നവാഹമായി ഇപ്പുരാണം മുഴുവന്‍ കേള്‍ക്കുന്നവന്‍ ജീവന്മുക്തനാവും. രാജാവില്‍ നിന്നും, ശത്രുക്കളില്‍ നിന്നും, ഭൂകമ്പം മുതലായ പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നും പട്ടിണിയില്‍ നിന്നും രാഷ്‌ട്രനാശത്തില്‍നിന്നും രക്ഷ നേടാനും, ഭൂതപ്രേതനാശത്തിനും ശത്രു കീഴടക്കിയ രാജ്യം തിരിച്ചു പിടിക്കാനും, പുത്രലാഭത്തിനും ദേവീ ഭാഗവതം കേള്‍ക്കുക. ഇത് കേള്‍ക്കുകയോ പഠിക്കുകയോ ഒരു ശ്ലോകമോ അതിന്റെ ഭാഗമോ എങ്കിലും ഹൃദിസ്ഥമാക്കുകയോ ചെയ്യുന്നവന്‍ പരമഗതിയടയും. ഭഗവതീദേവി ഇപ്പുരാണം ആദ്യമായി ചൊല്ലിയത് ഒരു ശ്ലോകാര്‍ത്ഥത്തിലാണ്. അത് പിന്നീട് ശിഷ്യപ്രശിഷ്യ വിപുലമായി വലിയൊരു പുരാണമായതാണ്.
ഗായത്രിക്ക് മുകളിലായി ധര്‍മ്മമോ, തപസ്സോ, മന്ത്രമോ, അതിനു സമനായ ദൈവതമോ ഇല്ല. ഗായത്രി എന്ന പേരുണ്ടായത് അത് ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നു എന്നതിനാലാണ്. ആ ഗായത്രീദേവി ഭാഗവതത്തില്‍ പ്രതിഷ്ഠിതയത്രേ. മഹാപുരാണങ്ങള്‍ മറ്റൊന്നും ഇതിന്റെ പതിനാറിലൊന്നു പ്രാഭവം പോലുമില്ലാത്തവയാണ്.
നാരായണസ്വരൂപിയായ ധര്‍മ്മനന്ദനന്‍ ഇതിലൂടെ ധര്‍മ്മമുപദേശിക്കുന്നു. ഗായത്രീ മന്ത്ര രഹസ്യം, മണിദ്വീപവര്‍ണ്ണനം, ഹിമാദ്രിഗീത എന്നിവയും ദേവീഭാഗവതത്തിലുണ്ട്. ഇതിനു സമാനമായി മറ്റൊന്നില്ലാത്തതിനാല്‍, മഹാന്മാരേ, ഈ പുരാണത്തെ സദാ ഉപാസിക്കൂ. ആരുടെ പ്രഭാവമാണോ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്കോ അനന്തനോ പോലും അറിയാനോ അളക്കാനോ കഴിയാത്തത്, ആ പരാശക്തിയെ ഞാന്‍ നമസ്‌കരിക്കുന്നു. ആരുടെ കാല്‍പ്പാദധൂളീകണങ്ങളാണോ വിശ്വനിര്‍മ്മിതിക്കായി ബ്രഹ്മാവ് ഉപയോഗിച്ചത്, ആ ജഗദംബികയെ ഞാന്‍ സദാ നമസ്‌കരിക്കുന്നു.
സുധാസമുദ്രത്തില്‍ ദേവവാടികയില്‍ പ്രശോഭിക്കുന്ന മണിദ്വീപത്തില്‍ ചിന്താമണിമയമായ ഗേഹത്തില്‍ വിരാജിക്കുന്നവളും ശിവന്റെ ഹൃദയത്തില്‍ മൃദുമന്ദഹാസത്തോടെ ഇരുന്നരുളുന്നവളുമായ ജഗദംബികയെ ധ്യാനിച്ചാല്‍ സര്‍വവിധ ഐശ്വര്യങ്ങളും ലഭിക്കും. ത്രിമൂര്‍ത്തികളും ദേവഋഷി വൃന്ദങ്ങളും ഉപാസിക്കുന്ന മണിദ്വീപാധിപയായ ദേവി, ജഗത്തിന് ശുഭമണയ്‌ക്കട്ടെ.
















