹൃദ ഭൂമികയില്‍ കാണാന്‍ കഴിയും. കുഞ്ഞുകുട്ടന് തമ്പുരാന്, വള്ളത്തോള്‍, കുണ്ടൂര്‍, കുറ്റിപ്പുറം, അപ്പന് തമ്പുരാന്, ആറ്റൂര്‍, കെ.എം.പണിക്കര്‍, എം.ആര്.കെ.സി, വി.സി.ബാലകൃഷ്ണപണിക്കര്‍ തുടങ്ങിയ പല സാഹിത്യകാരന്മാര്ക്കൊപ്പവും കെ.വി.എം ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിനയമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തനാക്കിയത്. അതോപോലെതന്നെ തളര്ച്ചയറിയാത്ത പരിശ്രമശീലം. ഗുരുകുലത്തില്‍ നിന്നു പഠിച്ച ‘ഉത്സാഹ ലഭതേ കാര്യം’ എന്ന തത്ത്വം ജീവിതത്തില്‍ പകര്‍ത്തിയ അദ്ദേഹം സംസ്കൃതത്തില്‍ മഹാ പണ്ഡിതനും അര്‍ത്ഥശാസ്ത്രം, സാഹിത്യ ദര്‍പ്പണം, അഗ്നിപുരാണം മുതലായവയുടെ വിവര്‍ത്തകനും ആയിരുന്നു. എന്നാല്‍ അക്കാലത്തെ പണ്ഡിതന്മാര് സര്‍വ്വോപരി കാര്യമായി കണക്കാക്കി വന്ന ശാസ്ത്രപാണ്ഡിത്യം നേടുവാന്‍ മെനക്കെട്ടില്ല എന്നതാണ് വാസ്തവം.
പാണിനീയം പഠിക്കാതെ തന്നെ അദ്ദേഹം വിശാലമായ സാഹിത്യ പരിചയത്തിന്റെ ബലത്തില്‍ വ്യാകരണ പണ്ഡിതനായിത്തീര്‍ന്നു. ഗുരുനാഥന് പലപ്പോഴും പല പ്രയോഗങ്ങള്‍ക്കും വ്യാകരണ സാധുത ഇല്ലെന്ന് പാണിനീയം അടിസ്ഥാനമാക്കി പറയുമ്പോള്‍ മറ്റു പല പ്രയോഗങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് അതിന്റെ സാധുത വ്യക്തമാക്കി ഗുരുനാഥനെ അമ്പരിപ്പിക്കാറുണ്ടത്രേ ഈ മനീഷി. അത്രമാത്രം സാഹിത്യപരിചയം അദ്ദേഹത്തിന് കൈമു തലായിരുന്നെന്ന് സാരം. സ്വപരിശ്രമത്താല്‍ തമിഴില്‍ വൈദഗ്ദ്ധ്യവും ഇംഗ്ലീഷില്‍ പ്രായോഗിക പരിജ്ഞാവും അദ്ദേഹം നേടി. ചെറുകഥ, നോവല്‍, നാടകം, നിരൂപണം, ഉപന്യാസം, കവിത തുടങ്ങി സാഹിത്യത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അദ്ദേഹം വ്യാപരിച്ചു. ഡിറ്റക്ടീവ് നോവലുകള്‍ വരെ എഴുതിയിട്ടുണ്ടെന്നറിയുമ്പോഴേ ആ പാണ്ഡിത്യത്തിന്റെ ആഴം മനസ്സിലാവൂ.
പല ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപ സ്ഥാനവും അദ്ദേഹം വഹിച്ചു. താനെഴുതിയ കൃതികളുടെ പൂര്‍ണ്ണമായ ഒരു പട്ടിക നല്കുവാന് അദ്ദേഹത്തിന് വാര്‍ധക്യസഹജമായ പ്രശ്നങ്ങളാല്‍ സാധ്യമായിരുന്നില്ല. നിരന്തരവും നിസ്തന്ദ്രവുമായ ഈ സാഹിത്യ പരിശ്രമം ലാഭേച്ഛാപ്രേരിതവുമായിരുന്നില്ല. അദ്ദേഹത്തിന്റെ കൃതികള്‍ പലതവണ സ്കൂളുകളില്‍ പാഠ്യപുസ്തകങ്ങളായി നിര്‍ദ്ദേശിക്കപ്പെട്ടപ്പോഴും മെച്ചമുണ്ടായത് പ്രസാധകര്‍ക്കു മാത്രമായി രുന്നു. എളിയ മട്ടില്‍ ഒതുങ്ങി ജീവിച്ചിട്ടും നിത്യവൃത്തി സാഹിത്യസേവനം കൊണ്ടു സാധ്യമല്ലാതെ വന്നപ്പോള്‍ ഇടയ്ക്ക് അദ്ദേഹം അധ്യാപകജോലി സ്വീകരിച്ചു. അവസാനകാലത്ത് അദ്ദേഹത്തിന്റെ ജീവിതം അല്പമെങ്കിലും ക്ലേശവിമുക്തമായത് കേന്ദ്രസര്‍ക്കാരിന്റെ ഒരു ചെറിയ സഹായധനം ലഭിച്ചതുകൊണ്ടാണ്. ഇങ്ങനെ ദാരിദ്ര്യത്തോട് ചിരകാലംപൊരുതേണ്ടി വന്നിട്ടും വിദ്യാ തൃഷ്ണയല്ലാതെ ധനതൃഷ്ണയെന്നത് അദ്ദേഹത്തില്‍ വേരുപിടിച്ചു വളര്‍ന്നില്ല.
ആരില്‍ നിന്നും അപ്രീതി നേടാത്ത വാസുദേവന്‍ മൂസ്സത് സാഹിത്യത്തില്‍ പഴമയുടെ പക്ഷത്തായിരുന്നുവെങ്കിലും, പുത്തന്‍ കൂറുകാരോട് അദ്ദേഹത്തിനു എതിര്‍പ്പോ, വിദ്വേഷമോ, അസഹിഷ്ണുതയോ ഇല്ലായിരുന്നു. പല ഗ്രന്ഥങ്ങളേയും ഖണ്ഡനപരമായി വിമര്‍ശിക്കേണ്ടി വന്നപ്പോഴും വിമര്‍ശ വിഷയമായിത്തീര്‍ന്ന ഗ്രന്ഥങ്ങളുടെ രചയിതാക്കള്‍ക്ക് തന്നോടു വിരോധം തോന്നാതെ നോക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തന്നേക്കാള്‍ പ്രായവും പാണ്ഡിത്യവും എത്രയോ കുറവായവരോടുകൂടി സമനിലയില്‍ പെരുമാറാന്‍ തക്കവണ്ണം വിശാലമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. മലയാള സാഹിത്യത്തിലാകട്ടെ അദ്ദേഹം ഒരു അജാതശത്രുവുമായിരുന്നു.
തന്റെ കവിതയെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പറയുന്നു. ”കവികളൊക്കെ കവിത യുള്ളവരാകില്ല. കവിതയുള്ളവരെല്ലാം കവികളാകുകയുമില്ല.
ഈ രണ്ടാം തരത്തില്പ്പെട്ടവനാണ് ഞാന്‍. ഞാനൊരു കവിയല്ല. എന്നാല്‍ എനിക്കുമുണ്ട് കവിത”. കവിത തൊട്ടു തീണ്ടിയി ട്ടില്ലാത്തവര്ക്ക് ഒന്നാന്തരമൊരു വിമര്‍ശനമാണ് ആത്മാംശാപരമായ ഈ പ്രസ്താവന.
വാസുദേവന്‍ മൂസ്സതിനെ എഴുത്തിനിരുത്തിതയതുതന്നെ ഏഴാം വയസ്സിലായിരുന്നു. നിലത്തെഴുത്ത് കഴിഞ്ഞ് ഓലയില്‍ക്കൂടി അഷ്ടകം മുതലായവ കാണാപ്പാഠമാക്കിയതിനു ശേഷം എഴുത്തച്ഛന്റെ രാമായണം, ഭാരതം, നമ്പ്യാരുടെ തുള്ളല്‍ കൃതികള്‍, ശ്രീകൃഷ്ണചരിതം, മണിപ്രവാളം മുതലായവ ഗൃഹത്തില്‍ വെച്ചും സിദ്ധരൂപം, ശ്രീരാമോദന്തം തുടങ്ങിയവ ഗുരുവായ എളവള്ളി ശങ്കരന് നായരുടെ സന്നിധിയില്‍ വെച്ചും പഠിച്ചു. അതോടുകൂടി ‘ശ്ലോക’ങ്ങളില്‍ ഒരു വാസന ഉദിച്ചു. ഇത് അദ്ദേഹത്തെ അക്ഷരശ്ലോകം ചൊല്ലുന്നതില്‍ കമ്പക്കാരനാക്കി. ശങ്കരന് നായരുടെ നിര്‍ദ്ദേശപ്രകാരം പന്ത്രണ്ടാമത്തെ വയ സ്സില്‍ സംസ്കൃതഭാഷയും വിഹാര രംഗമായ പുന്നശ്ശേരി ഗുരുകുലത്തില്‍ പ്രവേശനം നേടുവാ നുമുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചു.
