ഒരു സ്ത്രീയെന്നോ, പിന്നാക്കവിഭാഗത്തില്പ്പെട്ടവളാണെന്നോ ഉള്ള പരിഗണന അവര്‍ തന്നില്ല. എന്തിന് മനുഷ്യനാണെന്ന പരിഗണനപോലും സിപിഎം ഗുണ്ടകള്‍ നല്‍കിയില്ല. പുലച്ചിപ്പെണ്ണിന് അയിത്തമാണത്രേ…”സിപിഎമ്മിന്റെ ജാതിവെറിക്കിരയായി ജീവിതതാളം തെറ്റി,സ്വന്തം നാട്ടില്‍ നിന്ന് പാലായനം ചെയ്യേണ്ടിവന്ന ചിത്രലേഖ പറയുന്നു….
ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥിക്കു വേണ്ടി കേരളത്തിലും സിപിഎം പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്. ആ പാര്‍ട്ടിയുടെ ക്രൂരതയ്ക്കിരയായ ചിത്രലേഖയെന്ന കണ്ണൂര്കാരി തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലും. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദളിത് സ്നേഹം അവസരവാദമാണ്. വോട്ട് ബാങ്കാണ് അവരുടെ ലക്ഷ്യം. എത്ര ഏച്ചുകെട്ടിയാലും അതിലെ കപടത മുഴച്ചു നില്ക്കും. ‘പുലയത്തി’ നിന്നയിടം ചാണകവെള്ളം തളിച്ച് ശുദ്ധിവരുത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരു സാധാരണക്കാരിയുടെ ജീവന് രക്ഷിക്കാനുള്ള അപേക്ഷയോട് മുഖംതിരിച്ച് കബളിപ്പിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരും ഇപ്പോള്‍ ഒരേ തൂവല്‍പക്ഷികളാണ്.
സിപിഎമ്മിന്റെ ജാതീയ അധിക്ഷേപത്താലും അക്രമത്തിനാലും പൊറുതിമുട്ടിയ ഒരു സ്ത്രീ ഇന്ന് ജീവിത സമരത്തിലാണ്. കേരളത്തില്‍ ഭരിക്കുന്നത് ഇടതോ വലതോ ആയിക്കോട്ടെ. അവരില്‍ ആര് ഭരണത്തില്‍ വന്നാലും താണജാതിക്കാരന് ജീവിക്കാന്‍, അവകാശം നേടിയെടുക്കാന്‍ സമരം ചെയ്യണം.
****************************
സമ്പൂര്‍ണ സാക്ഷരരെന്നും സംസ്കാരസമ്പന്നരെന്നും അഹങ്കരിക്കുന്ന കേരളീയരുടെ കരണത്തടിയായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ എടാട്ട് എരമംഗലത്ത് ചിത്രലേഖ എന്ന ദളിത് സ്ത്രീക്കുനേരെ ജാതിവെറിപൂണ്ട് നടത്തിയ അതിക്രമങ്ങള്‍… പ്രതിഷേധിയ്ക്കാന്‍, ചെറുക്കാന്‍, ചിത്രലേഖയ്ക്ക് പിറകില്‍ ആളില്ലാത്തതിനാല്‍ അതിക്രമം തുടര്‍ന്നുകൊണ്ടേയിരിക്കുന്നൂ സിപിഎം.
ഭര്‍ത്താവും രണ്ട് മക്കളും മുത്തശ്ശിയുമടങ്ങുന്ന കുടുംബത്തെ പട്ടിണിയില്ലാതെ മുന്നോട്ട് നടത്താനാണ് ചിത്രലേഖ ഒരു സ്വയം തൊഴില്‍ കണ്ടെത്തുന്നത്. ഭര്‍ത്താവിനൊപ്പം ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്താന്‍ ചിത്രലേഖ തയ്യാറായി. 2004 ഒക്ടോബറിലാണ് പിഎംആര്‍വൈ സ്കീമില്‍ ലോണ്‍ എടുത്തു ചിത്രലേഖ ഒരു ഓട്ടോ വാങ്ങിയത്. പക്ഷെ, ആകെയുള്ള ഒരുതുണ്ട് ഭൂമി പണയംവച്ച് വാങ്ങിയ ഓട്ടോയുമായി ജീവിതചക്രമുരുട്ടാന്‍ തുടങ്ങിയ അവര്‍ക്കു നേരിടേണ്ടിവന്ന കാര്യങ്ങള്‍ കേട്ടാല്‍ സാംസ്കാരിക കേരളം അപമാനംകൊണ്ട് തലതാഴ്ത്തും.
പാര്‍ട്ടിക്കാരായ തമ്പ്രാക്കള്‍ ഓട്ടോ സ്റ്റാന്‍ഡിലേക്ക് കീഴ്ജാതിക്കാരിയെ അടുപ്പിച്ചില്ല. ഓട്ടോറിക്ഷയുമായി പയ്യന്നൂര്‍ കോളേജ് ബസ് സ്റ്റോപ്പിനു സമീപത്തുള്ള ഓട്ടോസ്റ്റാന്‍ഡിലെത്തിയ ചിത്രലേഖയ്ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് ലഭിച്ചില്ല. കാരണമന്വേഷിച്ചപ്പോഴാണ് പുരോഗമന പ്രസ്ഥാനമെന്നഭിമാനിക്കുന്നവരുടെ തനിനിറം പുറത്തുവന്നത്. അവരുടെ ജാതിവെറിയാണ് കാരണമെന്ന് ചിത്രലേഖ തിരിച്ചറിയുന്നത്. ‘പുലയ സ്ത്രീ’യായ ചിത്രലേഖയ്ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിക്കാനാകില്ലെന്ന് സിഐടിയു നേതൃത്വത്തിലുള്ള യൂണിയന് തിട്ടൂരമിറക്കി. മൂന്നുമാസം ആ ഓട്ടോസ്റ്റാന്‍ഡില്‍ വണ്ടി പാര്‍ക്കു ചെയ്യാനോ വണ്ടിയോടിയ്ക്കുവാനോ ചിത്രലേഖയ്ക്കായില്ല. ലോണ്‍ തിരിച്ചടയ്ക്കാന്‍ ഗതിയില്ലാതെ പെടാപ്പാടുപെട്ട ചിത്രലേഖ ഒടുവില്‍ പെര്‍മിറ്റ് നേടി സ്റ്റാന്‍ഡില്‍ ഓട്ടോയുമായി എത്തി. അന്ന് ചിത്രലേഖയെ നോക്കി സിഐടിയു പ്രവര്‍ത്തകര്‍ ”ദേ, പുലച്ചി ഓട്ടോ ഓടിക്കുന്നു” എന്ന് അട്ടഹസിച്ചു പരിഹസിച്ചു. അപമാനവും, മാനസികപീഡനവും അതിജീവിച്ച് അധികനാള്‍ പിടിച്ചുനില്ക്കാന് അവര്‍ക്കായില്ല. മാനസികമായ പീഡനങ്ങള്‍ക്കു പുറമെ അസഹിഷ്ണുത പിടിച്ചുവയ്ക്കാനാകാതെ സിപിഎമ്മിലെ ഉന്നതകുലജാതര്‍ പുലയ സ്ത്രീക്കെതിരെ ആക്രമണം അഴിച്ചുവിട്ടു.
ചിത്രലേഖയുടെ ഓട്ടോ സിഐടിയു യൂണിയനിലെ മറ്റ് ഓട്ടോക്കാര് ചേര്‍ന്ന് നശിപ്പിച്ചു. പരാതിയുമായി പോലീസിലെത്തിയിപ്പോഴും ജാതിയുടെ പേരില്‍ അപമാനിക്കപ്പെട്ടു, വിവരണങ്ങള്‍ക്കിടെ അന്നത്തെ വിഭ്രാന്തി ഇന്നും ആ കണ്ണുകളില്‍ കണ്ടു. പിന്നീട് ചിത്രലേഖയെന്ന പിന്നാക്കകാരിയായ സ്ത്രീ സിപിഎമ്മിന്റെ സവര്ണബോധത്തിനിരയായി ‘ചിത്രവധം’ ചെയ്യപ്പെടുകയായിരുന്നു.
‘പുലച്ചിപ്പെണ്ണിനെ’ ഇവിടെ കയറ്റില്ലെന്നും ജീവിക്കാനനുവദിക്കില്ലെന്നും ആക്രോശിച്ച് സിഐടിയു പ്രവര്‍ത്തകര്‍ ചിത്രലേഖയെ ഓട്ടോയില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിച്ചു. തറയില്‍ വീണ അവരുടെ ദേഹത്തേക്ക് ഓട്ടോ ഇടിച്ചു കയറ്റി. നിരാലംബയായ ഒരു സ്ത്രീയെ സ്വന്തം അനുയായികള്‍ അക്രമിക്കുന്നത് സിപിഎം നേതൃത്വം നോക്കിനിന്നു. ഒരു സ്ത്രീയ്ക്കെതിരെ നടന്ന അക്രമത്തെ അപലപിക്കാതെ പ്രതികളായ അനുയായികളെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ഒരു സ്ത്രീ എന്ന നിലയിലും പട്ടികജാതി സമുദായാംഗമെന്ന നിലയിലും തൊഴില്‍സ്ഥലത്ത് പരസ്യമായ ആക്രമണവും ഭീഷണിയും നേരിടേണ്ടി വന്നിട്ടും ഒരു സംഘടനയും പ്രതിഷേധവുമായി വന്നില്ല. സിപിഎമ്മിനെ ഭയപ്പെട്ട് മനുഷ്യാവകാശപ്രവര്ത്തകരെല്ലാം മാളത്തില്‍ കയറി ഒളിച്ചു. ചിത്രലേഖയ്ക്കെതിരെ നടന്ന ജാതിപീഡനത്തിനും തൊഴില്‍സ്ഥലത്തെ സ്ത്രീപീഡനത്തിനും പയ്യന്നൂര്‍ പോലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു.
ചിത്രലേഖയുടെ ഓട്ടോറിക്ഷ തീവച്ചു നശിപ്പിച്ചാണ് സിപിഎം പ്രതികാരം ചെയ്തത്. ഒരു കുടംബത്തിന്റെ ജീവിതമാണ് ജാതിക്കലി പൂണ്ട അക്രമികള്‍ ചുട്ടുകരിച്ചത്. ചിത്രലേഖയുടെ മകന് മനുവിന്റെ പഠനം മുടങ്ങി. അവന് നിയമപരമായി അവകാശപ്പെട്ടതെന്ന് രാജ്യം വിധിച്ച വിദ്യാഭ്യാസമെന്ന സ്വപ്നം എന്നെന്നേക്കുമായി ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോകേണ്ടിവന്നുവെന്ന് പറയുമ്പോള്‍ ആ അമ്മയ്ക്ക് തൊണ്ടയിടറുന്നു.
ക്രൂരത ഇവിടെയൊന്നും അവസാനിച്ചില്ല. ചിത്രലേഖയും, ഭര്‍ത്താവ് ശ്രീഷ്കാന്ത്, അവരുടെ സഹോദരീ ഭര്‍ത്താവ്, സഹോദരന് മഹേഷ് എന്നിവര്‍ നിരന്തരമായി സിപിഎമ്മിന്റെ ആരകമണങ്ങള്ക്കിരയായി. ചിത്രലേഖയ്ക്കെതിരെ നടന്ന അക്രമത്തിനും ഓട്ടോ കത്തിച്ചതിനുമെതിരെയുള്ള കേസ് തലശേരി സ്പെഷ്യല്‍ കോടതിക്ക് മുമ്പിലെത്തി. കേസ് ദുര്‍ബലപ്പെടുത്താന്‍ വലിയ രാഷ്ട്രീയസമ്മര്‍ദ്ദമുണ്ടായി. ഇരകള്‍ ഇന്നും ഭീഷണിയ്ക്കിരയായിക്കൊണ്ടിരിക്കുന്നു. അക്രമത്തിനെതിരെ പ്രതിഷേധിച്ചതോടെ, ദുര്‍ബ്ബലയായ ഒരു സ്ത്രീക്കെതിരെ സിപിഎം എന്ന പ്രസ്ഥാനം യുദ്ധം പ്രഖ്യാപിച്ചു. നാടിന്റെ സൈ്വര്യ ജീവിതം തകര്‍ക്കുന്നുവെന്നാരോപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചുവരെ സംഘടിപ്പിക്കപ്പെട്ടു. കൊലക്കത്തിയുടെ മൂര്‍ച്ചകൂട്ടി കഴുകന്മാരെപ്പോലെ അവര്‍ ചിത്രലേഖയെ വളഞ്ഞു. മാധ്യമങ്ങളില്‍ വാര്ത്തയായതുകൊണ്ട് മാത്രമാണ് ജീവന് നഷ്ടപ്പെടാഞ്ഞതെന്ന് ചിത്രലേഖ പേടിയോടെ പറയുന്നു.
സാമ്പത്തിക പരാധീനകളും ജീവിത സാഹചര്യങ്ങളും വില്ലനായിട്ടും അവയെല്ലാം മറികടന്ന് 2000-ല്‍ നേഴ്സിങ് പാസായവളാണ് ചിത്രലേഖ. കുറച്ചുകാലം നേഴ്സായി ജോലി ചെയ്തു. വരുമാനം കുറവായതിനാലാണ് നഴ്സിങ് ജോലി നിര്‍ത്തി ഭര്‍ത്താവ് ശ്രീഷ്കാന്തിനൊപ്പം ഓട്ടോ ഓടിക്കാന്‍ ചിത്രലേഖ തയ്യാറാകുന്നത്. ഭര്‍ത്താവ് സിപിഎം കുടുംബാംഗമായിരുന്നു. എന്നിട്ടും പാര്‍ട്ടിയുടെ ജാതിവിദേ്വഷത്തിനിരയായി ചിത്രലേഖ. മദ്യപാനിയെന്നും വേശ്യാവൃത്തി നടത്തുന്നവളെന്നും അധിഷേപിച്ച് അവരിലെ സ്ത്രീത്വത്തെപ്പോലും സഖാക്കള്‍ അപമാനിച്ചു. ചിത്രലേഖയ്ക്കെതിരെ ഒപ്പുശേഖരണം നടത്തി പരാതി കൊടുത്തു. ചിത്രലേഖയുടെ ജീവന് സംരക്ഷിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടെങ്കിലും സിപിഎമ്മിന്റെ ഭീഷണിക്കുമുന്നില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനവും നിലച്ചു- നെറ്റി ചുളിയ്ക്കണ്ട, ഇതു കേരളത്തിലെ കാര്യങ്ങള്‍തന്നെ.
തുടര്‍ന്നും നിരന്തര പീഡനം ഏറ്റുവാങ്ങേണ്ടിവന്നപ്പോളാണ്, ചിത്രലേഖ ജീവിയ്ക്കാനുള്ള അവകാശത്തിനുവേണ്ടി കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ രാപകല്‍ സത്യഗ്രഹം ആരംഭിച്ചത്. സാംസ്കാരിക മുന്നേറ്റം നടത്തി എന്നു പറയുന്നുണ്ടെങ്കിലും സിപിഎം താഴ്ന്ന ജാതിക്കാരോട് കാണിക്കുന്ന അയിത്തം പുറം ലോകത്തെ അറിയിക്കാന്‍ ചിത്രലേഖ ശ്രമിച്ചതോടെ ജീവിനും ഭീഷണിയായി. അനിശ്ചിതകാല രാപകല്‍ സത്യഗ്രഹം അവസാനിപ്പിക്കുമ്പോള്‍ ജില്ലാ ഭരണകൂടം ഉറപ്പുതന്ന ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ല, നിസ്സഹായതയുടെ വിലാപ ശബ്ദത്തില്‍ ചിത്ര ലേഖ പറയുന്നു. പോരാട്ട വഴിയേ മുന്നിലുള്ളുവെന്ന് തിരിച്ചറിഞ്ഞ്, പിന്നീട് ആറുമാസത്തിനുശേഷം, ചിത്രലേഖ സമരം തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നിലേക്ക് മാറ്റി.
മനുഷ്യാവകാശ കമ്മീഷനംഗം അഡ്വ.കെ.ഇ. ഗംഗാധരന് ഈ പന്തലില്‍ വന്നപ്പോള്‍ പറഞ്ഞത് ‘സിപിഎമ്മിന്റെ യോഗങ്ങളിലും, കണ്‍വെന്‍ഷനുകളിലും പങ്കെടുത്താല്‍ നിനക്ക് ജീവിക്കാം. സമരപ്പന്തലും പൊളിച്ചുസ്ഥലം വിട്’ എന്നാണത്രെ. ആ ഒത്തുതീര്‍പ്പിനേക്കാളും നല്ലത് ആത്മഹത്യയാണ്. മനുഷ്യാവകാശം നേടി തരേണ്ടവര്‍ തന്നെ ജാതിക്കോമരങ്ങള്‍ക്ക് ചൂട്ടു പിടിക്കുമ്പോള്‍ ഞാനിനി എന്ത് ചെയ്യണം- ചിത്രലേഖ ചോദിക്കുന്നു. അതു കേള്‍ക്കേണ്ടവര്‍ കേള്ക്കുന്നില്ലെന്നുവന്നാലോ?
കണ്ണൂര്‍ ജില്ലയില്‍ 122 ദിവസം നീണ്ടുനിന്ന സമരം മുഖ്യമന്ത്രിയുടെ ഉറപ്പുകളെ തുടര്‍ന്നാണ് ചിത്രലേഖ അവസാനിപ്പിച്ചത്. കണ്ണൂര്‍ ടൗണിനടുത്ത് ഏതെങ്കിലും പഞ്ചായത്തില്‍ അഞ്ച് സെന്റ് ഭൂമി കണ്ടെത്തി നല്കാന് ജില്ലാ കളക്ടറോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. സിപിഎം നല്കിയ കള്ളക്കേസുകള്‍ പിന്‍വലിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ആറുമാസം പിന്നിട്ടിട്ടും ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. തിരുവനന്തപുരത്ത് ചിത്രലേഖ സമരം ആരംഭിച്ചിട്ട് ഒരുമാസം കഴിഞ്ഞു. പല തവണ മുഖ്യമന്ത്രിയെ കണ്ടെങ്കിലും വാക്കുപാലിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല. അതിവേഗം ബഹുദൂരം പോകാന്‍ പാടുപെടുമ്പോള്‍, പുതിയ വാഗ്ദാനപ്പട്ടിക ഒരുക്കുമ്പോള്‍ ചിത്രലേഖമാര്‍ ശകുനം മുടക്കാതിരിക്കാന്‍ ഒരു വഴിയേ ഭരണത്തലവനുള്ളു, ആ വശത്തേക്കു നോക്കാതിരിക്കുക. ഭരണ സിരാകേന്ദ്രത്തിനു മുന്നിലെ ഈ പിന്നാക്ക സ്ത്രീയുടെ സമരം മുഖ്യമന്ത്രി കാണുന്നേയില്ല.
ചിത്രലേഖ സമരം തുടരുകയാണ്. സിപിഎമ്മിന്റെ പുരോഗമന പ്രസ്ഥാനമെന്ന അവകാശവാദത്തിന്റെ മുഖംമൂടി വലിച്ചുകീറാന്‍. ജനിച്ച നാട്ടില്‍ ജീവിക്കുന്നതിനായി. മലബാറില്‍ പല സ്ഥലങ്ങളിലും പിന്നാക്കക്കാര്‍ക്ക് ജീവിക്കാന്‍ പാര്‍ട്ടിയിലെ തമ്പ്രാക്കളുടെ കരുണ വേണം. സഖാവ് മേല്ജാതിക്കാരനാണെങ്കില് പിന്നാക്കജാതിക്കാരന്‍ സഖാവിനും ഇരിക്കാന്‍ കസേരകിട്ടില്ല. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും എന്നാണല്ലോ. നവതി പിന്നിട്ട പാര്‍ട്ടിയുടെ തലപ്പത്ത് ഇന്നേവരെ ഒരു പിന്നാക്കക്കാരനെ വാഴിച്ചിട്ടില്ല. പരമോന്നതസമിതിയായ പോളിറ്റ് ബ്യൂറോയില്‍പോലും ഒരു ദളിതന് ഇരിപ്പിടം കൊടുക്കാത്ത പാര്‍ട്ടിയുടെ കീഴ്ത്തട്ടില്‍ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറുന്നതില്‍ അതിശയമില്ല. ദളിത് സ്ത്രീ, വാഹനം നിയന്ത്രിച്ച് കേമിയാകേണ്ടെന്ന തിട്ടൂരമിറക്കാന്‍ സിപിഎമ്മിന് പ്രത്യേകിച്ച് ഒരു കാരണം വേണ്ട. സിപിഎമ്മിന്റെ ജാതിവെറിയ്ക്കും അസഹിഷ്ണുതയ്ക്കും ഇരയായി ചിത്രവധം നേരിടുന്നവരിലെ ജീവിക്കുന്ന പല രക്തസാക്ഷികളില്‍ ഇന്നും സമരമുഖത്തുള്ള ഒരാളാണ് ചിത്രലേഖ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: