കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളില്‍ മാത്രം നടക്കുന്ന അപൂര്‍വമായ ചടങ്ങുകളാണ് പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തില്‍ പാട്ടുതാലപ്പൊലി ദിനങ്ങളില്‍ അരങ്ങേറുന്നത്. 21 ദിനം നീളുന്ന താലപ്പൊലിയില്‍ ഭക്തജനങ്ങള്‍ ഏറ്റവുമധികം ദര്‍ശിക്കുന്നത് ക്ഷേത്രത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന ബ്രാഹ്മണിപ്പാട്ടും കളമെഴുതിപ്പാട്ടുമാണ്. ശ്രീപരമേശ്വരന്റെ തൃക്കണ്ണില്‍ നിന്നുള്ള അഗ്നിയില്‍ നിന്നും ഭദ്രകാളി ജനിച്ച് ദാരികാവധം നടത്തുന്നതാണ് ബ്രാഹ്മണിപ്പാട്ടിന്റെ ഇതിവൃത്തം.
ശൈലിയും ചിട്ടയും മാറിവരുന്ന കളമെഴുതി പാട്ടിന്റെയും ഇതിവൃത്തം ദാരികാവധം തന്നെയാണ്. അതിപുരാതനമായ ഒരാചാരാനുഷ്ഠാനമാണ് ബ്രാഹ്മണി പാട്ടുകള്‍ എന്നറിയപ്പെടുന്ന ഗാനക്രിയ. അഴകിയകാവില്‍ ബ്രാഹ്മണിപ്പാട്ടുകള്‍ ഏതുകാലത്താണ് തുടങ്ങിയതെന്ന് പറയാനുള്ള ആധികാരിക രേഖയൊന്നുമില്ല. എങ്കിലും ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നാണ് അനുമാനം. കോതകുളങ്ങര ശാസ്താ ക്ഷേത്രത്തിനു സമീപത്തെ നമ്പ്യാര്‍ മഠം വീട്ടിലെ സ്ത്രീകളാണ് ബ്രാഹ്മണി പാട്ട് നടത്തിവരുന്നത്. ഉച്ച പൂജ കഴിഞ്ഞും രാത്രിയുമാണ് ബ്രാഹ്മണിപ്പാട്ട് നടക്കുന്നത്. ഭഗവതിയെ ശ്രീലകത്തു നിന്ന് ബ്രാഹ്മണിയമ്മയുടെ അകമ്പടിയോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നതിനുശേഷമാണ് ബ്രാഹ്മണിപ്പാട്ട് നടക്കുന്നത്.
ദാരികവധം കഴിഞ്ഞെത്തി സന്തോഷത്തോടെയിരിക്കുന്ന ദേവിയുടെ രൂപമാണ് കളമെഴുതിപ്പാട്ടിനായി വരയ്‌ക്കുന്നത്. ദാരികവധം കഴിഞ്ഞെത്തിയ ദേവിയെ ദേവന്മാര്‍ക്കോ ഋഷിമാര്‍ക്കോ ദര്‍ശിക്കാന്‍ കഴിയാതെ വന്നു. അവരുടെ ആവശ്യപ്രകാരം ശ്രീപരമേശ്വരന്‍ കൈലാസത്തു നിന്നും കുറിപ്പുമായി ഒരാളെ ഭൂമിയിലേക്കയച്ചു. അദ്ദേഹത്തെയും അവരുടെ പരമ്പരയെയും കല്ലാറ്റു കുറുപ്പ് എന്നറിയപ്പെട്ടുവത്രെ. ഈ പരമ്പരക്കാണ് കളമെഴുത്തിന്റെ അവകാശം. കളമെഴുതിപ്പാട്ടിന്റെ മുന്നോടിയായി വലിയൊരു ആചാരം തന്നെ നിലനില്‍ക്കുന്നുണ്ട്.
പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന പഞ്ചവര്‍ണപ്പൊടികളായ കൃഷ്ണപ്പൊടി, അരിപ്പൊടി, മഞ്ഞപ്പൊടി, പച്ചപ്പൊടി, ചുവന്ന പൊടി എന്നിവ ഉപയോഗിച്ച് സര്‍വാഭരണവിഭൂഷിതയും ആയുധധാരിയുമായ ശ്രീഭദ്രകാളീ രൂപം എഴുതുന്നു. അതിമനോഹരമായ രൂപം വരച്ചശേഷമാണ് കളം പൂജ ചെയ്ത് ദേവീചൈതന്യം ആവാഹിക്കുന്നത്. തുടര്‍ന്നാണ് പാട്ട്. ക്ഷേത്രത്തിന്റെ അകത്തളത്തിലെ വലിയമ്പലത്തിന് ഇരുവശത്തുമായാണ് ബ്രാഹ്മണിപ്പാട്ടും കളമെഴുതിപ്പാട്ടും നടക്കുന്നത്. ഭക്തി തുളുമ്പി നില്‍ക്കുന്ന രണ്ടാചാരങ്ങള്‍ ഒരേ സ്ഥലത്ത് നടക്കുന്നു. അത് അഴകിയകാവിലമ്മയുടെ മുന്നില്‍ മാത്രമാണ് എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: