സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നു മത്സര ട്വന്റി20 പരമ്പര ഇന്ത്യ തൂത്തുവാരി. ഷെയ്ന്‍ വാട്‌സണിന്റെ അപരാജിത സെഞ്ചുറിയുടെ (124) കരുത്തില്‍ ഓസീസ് 197 റണ്‍സടിച്ചെങ്കിലും, കൂട്ടായ്‌മയിലൂടെ ടീം ഇന്ത്യ വെന്നിക്കൊടി പാറിച്ചു. അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് സുരേഷ് റെയ്‌ന ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നല്‍കി. സ്‌കോര്‍: ഓസ്‌ട്രേലിയ – 197/5 (20), ഇന്ത്യ – 200/3 (20).
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയയെ രക്ഷിച്ചത് ഷെയ്ന്‍ വാട്‌സണ്‍. 71 പന്തില്‍ പത്ത് ഫോറും ആറ് സിക്‌സറും പറത്തിയാണ് വാട്‌സണ്‍ 124 റണ്‍സെടുത്തത്. ട്രാവിസ് ഹെഡ് (26), ഉസ്മാന്‍ ഖവാജ (14), ക്രിസ് ലിന്‍ (13) എന്നിവര്‍ മറ്റു രണ്ടക്കക്കാര്‍. ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, യുവരാജ് സിങ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
മിന്നും ഫോം തുടരുന്ന ഇന്ത്യന്‍ മുന്‍നിര തുടക്കത്തിലേ തകര്‍ത്താടിയതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്ക്. ഒമ്പത് പന്തില്‍ നാലു ഫോറും ഒരു സിക്‌സറും പറത്തി 26 റണ്‍സുമായി ശിഖര്‍ ധവാന്‍ ആക്രമണത്തിനു തുടക്കമിട്ടു. ശിഖറിനെ വാട്‌സണ്‍ മടക്കിയെങ്കിലും, തകര്‍പ്പന്‍ ഫോമിലുള്ള രോഹിത് ശര്‍മയും (52), വിരാട് കോഹ്‌ലിയും (50) ടീമിനെ നയിച്ചു. 38 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും രോഹിത് പായിച്ചപ്പോള്‍, 36 പന്തില്‍ രണ്ട് ഫോറും, ഒരു സിക്‌സറും വിരാടിന്റെ ബാറ്റില്‍നിന്ന് പിറന്നു. പരമ്പരയിലെ മൂന്നാം അര്‍ധശതകം തികച്ച വിരാട്, ഇരു രാഷ്‌ട്ര പരമ്പരയില്‍ രണ്ടിലധികം അര്‍ധശതകം നേടുന്ന ആദ്യ താരമായി. ഈ പ്രകടനം വിരാടിനെ പരമ്പരയുടെ താരവുമാക്കി.
124ല്‍ രോഹിതും, 147ല്‍ വിരാടും മടങ്ങിയതോടെ ആശങ്കയുയര്‍ന്നെങ്കിലും സുരേഷ് റെയ്‌നയും (49), യുവരാജ് സിങ്ങും (15) ചേര്‍ന്ന് ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. റെയ്‌ന 25 പന്തില്‍നിന്ന് ആറു ഫോറും ഒരു സിക്‌സറും പറത്തിയപ്പോള്‍ യുവരാജ് 12 പന്തില്‍ ഓരോ ഫോറും സിക്‌സറും നേടി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 17 റണ്‍സ്. തുടക്കത്തില്‍ പതറിയെങ്കിലും ആന്‍ഡ്രു ടൈ എറിഞ്ഞ അവസാന ഓവറില്‍ ഫോറും സിക്‌സറും പറത്തി യുവരാജ് ടീമിനെ ലക്ഷ്യത്തിലേക്ക് അടിപ്പിച്ചു. അവസാന പന്ത് റെയ്‌ന അതിര്‍ത്തിയിലേക്കു പായിച്ചപ്പോള്‍ ജയം സമ്പൂര്‍ണം. വാട്‌സണാണ് കളിയിലെ താരം.
