അവിടുത്തെ പഠനവും ഉത്സാഹവുമാണ് മൂസ്സതിനെ വളര്‍ത്തിയത്. അഞ്ചുമൂര്‍ത്തി ക്ഷേത്രമായ തിരുമിറ്റക്കോട്ടമ്പലത്തിന്റെ മുന്‍ഭാഗത്തുകൂടി വളഞ്ഞു പുളഞ്ഞൊഴുകുന്ന ഭാരതപ്പുഴയുടെ കടവു കടന്ന് ഏകദേശം അഞ്ചു നാഴിക കാല് നടയായി നടന്നെങ്കിലേ ഗുരുസന്നിധിയില്‍ എത്തിച്ചേരൂ. ഈ ക്ലേശം അല്‍പ്പം പോലും അദ്ദേ ഹത്തിന് അതൃപ്തി ഉളവാക്കിയിട്ടില്ല. വെറുതെ നടക്കുമ്പോള്‍, ദൈവസന്നിധിയില്‍ പ്രവേശിക്കുമ്പോള്‍, വിശേഷിച്ചു വല്ലതും അനുഭവപ്പെടുമ്പോള്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ തന്നെത്തന്നെ മറന്നുപോവുകയും മനസ്സില്‍ എന്താണെന്ന് പറയുവാന്‍ കഴിയാത്ത എന്തോ ഒന്ന് പൊങ്ങി പുറപ്പെടുന്നതുപൊലെ തോന്നുകയും ചെയ്തിരുന്നു എന്നദ്ദേഹം സാഹിത്യസൗഹിത്യത്തില് പറയുന്നുണ്ട്. പഠിക്കുന്ന കാലത്ത് ഒരിക്കല്‍ മാതൃഗൃഹത്തിലെ പരദേവതയായ ഭദ്രകാളിയുടെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു ചെന്നു. അപ്പോഴാണ് അതുവരെ വെറുമൊരു ഉറുമ്പിന്റെ രൂപത്തില്‍ ഇഴഞ്ഞു നടന്നിരുന്ന കവിത ചിറകുവെച്ചു പറന്നതെന്നും അദ്ദേഹം പറയുന്നു.
ആവി : പ്രമോദമടിതാര് മടിയാതെ കണ്ടു
സേവിപ്പവര്ക്കഖില സല്ഗുണവും വരുത്തി
ഭൂവില്പരം പുകള്‍ പെരുത്ത പനങ്കുറിശ്ശി
ക്കാവില്‍ ക്കനിഞ്ഞരുളുമമ്മ വരം തരട്ടെ.
അമ്മ വരം കൊടുത്തതിനാലാണോ എന്നറിയില്ല അന്നു മുതല്‍ മലയാളത്തില്‍ കുറെശ്ശെ ശ്ലോകങ്ങള്‍ എഴുതാന്‍ അദ്ദേഹത്തിന് ധൈര്യമുണ്ടായി. ആദ്യം ഈശ്വര വിഷയമായിട്ടുള്ള പദ്യങ്ങളാണ് രചിച്ചത്. പിന്നീടത് ശൃംഗാര ശ്ലോകങ്ങളായി രൂപാന്തരപ്പെട്ടു. മംഗള പദ്യങ്ങള്‍, വിവാഹാശംസകള്‍, ചരമശ്ലോകങ്ങള്‍ മുതലായവയും എഴുതുവാന്‍ തുടങ്ങി. രഘുവംശം, മാഘം, നൈഷധം, ശാകുന്തളം, ഉത്തര രാമചരിതം തുടങ്ങിയ സാഹിത്യ നിബന്ധങ്ങള്‍ പരിചയിച്ചതോടുകൂടി അദ്ദേഹത്തിന്റെ കവിത മലയാള ഭാഷയെ വിട്ട് സംസ്കൃത ഭാഷയിലേക്കു കടന്നു.
ഭവ്യായ ഭൂയാദ് ഭവതാം ഭവസ്യ
സവ്യാങ്ക സൗഭാഗ്യ സമൃദ്ധി ഭൂമാ
ദിവ്യാംഗനാ കാചന കാമിതാര്ത്ഥാ
നവ്യാഹതം സംദദതീ ജനാനാം.
എന്നിങ്ങനെ സജാതീയ ദ്വീതീയാക്ഷര പ്രാസത്തോടു കൂടിയും
ആദൗ മഹത്ത്വം പ്രതിപദ്യമാനാ
സംക്ഷീയമാണാ ക്രമശ : പരസ്താല്‍
അദര്‍ശനം യാതി നരസ്യ ലക്ഷ്മീ –
ര്ജ്ജലേ സ്ഫുരന്തീ വലയാവലീവ
എന്ന മട്ടില്‍ അലങ്കാര സംനിവേശത്തോടുകൂടിയുള്ള പദ്യങ്ങള്‍ ഒട്ടേറെ അദ്ദേഹം രചിക്കുകയുണ്ടായി. അത്തരം ശ്ലോകങ്ങള്‍ ചുരുങ്ങിയത് മുന്നൂറെങ്കിലും കാണും. കവിതയെപ്പറ്റി അദ്ദേഹത്തിന്റെ മറ്റൊരു നിരീക്ഷണം ഇങ്ങനെയാണ്. കവിത ഉണ്ടാവുകയല്ലാതെ ഉണ്ടാക്കുക ഞെരുക്കമാണ്. ഹൃദയം പ്രസന്നമായിരിക്കുന്ന സമയത്താണ് കവിത ഉടലെടുക്കുന്നത്. ചിലപ്പോള്‍ ആ അലയടി തനിയെ നിലയ്ക്കുകയും ചെയ്യും. അങ്ങനെയുള്ള ഒരു ദിവസം ഒന്നോ രണ്ടോ മണിക്കൂറു നേരം രാമവിലാപം എന്നൊരു കവിത എഴുതുവാന്‍ തോന്നി. വളരെ എളുപ്പത്തില്‍ ഇരുപതു ശ്ലോകങ്ങള്‍ വരികയും ചെയ്തു. ക്രമത്തില്‍ ഹൃദയസ്ഥിതിക്കു വ്യത്യാസം വന്നു. കവിത പിന്നെ വരാതെയായി. ആ കവിത കാണുവാനിടയാ .പി.വി.കൃഷ്ണവാരിയര്‍ മുതലായവരുടെ പ്രേരണയാല്‍ പിന്നീട് അതു മുഴുവനാക്കുന്നതിനു നാലോ, അഞ്ചോ തവണ ശ്രമിച്ചിട്ടും സാദ്ധ്യമായില്ല.
ജനാധിപത്യം ജനകന് വിധിച്ചതും
വനാധിവാസം ജനയിത്രി തന്നതും
അനാകുലം ഞാന്‍ സമമായ് നിനച്ചു നി
നാനാവില സ്നേഹ രസത്തെയോര്ക്കയാല്
എന്ന രീതിയില്‍ ആദ്യം വന്ന രാമവിലാപത്തിലെ പദ്യങ്ങളോടു കൂടിച്ചേര്ക്കുവാന് യോജിച്ച ഒരൊറ്റ പദ്യം പോലും പിന്നീടു വന്നില്ല.
കു കവിത്വം പുനര്‍ സാക്ഷാല്‍
മൃതിമാഹുര് മനീഷിണ: എന്നത് വ്യക്തമായി അറിവുള്ളതു കൊണ്ടാണ് അദ്ദേഹം പട്ടുനൂലിനോട് വാഴനാരില്‍ കൂട്ടിച്ചേര്ക്കാതിരിയ്ക്കാന് കാരണം.
മഹാകവി കാളാദാസന്, ഹരിശ്ചന്ദ്രന്, പരീഷിത്ത്, മേല്‍പ്പത്തൂര്‍, വൃന്ദാവനം, ശ്രീകൃഷ്ണകര്‍ണ്ണാമൃതം, ഹൃദയഗീതം, പൂന്താനം കൃതികള്‍, ശ്രീകൃഷ്ണാര്‍പ്പണം, ഗണപതി സ്തോത്രങ്ങള്‍, ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം, സങ്കല്പ്പവിഹാര, മായാത്ത സ്മരണകള്‍, മഹാഭാരതം, ശകുന്തളോപാഖ്യാനം, രാമചരിതം ശ്രീശബരീശ്വരചരിതം, മഹാത്മനിര്വണം, ശ്രീരാമകര്‍ണ്ണാമൃതം, ശ്രീരാമേശ്വരദര്ശനം, വത്സസ്ത്രേയം, ശക്തന് സാമൂതിരി, സാഹിത്യപുളകം, ശ്രീരാമകൃഷ്ണകവി വിരചിതം, ദേവീപുഷ്പാഞ്ജലി സ്തോത്രം, ത്രിപുരാസ്തോത്രവിംശതി, താരാപഥം കൃഷ്ണഗാഥ, ശ്രീശിവ സഹസ്രനാമസ്തോത്രം, ശ്രീഹേമാംബികാസ്തോത്രം, സൗന്ദര്യലഹരി – താളിയോല, കാട്ടുപൂക്കള്‍, ശിവാജി, സാഹിത്യസൗഹിത്യം, സാഹിത്യകിരണം, വസിഷ്ഠരാമായണം, ശ്രീകൃഷ്ണദൂത്, ശ്രീമദ് ഭഗവത്ഗീതാവ്യാഖ്യാനം, കൗടില്യന്റെ അര്‍ത്ഥശാസ്ത്രം, പ്രാചീനഭാരതം, ഫിസിക്കല്‍ ഡ്രില്‍, കേരളം വിദേശീയരുടെ ദൃഷ്ടിയില്, വിയര്‍പ്പിന്റെ വില, പദ്യപാഠാവലി,
ദേവീസ്തോത്രങ്ങള്‍(വ്യാഖ്യാനം), അരമന രഹസ്യം, കലങ്ങിത്തെളിഞ്ഞു, കണ്ണീരും ചിരിയും, ചന്ദ്രഗുപ്തന്, യവനികാഭായി (ഡിറ്റക്ടീവ് നോവല്‍), യമലോകം പിരട്ടി, വസന്തലക്ഷ്മി, വിധവയുടെ മകള്‍, സ്വര്ണ്ണപ്പെട്ടിയിലെ രഹസ്യം, വിജ്ഞാനരത്നാകരം, ഹനുമാന്‍കുട്ടി, പാക്കനാര്‍ ജീവചരിത്രം, ത്രിവേണി, സാഹിത്യദര്‍പ്പണം, അഗ്നിപുരാണം, ആത്മകഥ, പ്രബന്ധകൗസ്തുഭം, പ്രബന്ധഭൂഷണം, കള്ളനെക്കട്ടകള്ളന് തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ കെവിഎംന്റേതായിട്ടുണ്ടെങ്കിലും ഇവയുടെ ഒരു കോപ്പിപോലും അദ്ദേഹത്തിന്റെ വീട്ടിലില്ല. ലൈബ്രറികളിലും കാണാനാവില്ല. 1965 ഒക്ടോബര്‍19 ന് അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോള്‍ തന്റെ പുസ്തകങ്ങള്‍ സമാഹരിക്കണമെന്ന ആഗ്രഹം ബാക്കിയായിരുന്നു. കെവിഎം നെ പ്പോലുള്ള മഹാപണ്ഡിതന്റെ ആ വേര്‍പാട് അദ്ദേഹത്തിന്റെ. സുഹൃത്തുക്കള്‍ക്കു മാത്രമല്ല കൈരളിക്കു തന്നെ വലിയൊരു നഷ്ടമാണ്. അങ്ങനെ നോക്കുമ്പോള്‍ കെവിഎംനെപ്പോലെ ഭാരതീയ ദര്‍ശനങ്ങളുടേയും സ്തോത്രസാഹിത്യ ങ്ങളുടേയും വിശാലമായ സാഹിത്യ ഭൂമികയില്‍ നിന്നുകൊണ്ട് കഥ, കവിത, നോവല്‍ എന്നു തുടങ്ങിയ സാഹിത്യ സഞ്ചയത്തെ സര്വോല്ക്കര്ഷേണ പരിഷ്വജിച്ച മറ്റൊരു വ്യക്തിത്വം ഇല്ലായിരുന്നു എന്ന് പറയാന്‍ കഴിയും. അദ്ദേഹത്തിന്റെ സംഭാവനകളെ ശരിയാവണ്ണം പഠിക്കുകയും മാറുന്ന ലോകത്തിന് അവ പരിചയപ്പെടുത്താതിരിക്കുകയും ചെയ്യുകയാണെങ്കില്‍ സരസ്വതീ നിന്ദതന്നെയാവും നാം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: