കൊച്ചി: രാജ്യത്തെ മറ്റു വിമാനത്താവളങ്ങള്‍ക്ക് മാതൃകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. കൊച്ചി വിമാനത്താവളവും സൗരോര്ജപ്പാടവും സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിപിപി മാതൃക മുതല്‍ സൗരോര്‍ജം ഉപയോഗിക്കാനുള്ള തീരുമാനം വരെ ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. സിയാല്‍ മാതൃകയില്‍, കുറഞ്ഞത് ഒരു മെഗാവാട്ട് സൗരോര്‍ജ വൈദ്യുതിയെങ്കിലും ഉത്പാദിപ്പിക്കണമെന്ന് രാജ്യത്തെ മറ്റു വിമാനത്താവളങ്ങള്‍ക്ക് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സിയാലിന്റെ തുടര്‍ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന് വിശദീകരിച്ചു. യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ കൊച്ചിയില്‍ നിന്ന് നേരിട്ട് വിമാനസര്‍വീസ് തുടങ്ങുന്ന എയര്‍ലൈന്‍ കമ്പനിക്ക് ഒരുവര്‍ഷത്തേക്ക് പാര്‍ക്കിങ,് ലാന്‍ഡിങ് ഫീസ് ഒഴിവാക്കിക്കൊടുക്കാന്‍ സിയാല്‍ സന്നദ്ധമാണെന്ന് കുര്യന് കേന്ദ്രമന്ത്രിയെ അറിയിച്ചു.
കസ്റ്റംസ്, ഇമിഗ്രേഷന്‍, എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ, സിഐഎസ്എഫ്, വിവിധ എയര്‍ലൈനുകള്‍, സിയാല്‍ എന്നിവയുടെ ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ചനടത്തി. എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ഷബീര്‍, ജനറല്‍ മാനേജര്‍മാരായ ടി.ആര്. ഗോപാല്‍കൃഷ്ണ, ജോസ് തോമസ്, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ്, എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഒ ശ്യാം സുന്ദര്‍, എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരിഹര്‍, സിഐഎസ്എഫ് സീനിയര്‍ കമാന്‍ഡന്റ് ഡോ.ശിശിര്‍ കുമാര്‍ ഗുപ്ത, കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ എസ്.അനില്‍ കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: