തിരുവനന്തപുരം: മേയറെ റബ്ബര്‍സ്റ്റാമ്പാക്കിയുള്ള പാര്‍ട്ടി ഭരണമാണ് തിരുവനന്തപുരം നഗരസഭയില്‍ നടക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ അട്ടിമറിക്കുന്ന നഗരസഭയിലെ ഇടത് ഭരണത്തിനും രാഷ്‌ട്രീയവിവേചനത്തിനും എതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭകവാടത്തിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേയറെ നോക്കുകുത്തിയാക്കി വി. ശിവന്‍കുട്ടി എംഎല്‍എ സമാന്തര ഭരണം നടത്തുകയാണ്. എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം യൂണിയന്‍ നേതാക്കളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ദിവസങ്ങളോളം നഗരസഭയില്‍ കയറിയിറങ്ങി ജനം പൊറുതിമുട്ടുകയാണ്. പഴഞ്ചന്‍ സംവിധാനങ്ങളാണ് ഇന്നും നഗരസഭയിലുള്ളത്. കാലം മാറിയതനുസരിച്ച് ഓഫീസ് സംവിധാനങ്ങള്‍ മാറ്റാന്‍ നഗരസഭാ ഭരണം നടത്തിയവര്‍ക്ക് സാധിച്ചിട്ടില്ല. ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നഗരസഭ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും അഡ്വ. എസ്. സുരേഷ് പറഞ്ഞു.
നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. ഗിരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് എം.ആര്‍. ഗോപന്‍, സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ സിമിജ്യോതിഷ്, കൗണ്‍സിലര്‍മാരായ കരമന അജിത്. തിരുമല അനില്‍, പാപ്പനംകോട് സജി തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപിയിലെ എല്ലാ കൗണ്‍സിലര്‍മാരും ധര്‍ണ്ണയില്‍ പങ്കെടുത്തു.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ അട്ടിമറിക്കുന്ന നഗരസഭയിലെ ഇടത് ഭരണത്തിനും രാഷ്‌ട്രീയവിവേചനത്തിനും എതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭകവാടത്തിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: