കോഴിക്കോട്: അറുപത്തിയൊന്നാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ മൂന്നാം ദിനം ട്രാക്ക് ആന്റ് ഫീല്‍ഡില്‍ നിന്നായി 10 സ്വര്‍ണ്ണം വാരിക്കൂട്ടി കൗമാര കായിക കേരളത്തിന്റെ വന്‍ കുതിപ്പ്. ഒപ്പം അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും ഇന്നലെ കേരള താരങ്ങള്‍ വാരിക്കൂട്ടി. ഇതോടെ മൂന്നാം ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 20 സ്വര്‍ണ്ണവും 11 വെള്ളിയും 6 വെങ്കലവുമടക്കം 139 പോയിന്റുമായി കേരളം ബഹുദൂരം മുന്നിലാണ്. രണ്ടാംസ്ഥാനത്തുള്ള മഹാരാഷ്‌ട്രക്ക് 4 സ്വര്‍ണ്ണവും മൂന്ന് വെള്ളിയും 7 വെങ്കലവുമടക്കം 36 പോയിന്റും മൂന്നാമതുള്ള പഞ്ചാബിന് ഒരു സ്വര്‍ണ്ണവും 7 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 29 പോയിന്റുമാണുള്ളത്. എന്നാല്‍ സ്വര്‍ണ്ണവേട്ടയില്‍ പഞ്ചാബിനേക്കാള്‍ മുന്നിലാണ് ഹരിയാന, തമിഴ്‌നാട്, രാജസ്ഥാന്‍, കര്‍ണാടക, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍.
1500 മീറ്ററില്‍ കൂടി സ്വര്‍ണം നേടി അനുമോള്‍ തമ്പി, ബിബിന്‍ ജോര്‍ജ്, പി.എന്‍. അജിത്ത് എന്നിവര്‍ മേളയില്‍ ഡബിള്‍ സ്വര്‍ണ്ണത്തിന് അവകാശികളായപ്പോള്‍ ഹൈജമ്പില്‍ അനന്തു കെ.എസും പോള്‍വാള്‍ട്ടില്‍ മരിയ ജെയ്‌സണും 1500 മീറ്ററില്‍ അബിത മേരി മാനുവലും അനുമോള്‍ തമ്പിയും റെക്കോര്‍ഡ് പുസ്തകത്തില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്തു. ഇന്നലെ പിറന്ന അഞ്ച് റെക്കോര്‍ഡുകളില്‍ നാലെണ്ണവും കേരള താരങ്ങളുടെ പേരിലാണ്.
100 മീറ്ററില്‍ കേരളം അമ്പേ പരാജയപ്പെട്ടെങ്കിലും 1500 മീറ്ററില്‍ സ്വര്‍ണ്ണം തൂത്തുവാരിയതോടെയാണ് കേരളം ഖനി നിറച്ചത്. ഇൗയിനത്തില്‍ നാല് സ്വര്‍ണ്ണത്തിന് പുറമെ മൂന്ന് വെള്ളി കൂടി കേരളത്തിന്റെ അക്കൗണ്ടിലെത്തി.
















