സന്ധ്യയ്ക്ക് നിലവിളക്ക് വെച്ചില്ലെങ്കിലും സീരിയല്‍ മുടങ്ങരുതെന്ന താല്‍പ്പര്യമാണ് ഒരുവിധപ്പെട്ട വീട്ടമ്മമാര്‍ക്കെല്ലാം. വീട്ടച്ഛന്മാരും മോശമല്ല. അത്യാവശ്യം കുശുമ്പ്, കുന്നായ്മ, അസൂയ, കടിപിടി ഇല്ലാതിരുന്നവര്‍ കൂടി അത്തരം ഗുണങ്ങളെ കൂട്ടുപിടിച്ച് തകര്‍ത്തുവരികയാണ്. ഒരു എപ്പിസോഡ് മുടങ്ങുന്നത് രണ്ടുവര്‍ഷത്തെ വളര്‍ച്ച മുരടിപ്പിക്കുമെന്ന വിശ്വാസം എമ്പാടും പരന്നിരിക്കുകയാണ്. അമ്മായിയമ്മ പോരില്ലെങ്കില്‍ മരുമകളുടെ കണ്ണീരു കാണുവതെങ്ങനെ എന്ന നിലപാടാണ് പലര്‍ക്കും. അവിഹിതം, അക്രമം, പരദൂഷണം ഇമ്മാതിരി ഏടാകൂടങ്ങളില്പെട്ട് കേരളം ശരിക്കും ദൈവത്തിന്റെ നാട്ടില്‍ നിന്ന് ചെകുത്താന്റെ നാട്ടിലെത്തിക്കഴിഞ്ഞു. എല്ലാവരുടെ ഉള്ളിലും ഒരു ക്രിമിനല്‍ വൈറസ് ഉറങ്ങിക്കിടക്കുന്നുണ്ടെന്നാണ് അഭിഭാഷക സഹോദരന്മാര് കേസ് സ്റ്റഡി സംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്തുന്നത്. അതുകൊണ്ട് തിന്മയിലേക്ക്, അതായത് ചെകുത്താന്റെ വീട്ടിലേക്ക് ടോപ്പ് ഗിയറില്‍ തന്നെയാണ് ഒരുവിധപ്പെട്ടവരുടെയെല്ലാം യാത്ര.
ഇത് സീരിയല്‍കാരുടെ പ്രശ്നമാണ് എന്ന് പറഞ്ഞ് ഒഴിയാനാവുമോ? നാട്ടുകാര്‍ക്ക് വേണ്ടത് കൊടുക്കുകയാണല്ലോ വിദ്വാന്മാരുടെ പണി. നാട്ടുകാര്‍ക്ക് ഇഷ്ടം അതാണെങ്കില്‍ പിന്നെ ആരെയാണ് നാം കുറ്റപ്പെടുത്തുക? അതുകൊണ്ട് പരസ്പരമായാലും ചന്ദനമഴയായാലും മറ്റെന്തൊക്കെയായാലും രസിച്ചു കാണുകതന്നെ. മദ്യം കഴിക്കുന്നരംഗം പ്രത്യക്ഷപ്പെടുമ്പോള്‍ ചുവട്ടില്‍ നിയമപരമായ മുന്നറിയിപ്പ് നല്കണമെന്നുണ്ട്. അതുപോലെ ഇനി സീരിയലുകള്‍ സംപ്രേഷണം ചെയ്യുമ്പോഴും ഇമ്മാതിരി എന്തെങ്കിലുമൊരു മുന്നറിയിപ്പു കൊടുക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നുമുണ്ട്. മുന്നറിയിപ്പ് ആരും അത്ര കാര്യമാക്കില്ലെങ്കിലും ഞങ്ങള്‍ മുന്നറിയിപ്പ് തന്നിരുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടല്ലോ.
പ്രമുഖ പത്രങ്ങളിലെ പരസ്യപ്പേജില് പെട്ടിക്കോളത്തില്‍ ഒരറിയിപ്പ് പ്രസിദ്ധീകരിക്കാറുണ്ട്. അത് ഏതാണ്ട് ഇങ്ങനെയാണ്: പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നതിന് മുമ്പായി ആയതിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച് ഉറപ്പുവരുത്തേണ്ടതാണ്. പരസ്യക്കാരുടെ ഏതെങ്കിലും അവകാശവാദങ്ങള്‍ ശരിയാണെന്ന് പ്രസാധകര് ഉറപ്പുനല്‍കുന്നില്ല. പരസ്യക്കാരുടെ അവകാശവാദങ്ങള്‍ തെറ്റാണെന്നു കണ്ടാലോ ആര്‍ക്കെങ്കിലും തന്മൂലം വല്ല കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചാലോ പത്രത്തിന്റെ പ്രിന്ററോ പബ്ലിഷറോ എഡിറ്ററോ ഉദ്യോഗസ്ഥരോ മറ്റു ജീവനക്കാരോ ഉത്തരവാദികള്‍ ആയിരിക്കുന്നതല്ല. ആരുടെയും പേരിലല്ല ഇത്തരം മുന്നറിയിപ്പുകള്‍ കൊടുക്കുന്നതെന്നതാണ് രസകരം. ഇതുകണ്ട നമ്മുടെ കണാരേട്ടന് പ്രതികരിച്ചതിങ്ങനെ: എടോ പരസ്യത്തിന് മാത്രമല്ല ഇങ്ങനെ കൊടുക്കേണ്ടത്. ഇവമ്മാരുടെ വാര്‍ത്തയ്ക്കും വേണം ഇതൊക്കെ.
ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ മലവെള്ളപ്പാച്ചിലായതോടെ പത്രങ്ങളും ദൃശ്യന്മാരും ഇമ്മാതിരി മുന്‍കൂര്‍ ജാമ്യ പിടിവള്ളിയില്‍ തൂങ്ങിയാടുകയാണ്. നമ്മള് പറഞ്ഞുവന്നത് സീരിയലുകളെക്കുറിച്ചാണല്ലോ. നടപ്പു സീരിയലുകള്‍ കണ്ട് മടുത്തതു കൊണ്ടോ എന്തോ അടുത്തിടെ സീരിയലുകളുടെ റേറ്റിങ് കുറയുകയാണത്രെ. അതിന്റെ കാരണം തിരക്കിയപ്പോഴാണ് അരമനരഹസ്യം പൊതുനിരത്തിലെത്തിയത്. അതായത് നമ്മുടെ സരിതമോള്‍ തകര്‍ത്തഭിനയിക്കുന്ന ലൈവ് വാര്‍ത്തകളും അതിന്റെ മരവിപ്പിച്ച ലൈവും കണ്ട് തരിച്ചിരിക്കുകയാണ് കേരളം. സകലമാന സീരിയലുകളും ഒഴിവാക്കി സരിതക്കു പിന്നാലെയാണ് സംസ്ഥാനം. ഒരു ചിത്രം പത്രത്തില്‍ അച്ചടിച്ചുവരാനും ദൃശ്യനിലൊന്ന് കയറാനും എന്തെന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടെന്ന് മാലോകര്‍ക്കൊക്കെ അറിയാം.
അങ്ങനെയുള്ള അവസരത്തിങ്കലാണ് പത്രങ്ങളുടെ ഒന്നാംപേജില്‍, ദൃശ്യന്മാരുടെ പ്രൈംടൈമില് സരിതാ നടനം തകര്‍ക്കുന്നത്. ഇതു കാണാന്‍ പ്രിയപ്പെട്ട സീരിയല്‍ ഒഴിവാക്കി അമ്മ പെങ്ങന്മാരും അച്ഛനപ്പൂപ്പന്മാരും തിക്കിത്തിരക്കുന്നു. ആരാണ് പ്രതികള്‍? വാദികളാര്? ഒന്നിനും ഉത്തരമില്ല. പഴഞ്ചൊല്ലില്‍ പതിരില്ലെന്നതിന്റെ നേര്‍സാക്ഷ്യമാവുന്നു ഇത്. നാടോടുമ്പോള്‍ നടുവെ എന്നല്ലേ, അതുതന്നെ. ഇന്നത്തെ കുടുംബം എങ്ങനെയാണ് സരിതാചരിതം എപ്പിസോഡ് ആസ്വദിക്കുന്നതെന്ന് ചോദിച്ചാല്‍ ദാ ഇങ്ങനെ എന്ന് ചൂണ്ടിപ്പറയാന്‍ പാകത്തില്‍ മാതൃഭൂമി നഗരത്തിലെ രജീന്ദ്രകുമാര്‍ ഒരു വരവരച്ചിരിക്കുന്നു. സമൂഹത്തിന്റെ പരിച്ഛേദം എന്നോ നേര്‍ചിത്രം എന്നോ ഇതിനെ വിശേഷിപ്പിക്കാം. ഷാജി കൈലാസ് സരിതാചരിതം വിഷയമാക്കി ഒരു ചലച്ചിത്രം എടുക്കുന്ന പരിപാടി പാതിവഴിയില്‍ ഉപേക്ഷിച്ചു എന്ന വാര്‍ത്ത ഇതിനൊപ്പം ചേര്‍ത്തു വായിക്കാവുന്നതുമാണ്. ഇത്ര തന്മയത്വത്തോടെ, സ്വാഭാവികതയോടെ ലൈവായി ദൃശ്യങ്ങള്‍ കാണാന്‍ വീട്ടകങ്ങളില്‍ തന്നെ വേണ്ടുവോളം അവസരമുണ്ടെന്നിരിക്കെ പത്തിരുനൂറു രൂപകൊടുത്ത് തിയേറ്ററില്‍ പോയി അഭിനയം കാണാന്‍ ആരാണുണ്ടാവുക? ഈ തിരിച്ചറിവ് ഉള്ളതിനാലാവാം ഷാജി കൈലാസ് പോയ പണം പോട്ടെ, ഇനി വയ്യേ എന്ന് കരുതി സംഗതി പാതിവഴിയില്‍ ഉപേക്ഷിച്ചത്.
കേരളത്തെ സരിതളം ആക്കാന്‍ ഒരു വനിതയ്ക്ക് എത്ര പൊടുന്നനെ സാധിച്ചു എന്ന് നോക്കുക. ഇതിനല്ലേ വനിതാശാക്തീകരണം എന്ന് പറയുന്നത്. യമകണ്ടന്‍ പുരുഷകേസരികളെ ഭീമന് രാക്ഷസന്മാരെയെന്ന പോലെയല്ലേ മാഡം ചുഴറ്റിയെറിഞ്ഞത്, എറിയുന്നത്. വീണ് എല്ലൊടിഞ്ഞും തലപൊട്ടിയും ദയനീയമായി ഞരങ്ങുന്നവരെ വീണ്ടും വീണ്ടും മടലുവെട്ടി തല്ലുകയാണ് മാഡം. അതിന്റെ വിശകലനാത്മക ഭാഷ്യത്തിലേക്കു പോകുന്നു കേരള ശബ്ദവും (ഫെബ്രു.14) കലാകൗമുദിയും (ഫെബ്രു. 07). സോളാര്‍ ഷോക്കില്‍ ഉരുകിയ ഭരണം എന്ന കവര്‍ക്കഥയുമായാണ് കേരളശബ്ദം രംഗത്തുള്ളത്.
പതിവുപോലെ മുഖ്യന്റെയും സരിതയുടെയും ചിത്രങ്ങളുമുണ്ട്. ചെറുകര സണ്ണി ലൂക്കോസിന്റെ കേരളശബ്ദം ഭാഷയുടെ മൂശയിലൂടെ സരിതക്കഥ ഉയര്‍ന്നുവരുമ്പോള്‍ പ്രത്യേകിച്ച് എന്തെങ്കിലും പ്രതീക്ഷിച്ചെങ്കില്‍ നിരാശ മാത്രം. ഒരു ചോദ്യം ലൂക്കോസ് വക ഇങ്ങനെ: ഇവിടെ പൊതുസമൂഹം വല്ലാത്ത ഒരു ധര്‍മ്മസങ്കടത്തിലാണ്. രണ്ടു തവണ മുഖ്യമന്ത്രിയായ, വികസനവും ക്ഷേമവും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ദിവസത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്ന മുഖ്യമന്ത്രി, സുദീര്‍ഘമായ പൊതുജീവിതത്തിനുടമയായ സദാ ജനങ്ങളോടൊപ്പമുള്ള ഉമ്മന്‍ചാണ്ടി. അദ്ദേഹത്തെ വിശ്വസിക്കണോ, തട്ടിപ്പുകേസുകളില്‍ പ്രതിയായ, അവസരം പോലെ കാര്യങ്ങള്‍ മാറ്റി പറയുന്ന ഒരു സ്ത്രീയുടെ മൊഴി വിശ്വസിക്കണോ? അതിനെക്കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ബോധ്യം വന്നിട്ടുണ്ടെന്ന് ലൂക്കോസിന് ഇനിയും മനസ്സിലായിട്ടില്ല. അത് ലേഖനം വായിക്കുന്ന ആര്‍ക്കും ബോധ്യമാവും. ഉമ്മന്‍ചാണ്ടിക്കു നല്‍കുന്നതിനേക്കാളേറെ പ്ലസ് പോയിന്റുകള്‍ സരിതക്കു നല്‍കുന്നതെന്തിനെന്ന് പാവം ജനത്തിനും മനസ്സിലാവുന്നില്ല.
ഇനി കലാകൗമുദിയിലേക്കു വന്നാല്‍ ചിലരെ കൊതിപ്പിക്കുന്ന പദം തന്നെയാണ് കവര്‍ക്കഥയില്‍ ഉപയോഗിച്ചിരിക്കുന്നത്. ദിപിന് മാനന്തവാടിയാണ് അക്ഷരക്കസര്‍ത്ത് നടത്തുന്നത്. സരിതയെ ചാരി മറ്റുള്ള ഘടാഘടിയന്മാരെ എങ്ങനെ രക്ഷപ്പെടുത്താം എന്നാലോചിക്കുന്ന വിദ്വാന്മാര്ക്ക് ദിപിന് ഒരു കച്ചിത്തുരുമ്പ് നല്‍കുന്നുണ്ട്. മേപ്പടി ലേഖനത്തിന് പിന്‍പാട്ടുമായി വി.ജി. നകുല്‍ എഴുതുന്ന റിപ്പോര്‍ട്ടിന്റെ തലക്കെട്ട് ഇതാ: സൂര്യനെ വിറ്റ 7 താരങ്ങള്‍. ഇനി സ്വന്തം ലേഖകന്‍ വക മറ്റൊന്ന്: അഴിമതിയുടെ മേല്‍ക്കൂര. ഏതായാലും അക്ഷരങ്ങള്‍ വഴിയും ദൃശ്യങ്ങള്‍ വഴിയും സരിതോത്സവം അരങ്ങു തകര്‍ക്കുമ്പോള്‍ ആര്‍ക്കുവേണം സീരിയലുകള്‍. വാര്ത്താറേറ്റിങ് അമ്പരപ്പിക്കുംവിധം ഉയരുമ്പോള്‍ സരിതളമായ കേരളമേ കരയണോ ചിരിക്കണോ?
നേര്‍മുറി
ദലിതര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ രാജ്യത്തൊന്നായി പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. ഏറെക്കാലം കൊടുങ്കാറ്റുകളെ തളച്ചിടാനാവില്ല.
-പി.കെ. പാറക്കടവ് (മാധ്യമത്തിലെ തുടക്കം പംക്തിയില്‍)
കടവത്തെ നുണക്കൊടുങ്കാറ്റ് അടങ്ങില്ല്യാന്ന്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: