കോഴിക്കോട്: യൂത്ത് ഒളിമ്പ്യന്‍ കെ.ടി. നീന സ്‌കൂള്‍ മീറ്റിനോട് വിടചൊല്ലി; പൊന്നുമായി. അറുപത്തിയൊന്നാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 5 കി.മീ. നടത്തത്തിലാണ് നീന സ്വര്‍ണ്ണത്തിലേക്ക് നടന്നുകയറിയത്.
സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷം നടത്തത്തില്‍ പൊന്നണിഞ്ഞ നീനയ്‌ക്ക് ദേശീയ മീറ്റിലെ ആറാം സ്വര്‍ണ്ണം. നീനയുടെ സഹോദരന്‍ സി.ടി നിധീഷും മെഡലണിഞ്ഞു. 5 കി.മീ. നടത്തത്തില്‍ വെങ്കലമാണ് നിധീഷ് സ്വന്തമാക്കിയത്.
പാലക്കാട് പറളിയിലെ കമ്പ ചേനമ്പുര വീട്ടില്‍ ചുമട്ടുതൊഴിലാളിയായ തങ്കന്റെയും നിര്‍മ്മലയുടെയും മകളാണ് നീന.
ചൈനയില്‍ നടന്ന യൂത്ത് ഒളിമ്പിക്‌സില്‍ 11-ാം സ്ഥാനവും 2013ലെ ലോക യൂത്ത് മീറ്റില്‍ 14-ാമതും എത്തിയ നീന ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ യൂത്ത് മീറ്റില്‍ നാലാം സ്ഥാനവും സ്വന്തമാക്കി. ദേശീയ ജൂനിയര്‍ മീറ്റില്‍ രണ്ട് സ്വര്‍ണ്ണം നേടിയിട്ടുണ്ട് പാലക്കാട് പറളി സ്‌കൂളിന്റെ ഈ സുവര്‍ണ്ണമുത്ത്.
ഈയിനത്തില്‍ വെള്ളിയും വെങ്കലവും പറളി സ്വന്തമാക്കി. മണ്ടൂര്‍ സ്‌കൂളിന്റെ വൈദേഹി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനയുടെ രവീന്ദ്ര സ്വര്‍ണ്ണവും പഞ്ചാബിന്റെ അമന്‍ ജോഷി വെള്ളിയും നേടി.
















