പെരിന്തല്‍മണ്ണ: കെഎസ്ആര്‍ടിസി ഡിപ്പോയിലെ സെക്യൂരിറ്റിയായ വിമുക്തഭടനെ രണ്ട് യുവാക്കള്‍ മര്‍ദ്ദിച്ചവശനാക്കി. പട്ടാപ്പകല്‍ നിരവധി യാത്രക്കാര്‍ നോക്കി നില്‍ക്കെയാണ് ഈ ഗുണ്ടായിസം പെരിന്തല്‍മണ്ണ സ്റ്റാന്‍ഡില്‍ അരങ്ങേറിയത്.
യുവാക്കളെത്തിയ ബൈക്ക് സ്റ്റാന്‍ഡിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് തല്ലും തുടങ്ങി. പ്രാണരക്ഷാര്‍ത്ഥം ഓടിയ സെക്യൂരിറ്റിയെ ഓടിച്ചിട്ട് പിടിച്ച് വീണ്ടും മര്‍ദ്ദിച്ചു. അവസാനം മറ്റുജീവനക്കാരെത്തിയാണ് ഇദ്ദേഹത്തെ രക്ഷിച്ചത്.
52 വയസുള്ള രാജന് എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കടുത്ത നെഞ്ചുവദനയും ശ്വാസതടസവും അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തരവൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു.
ഏകദേശം 25 വയസ് മാത്രം പ്രായമുള്ള രണ്ട് യുവാക്കളാണ് 55 വയസ് പ്രായമുള്ള വിമുക്തഭടനെ തല്ലിച്ചതച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കിന് നമ്പര്‍ പ്ലേറ്റില്ലാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
കെഎസ്ആര്‍ടിസി അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. പക്ഷേ കുറച്ച് സമയത്തിന് ശേഷം ഈ യുവാക്കള്‍ ചികിത്സ തേടി ജില്ലാ ആശുപത്രിലെത്തിയത് സംശയത്തിനിടാക്കുന്നു. യുവാക്കളെ റിമാന്റ് ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കാതെ കേസ് ഒതുക്കി ഒതീര്ക്കാന് ചില ഉന്നത രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. പെരിന്തല്‍മണ്ണയില്‍ അടുത്തകാലത്തുണ്ടായ പല അടിപിടി കേസുകളും ഒതുക്കി തീര്‍ത്തെന്ന ആക്ഷേപം ശക്തമാണ്.
ആര് അടിപിടിയി ഉണ്ടാക്കിയാവും അവരെ രക്ഷിക്കാന്‍ നേതാക്കന്മാര് രംഗത്ത് വരും. പിന്നെ ‘ഒത്തുതീര്‍പ്പ്’ ചര്‍ച്ചകളുടെ സമയമാണ്. രക്ഷിക്കാന്‍ ആളുണ്ടെന്ന ധൈര്യത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഇങ്ങനെ പോലീസിനെയും നിയമത്തെയും പേടിയില്ലാത്ത സാഹചര്യം സംജാതമായാല്‍ നിയമവാഴ്ച തന്നെ തകരാന്‍ കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: