കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലെ ജൂനിയര്‍ വിഭാഗം വ്യക്തിഗത ചാമ്പ്യന്‍ എം.കെ. ശ്രീനാഥിന് ദേശീയ മീറ്റിലും സ്വര്‍ണ്ണത്തിളക്കം. ഇന്ന് രാവിലെ നടന്ന ലോങ്ജമ്പില്‍ 6.75 മീറ്റര്‍ ചാടിയാണ് കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീനാഥ് പൊന്നണിഞ്ഞത്.
സംസ്ഥാന മീറ്റില്‍ ശ്രീനാഥ് 6.97 മീറ്റര്‍ ചാടി പുതിയ മീറ്റ് റെക്കോര്‍ഡോടെയാണ് പൊന്നണിഞ്ഞത്. ദേവുരാജ് 2012ല്‍ നേടിയ 6.95 മീറ്ററിന്റെ റിക്കോര്‍ഡാണ് ശ്രീനാഥ് സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ പഴങ്കഥയാക്കിയത്. എന്നാല്‍ ഇന്ന് ആ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ശ്രീയുടെ നേട്ടത്തിന് തിളക്കമേറെയാണ്. കഴിഞ്ഞ ദിവസം 400 മീറ്ററില്‍ മത്സരിച്ചെങ്കിലും നാലാമതാണ് ഫിനിഷ് ചെയ്യാന്‍ ശ്രീനാഥിന് കഴിഞ്ഞിരുന്നത്.
ആദ്യമായാണ് ശ്രീനാഥ് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്നത്. സംസ്ഥാന മീറ്റില്‍ 400 മീറ്ററിലും പൊന്നണിഞ്ഞത് ശ്രീനാഥായിരുന്നു. സംസ്ഥാന മീറ്റിലും ശ്രീനാഥ് ആദ്യമായാണ് കഴിഞ്ഞ തവണ മത്സരിക്കാനിറങ്ങിയത്. അനുജന്‍ ശ്രീകാന്തും കായികതാരമാണ്.
എന്നാല്‍ ശ്രീനാഥിന് ഒരു സങ്കടം ബാക്കിയാണ്. താന്‍ പൊരുതി നേടിയ മെഡലുകള്‍ സൂക്ഷിക്കാന്‍ സ്വന്തമായി ഒരു വീടില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ മരപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മനോജിനും കടയില്‍ ജോലി ചെയ്യുന്ന ശ്രീലേഖയ്‌ക്കും സ്വന്തമായി ഒരു വീടുണ്ടാക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടുമില്ല. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശികളായ ഈ കുടുംബം ഇപ്പോള്‍ വാടകയ്‌ക്ക് താമസിക്കുന്നത് കണ്ണഞ്ചിറ പാലച്ചുവടിലാണ്.
















