തിരുവല്ല: വേനല്‍ കടുത്ത് പാടശേഖരങ്ങള്‍ ഉണങ്ങി തു ടങ്ങിയതോടെ അപ്പര്‍കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിലം നികത്തല്‍ ശക്തമാകുന്നു. നിലം നികത്തലിന് മണ്ണുമായി എത്തിയ നാല് വാഹനങ്ങള്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്നലെ പോലീസ് പിടിച്ചെടുത്തു.
പെരിങ്ങര പഞ്ചായത്തിലെ ചാത്തങ്കരി, മേപ്രാല്‍, വേങ്ങല്‍, നിരണം പഞ്ചായത്തിലെ കാട്ടുനിലത്ത് പളളിക്ക് സമീപംഏ ലിങ്ക് റോഡില്‍ ഗവ. ആശുപത്രിക്ക് സമീപം, ഡക്ക് ഫാമിനടുത്ത്, കടപ്ര പഞ്ചായത്തിലെ നിര്‍മാണം പുരോഗമിക്കുന്ന കണ്ടങ്കാളി റോഡിന് ഇരു വശങ്ങളിലും അടക്കും നിരവധി പ്രദേശങ്ങളിലാണ് നിലം നികത്തല്‍ ശക്തമാകുന്നത്. വീട് നിര്‍മിക്കുന്നതിനായി പത്ത്സെന്റ് നിലം നികത്താമെന്ന അനുമതിയുടെ മറവിലാണ് നികത്തല്‍ ഏറെയും നടക്കുന്നത്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ടിപ്പര്‍ ലോറികളെ ഒഴിവാക്കി ടോറസുകളാണ് നികത്തലിനായുള്ള മണ്ണുമായെത്തുന്നത്. സതേ ണ് റയില്‍വേ, കെഎസ്ടിപി വ ര്ക്കുകള്ക്കാണ് മണ്ണ് കൊണ്ടുപോകുന്നതെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം ബോര്‍ഡുകള്‍ പതിച്ച വാഹനങ്ങളിലാണ് മണ്ണ് എത്തിക്കുന്നത്. ടിപ്പറുകളെ അപേക്ഷിച്ച് ഇരട്ടിയിലധികം മണ്ണുകയറ്റാം എന്നതാണ് ടോറസുകള്‍ക്ക് പ്രിയമേറാന്‍ കാരണം.
ഒട്ടുമിക്ക സ്ഥലങ്ങളിലും ഗുണ്ടാ സംഘങ്ങളാണ് നികത്തലിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങള്‍ നേരിട്ട് മണ്ണുമട ഉടമകളുമായി ധാരണയില്‍ എത്തുകയാണ് പതിവ്. വാഹനങ്ങളും ഇക്കൂട്ടര്‍തന്നെ വാടകയ്ക്കെടുക്കും. മണ്ണുമായിപോകുന്ന വാഹനങ്ങള്‍ക്ക് അകമ്പടി സേവിക്കുന്നതും ഏറ്റെടുത്ത നിലം പൂര്‍ണ്ണമായി നികത്തി നല്‍കുന്നതും ക്വട്ടേഷന്‍ സംഘത്തിന്റെ ഉത്തരവാദിത്വത്തില്‍പ്പെടും. ഇത്തരത്തില്‍ നിലംനികത്തി നല്‍കുന്നതിന് വന്‍തുകയാണ് ഭൂവുടമകളില്‍നിന്നും ഇത്തരം സംഘങ്ങള്‍ ഈടാക്കുന്നത്. ഈ തുകയില്‍ നല്ല വിഹിതം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി വീതിച്ച് നല്‍കുന്നതായാണ് അറിവ്. ഇക്കാരണത്താലാണ് പലപ്പോഴും അധികൃതര്‍ മൗനം പാലിക്കുന്നത്. നികത്തലിന്റെ പ്രാരംഭഘട്ടത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുന്ന രാഷ്ട്രീയനേതാക്കള്‍ ആഴ്ചകള്‍ക്ക് ശേഷം നികത്തല്‍ പുനരാംരംഭിക്കുമ്പോള്‍ നിശബ്ദരാകുന്നതിന് പിന്നില്‍ ഭൂവുടമകളുടെ പണത്തിന്റെ പിന്‍ബലമുണ്ടെന്നും പരക്കേ ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: