കലയുടെ നാടായ തഞ്ചാവൂരിലെ ബൃഹദ്ദേശ്വര ക്ഷേത്രത്തിനടുത്താണ് ഗായത്രി താമസിച്ചിരുന്നത്. വീടിനടുത്തുതന്നെയാണ് ഡികെഎസ് സ്കൂള്‍. ഏഴാം ക്ലാസ് വരെ പഠിച്ചതും അവിടെയാണ്. സ്കൂളിലേക്ക് പോവുന്നത് വീണ നിര്‍മിക്കുന്നവരുടെ ഗ്രാമത്തിലൂടെ.
വീണക്കമ്പികളില്‍ നിന്നും ഊര്‍ന്നുവീഴുന്ന നിഷ്കളങ്ക സംഗീതം ശ്രവിച്ചുകൊണ്ടാണ്, ഞങ്ങള്‍ കുട്ടികള്‍ രാവിലെയും വൈകുന്നേരവും കടന്നുപോവുന്നത്. അങ്ങനെയാവാം, വീണാലാപം കുഞ്ഞുമനസ്സില്‍ ഒരു ഒബ്സെഷനായി വളര്‍ന്നുവന്നത്. ഒപ്പം ആ ഗ്രാമവാസികളും. ഓര്‍ക്കുന്നു, ഇപ്പോഴും. സ്കൂള്‍ കുട്ടികള്‍ക്കായി ഓരോ വീട്ടുകാരും ഉമ്മറത്തെ തിണ്ണയില്‍ തിളപ്പിച്ചാറ്റിയ കുടിവെള്ളം സൂക്ഷിച്ചുവെക്കുമായിരുന്നു. അതിലൂടെ കടന്നുപോവുന്ന കുട്ടികള്‍ക്ക് ദാഹജലം നല്‍കാനായി. മനസ്സില്‍ സൗഹൃദവും വാത്സല്യവും കരുണയും കാത്തുസൂക്ഷിച്ചിരുന്ന, വീണകളില്‍ ശുദ്ധസംഗീതം സന്നിവേശിപ്പിച്ചിരുന്ന ആ കുടുംബങ്ങള്‍ ഇന്നും ഗായത്രിയുടെ ഓര്‍മയിലെ നറുനിലാവാണ്. വീണ അഭ്യസിക്കണമെന്ന മോഹം അങ്ങനെയാണ് ഉണ്ടായത്.
മൂന്നുവയസ്സുമുതല്‍ നൃത്തം അഭ്യസിപ്പിച്ചിരുന്നതിനാല്‍, വീണയിലേക്ക് ശ്രദ്ധ തിരിഞ്ഞ് നൃത്തം മുടക്കുമോ എന്ന ഭയത്താല്‍ അമ്മ സമ്മതിച്ചില്ല. പക്ഷേ, വീണ പഠിക്കുക തന്നെ ചെയ്തു. ഇപ്പോഴും വീണയില്‍ പഠനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. തഞ്ചാവൂരിലെ കലാകുടുംബാംഗമായ ശ്രീനിവാസപുരം വിജയാഭവനില്‍ വിശ്വനാഥന്റെയും രാധയുടെയും മകളാണ് ഗായത്രി.
തഞ്ചാവൂര്‍ നല്കിയ സൗഭാഗ്യങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഗായത്രി വാചാലയാവുന്നു. കലയുടെ ദേശം, കലാകാരന്മാരുടെ കുടുംബം-ഒരു തികഞ്ഞ കലാകാരിയാവാന്‍ ഗായത്രിയുടെ മനസ്സും ശരീരവും പ്രകൃത്യാ തയ്യാറെടുപ്പു നടത്തിയതായി ഗായത്രിയും സമ്മതിക്കുന്നു. കലയുടെ നാമ്പുകള്‍ മുളപൊട്ടിയത് തഞ്ചാവൂരില്വെച്ചാണ്.
ശ്രീപത്മനാഭന് മുന്നില്‍ നിറഞ്ഞാടിയ നര്‍ത്തകി
നര്‍ത്തകി, ഈശ്വാരംശം സ്വാംശീകരിച്ചെടുക്കുന്ന ഒരുതരം അവസ്ഥാന്തരമാണ് നൃത്തം. ഈശ്വരഭക്തിയോടെയും ഗുരുഭക്തിയോടെയും പ്രേക്ഷകന് മുമ്പില്‍ അവള് സ്വയം സമര്‍പ്പിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ നൃത്തം ഈശ്വരപൂജതന്നെയാണ്. ദൈവീകഭാവത്തിലേക്ക് ഒരു നര്‍ത്തകി എത്തിച്ചേരുന്നതിന് ഒത്തിരി കഷ്ടതകള്‍ നിറഞ്ഞ പാതയിലൂടെ കടന്നുപോകേണ്ടതുണ്ട്. ചലനാത്മകമായ തപസ്സിലൂടെ മാത്രമേ ഒരു നല്ല നര്‍ത്തകി ഉരുവപ്പെടുകയുള്ളൂ-തന്റെ ജീവിതവഴികളിലെ വ്യതിരിക്തമായ അനുഭവങ്ങളെക്കുറിച്ച് ഗായത്രിക്ക് പറയാനൊരുപാടുണ്ട്.
ചെറുപ്രായത്തിലെ നൃത്തലോകത്ത് സ്വന്തമായ ഒരു മേല്‍വിലാസം സൃഷ്ടിച്ചെടുത്ത ഗായത്രിയുടെ കുടുംബം തഞ്ചാവൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി സ്ഥിരതാമസമാക്കുകയായിരുന്നു. അപ്പോള്‍, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവ പഠിക്കുന്നുണ്ടായിരുന്നു. ഭരതക്ഷേത്രം ജയന് ആദ്യകാല ഗുരുവായിരുന്നു. പിന്നീട്, അഞ്ചല്‍ കെ.ശിവാനന്ദന് നായര്‍, ലേഖ തങ്കച്ചി, കോട്ടയം ഭവാനി ചെല്ലപ്പന് എന്നിവരും ഗുരുക്കന്മാരായി.
1996 ലാണ് സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ ഗായത്രി നടനഭൂഷണം കോഴ്സിന് ചേര്‍ന്നത്. മലയാളം അറിയാത്ത തമിഴ് പെണ്‍കൊടി, കോളേജിന്റെ ചുമരുകളില്‍ അലക്ഷ്യമായി വരച്ചിട്ടിരുന്ന നടനമുദ്രകള്‍ കണ്ട് പകച്ചുനിന്നു. താന്‍ അതുവരെ പഠിച്ചുവെച്ച മുദ്രകളില്‍ നിന്നും വിഭിന്നമായി ചുമരിലെ ഹസ്തമുദ്രകളും കാല്ച്ചുവടുകളും തെറ്റാണെന്ന് ഒറ്റനോട്ടത്തിലെ മനസ്സിലാക്കി. പക്ഷേ, വൈകാതെ തന്നെ, തന്റെ ആശങ്കകള്‍ അസ്ഥാനത്താണെന്നും അതൊക്കെ ‘കേരള നടനം’ എന്ന നൃത്തരൂപത്തിന്റെ സവിശേഷമുദ്രകള്‍ ആണെന്നും തിരിച്ചറിഞ്ഞു. അന്നേരമാണ്, ഗായത്രി, ‘കേരളനടനം’ എന്ന നൃത്തകലാരൂപത്തെ അറിയുന്നത്.
ഭരതമുനിയുടെ ‘നാട്യശാസ്ത്രം’, നന്ദികേശ്വരന്റെ ‘അഭിനയദര്‍പ്പണം’ എന്നിവയില്‍ അധിഷ്ഠിതമാണ് ഭരതനാട്യം. എന്നാല്‍, ഇതില്‍നിന്നെല്ലാം വിഭിന്നമായ മുദ്രകളാണ്, കേരളനടനത്തില്‍ ആവിഷ്കൃതമാകുന്നത്. അജ്ഞാതനായ കവി രചിച്ച ‘ഹസ്തലക്ഷണദീപിക’ എന്ന ഗ്രന്ഥമാണ് കേരളനടനത്തിന്റെ മുദ്രകള്‍ക്ക് ആധാരമാവുന്നത്. പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ വെല്ലുവിളിച്ച് മുന്നേറാന്‍ സാധിച്ചതാണ് ഗായത്രിയുടെ വിജയരഹസ്യം.
ശ്രീപത്മനാഭനാണ് ഗായത്രിയുടെ ഇഷ്ടദൈവം. എവിടെയൊക്കെയോ നൃത്തംചെയ്തു. അഭിനന്ദനങ്ങളും കീര്‍ത്തിമുദ്രകളും പൊന്നാടകളും ലഭിച്ചു. പക്ഷേ പത്മനാഭന്റെ മുമ്പില്‍ നൃത്തം വയ്ക്കാന്‍ തനിക്കാവുന്നില്ലല്ലോ എന്ന് ഒരിക്കല്‍ ഗായത്രി മനമുരുകി പ്രാര്‍ത്ഥിച്ചു. അതൊരു പരിഭവം മാത്രമായിരുന്നില്ല. ശ്രീപത്മനാഭഭക്തയുടെ സങ്കടംകൂടി ആയിരുന്നു. മതില്‍ക്കകത്ത് കഥകളി ഒഴിച്ച് മറ്റൊരു കലാരൂപവും അവതരിപ്പിക്കാറില്ല. അതുകൊണ്ടുതന്നെ, തന്റെ ആഗ്രഹം ഒരിക്കലും സഫലീകരിക്കില്ലെന്നും അറിയാമായിരുന്നു.
എന്നാല്‍ കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് നടി മേനക ഫോണില്‍ വിളിക്കുന്നതും തുടര്‍ന്ന് സുരേഷ്കുമാര്‍ സംസാരിക്കുന്നതും. ചരിത്രത്തില്‍ ആദ്യമായി, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ‘മുറജപ’ത്തോടനുബന്ധിച്ച് നൃത്തം അവതരിപ്പിക്കുന്നു. അഷ്ടമംഗല പ്രശ്നത്തില്‍, ദേവന്റെ ഇംഗിതം അതാണെന്ന് തെളിഞ്ഞുവത്രെ! സുരേഷ് കുമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഗായത്രി നൃത്തം അവതരിപ്പിക്കാമെന്ന് സമ്മതിച്ചു. ഒന്നും ഉരിയാടാനാവാതെ അനക്കമറ്റ് നിന്ന നിമിഷങ്ങള്‍ ഇന്നും ഗായത്രിയുടെ ഓര്‍മയിലുണ്ട്.
2014 ലാണ് അതുണ്ടായത്. നൃത്തവേദിയുടെ കാര്യത്തിലും അന്ന് അവിശ്വസനീയമായ ചിലത് സംഭവിക്കുകയുണ്ടായി. നൃത്തത്തിനായുള്ള വേദി തയ്യാറാക്കിയിരുന്നത്, മതില്‍ക്കെട്ടിന്റെ വടക്കുഭാഗത്തായിരുന്നു. അത് ഒരിക്കലും ശ്രീപത്മനാഭന്റെ മുമ്പിലായിരുന്നില്ല. അതുകൊണ്ടുതന്നെ ഭഗവാന് നൃത്തം ദര്‍ശിക്കാന്‍ കഴിയില്ലായിരുന്നു. ഗായത്രിയുടെ നൃത്തത്തിന്റെ ദിവസമായപ്പോള്‍, രാജകുടുംബത്തിന്റെ പ്രത്യേക താല്‍പ്പര്യമനുസരിച്ച്, കിഴക്കേ നടയിലെ തുലാഭാര മണ്ഡപം നൃത്തവേദിയാക്കി മാറ്റി. ഗായത്രി അന്ന് ഭഗവാന്റെ തിരുമുമ്പില്‍ തന്നെ നൃത്തമാടി.
കേരളനടനത്തെ നെഞ്ചേറ്റിയ തമിഴ് മകള്‍
കേരള നടനത്തിന് കേന്ദ്രസര്‍ക്കാരിന്റെ ആദ്യത്തെ സീനിയര്‍ ഫെലോഷിപ്പ് ലഭിച്ചത് ഗായത്രി സുബ്രഹ്മണ്യത്തിനായിരുന്നു. അതുവരെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി തുടങ്ങിയ പത്ത് നൃത്തരൂപങ്ങള്‍ക്ക് മാത്രമാണ് സ്കോളര്‍ഷിപ്പ് നല്‍കിയിരുന്നത്. മികച്ചതും നവീനവുമായ സവിശേഷതകള്‍ കേരളനടനത്തില്‍ സമ്മിശ്രമാക്കിക്കൊണ്ടുള്ള അവതരണരീതി കണ്ട് ഗായത്രിയെ ഒന്നാം റാങ്കോടെ തെരഞ്ഞെടുക്കുകയായിരുന്നു. അതോടൊപ്പം മറ്റ് ഭാരത നൃത്തരൂപങ്ങള്‍ക്കൊപ്പം കേരളനടനവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, കഥകളി എന്നിവയിലും പ്രവീണയാണ്. ഭരതനാട്യവും കേരളനടനവുമാണ് വേദികളില്‍ കൂടുതല്‍ അവതരിപ്പിച്ചിട്ടുള്ളത്.
ഒരു നൃത്തവും വേദിയില്‍ യുദ്ധാനുഭൂതി അല്ല സൃഷ്ടിക്കേണ്ടത്. മനസ്സിന് പിരിമുറുക്കങ്ങള്‍ നല്‍കാത്ത സമാശ്വാസകരമായ അനുഭൂതി പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കണം. നൃത്തവും സംഗീതവുമൊക്കെ അത് കമ്പോസ് ചെയ്യുന്നവര്‍ സ്വയം ആസ്വദിക്കണം. എങ്കിലേ ആസ്വാദകരിലും അത് ചെന്നെത്തുകയുള്ളു-ഗായത്രി പറയുന്നു. അഞ്ഞൂറിലധികം വേദികളില്‍ നൃത്തം അവതരിപ്പിച്ച ഗായത്രി, ഇന്ന് ഭാരതീയ നൃത്തകലയുടെ അഭിമാനതാരമായി മാറിയിരിക്കുന്നു. നാല്‍പ്പത്തിരണ്ട് രാജ്യങ്ങളിലെ നര്‍ത്തകര്‍ക്കൊപ്പം, 2009 ല്‍ ഗായത്രി കേരളനടനവുമായി തായ്വാനില് എത്തിയിരുന്നു. നാല് തവണ, തായ്വാനില് ഭാരതത്തെ പ്രതിനിധീകരിക്കാന്‍ ഗായത്രിക്ക് കഴിഞ്ഞു. 2012 ല്‍ മോസ്കോയില്‍ നടന്ന കേരളീയം ഫെസ്റ്റിവലിലും ഗായത്രി കേരളനടനം അവതരിപ്പിക്കുകയുണ്ടായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആറ് തവണ നൃത്തം അവതരിപ്പിച്ചു.
സ്വാതി തിരുനാള്‍ ഗവ.കോളേജില്‍ സാധന നാട്യോത്സവത്തോടനുബന്ധിച്ച് നടന്ന ദേശീയ സെമിനാറില്‍ നൂറ്റിയെട്ട് കരണങ്ങള്‍ സോദ്ദാഹരണ സഹിതമാണ് അവതരിപ്പിച്ചത്. സ്വാതി ഫെസ്റ്റില്‍, താന്‍ അത്രയേറെ പ്രണയിക്കുന്ന സ്വാതി തിരുനാളിന്റെ കൃതികളെ ആസ്പദമാക്കിയുള്ള കേരളനടനം അവതരിപ്പിക്കുവാനും ഗായത്രിക്ക് കഴിഞ്ഞു.
തമിഴ്നാട്ടിലെ നാമക്കലില്‍ 2013 ല്‍ സംഘടിപ്പിച്ച പാട്ടും ഭരതവും ഭാരതിയും എന്ന നൃത്ത സംഗീത വേദിയില്‍ ഭരതനാട്യം അവതരിപ്പിച്ചത് മഹത്തായ അനുഭവമായിരുന്നെന്ന് ഗായത്രി. മുവ്വായിരം ഭരതനാട്യം നര്‍ത്തകരും രണ്ടായിരം സംഗീതജ്ഞരുമാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ നടത്തിയ 1500 നര്‍ത്തകികള്‍ പങ്കെടുത്ത മോഹിനിയാട്ടം മഹോത്സവത്തില്‍ നൃത്തം ചെയ്യുവാനും 350 വിദ്യാര്‍ത്ഥികളെ, വിമല മേനോന് ടീച്ചറിന്റെ നേതൃത്വത്തില്‍ മോഹിനിയാട്ടം പഠിപ്പിച്ച് അവതരണയോഗ്യരാക്കാനും സാധിച്ചു. ഇത്തരത്തില്‍ നിരവധി വേദികളിലാണ് ഗായത്രി തന്റെ നൃത്ത വൈഭവം പ്രകടിപ്പിച്ചിരിക്കുന്നത്. കേരള നടനത്തെ അഹല്യാമോക്ഷം നല്കി ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ പ്രതിഷ്ഠിച്ചത് ഗായത്രി സുബ്രഹ്മണ്യമാണ്. അതിന്റെ കീര്‍ത്തി ഭാരതവും വിട്ട് ചൈനയിലും റഷ്യയിലും എത്തിനില്‍ക്കുന്നു.
ചൈനീസ് കഥയായ ബട്ടര്‍ഫ്ളൈ ലവേഴ്സ് കേരളനടനമായി തിരുവനന്തപുരത്തു നടന്ന ഭാരത് ഫെസ്റ്റില്‍ അവതരിപ്പിച്ച് ഗായത്രി ഏറെ പ്രശംസനേടിയിരുന്നു. കലാമണ്ഡലം ഷിജുകുമാറാണ് ചൈനീസ് കഥ ഗാനരൂപത്തില്‍ എഴുതിയത്. മലയാളം സിനിമയിലെ നിറസാന്നിധ്യവും നര്‍ത്തകിയുമായ സുബ്ബലക്ഷ്മി അമ്മാള്‍ സംഗീതം നല്കി, ജി. ശ്രീറാം പാടി. ‘മാഡം ബട്ടര്‍ഫ്ളൈ’ എന്ന ജാപ്പനീസ് കഥയുടെ നൃത്തരൂപം ഗായത്രി തായ്വാനിലും അവതരിപ്പിക്കുകയുണ്ടായി. ‘നന്മ മലയാളം’ എന്ന പേരില്‍ മലയാളത്തിലെ പ്രശസ്തരായ കവികളുടെ കവിതകളുടെ നൃത്താവിഷ്കാരവും കേരളനടത്തില് നടത്തി പുതുമകൊണ്ടുവന്നു. കാവാലം ശ്രീകുമാറാണ് അന്ന് ഗായത്രിക്കുവേണ്ടി പാടിയത്.
തിരുപ്പതി ക്ഷേത്രത്തിലേക്കു വേണ്ടി ഗായത്രി പ്രത്യേകം ചിട്ടപ്പെടുത്തിയെടുത്ത കേരളനടനമാണ് ‘മരുത്തുക്കളുടെ ജന്മം’. അത് പൂര്‍ണമായും സംസ്കൃത ഭാഷയിലായിരുന്നു. തമിഴ്കവി സുബ്രഹ്മണ്യഭാരതിയുടെ കവിതകള്‍ ആദ്യമായി കേരളനടനത്തില്‍ അവതരിപ്പിച്ചതും ഗായത്രിയാണ്. നിരവധി പുരസ്കാരങ്ങളാണ് ഇതിനോടകം ഗായത്രിയെ തേടിയെത്തിയിരിക്കുന്നത്.
2013 ല്‍ തിരുവനന്തപുരത്തെ എസ്എസ്ടി ഗവ കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് വീണാ സംഘ്, സ്വാതിവന്ദനം പുരസ്കാര്‍ ഗായത്രിക്ക് നല്കി ആദരിച്ചിരുന്നു. തമിഴ്നാട്ടിലെ കരൂര്‍ നാട്യാജ്ഞലി ട്രസ്റ്റിന്റെ മുദ്രൈ പതിത്ത വിത്തഗര് പുരസ്കാരം ഗായത്രിക്ക് ലഭിച്ചു. ഒഡീഷ നാഷണല്‍ കള്‍ച്ചറല്‍ മിഷന്, ദേവദാസി നൃത്തമന്ദിര്, കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള ശ്രീ ജയദേവ് രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാര്‍, ഗുരുഗോപിനാഥ് ട്രസ്റ്റിന്റെ 2002 ലെ യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് ഗായത്രിയെ തേടിയെത്തിയിരിക്കുന്നത്. 2009 ല്‍ ഗുരുഗോപിനാഥ് ട്രസ്റ്റിന്റെ നൃത്തരത്ന അവാര്‍ഡ് തിരുവിതാംകൂര്‍ മാര്‍ത്താണ്ഡ വര്‍മ മഹാരാജാവില്‍ ഏറ്റുവാങ്ങാന്‍ കഴിഞ്ഞതാണ് മറ്റൊരു അനുഗ്രഹം.
പാരമ്പര്യങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഗായത്രിയുടെ മനസ്സില്‍ വിരിഞ്ഞ നൃത്തരൂപമാണ് ശാസ്ത്രനൃത്യം. അതൊരു പരീക്ഷണമായിരുന്നെങ്കിലും മഹത്തായ വിജയമായിരുന്നു. ഹസ്തലക്ഷണദീപിക പ്രകാരമുള്ള, കേരളീയ കലകള്‍ക്ക് നല്കുന്ന മുദ്രകളും ഹിന്ദുസ്ഥാനി സംഗീത-താളങ്ങളും നാട്യശാസ്ത്രത്തിലെ കരണങ്ങളും സൗന്ദര്യാത്മകമായി മിശ്രണം ചെയ്ത് രൂപപ്പെടുത്തിയതാണ് ശാസ്ത്രനൃത്യം.
നാട്യശാസ്ത്രത്തിലെ നാലാം അധ്യായത്തിലെ താണ്ഡവലക്ഷണത്തിലാണ് വര്‍ണിതം, സമാനകം, ലീനം, ഭ്രമരം, ലളിതം, ചതുരം, ചിത്തം, ക്രാന്തം, ആവര്‍ത്തം, കരിഹസ്തം, സര്പ്പിതം, ജനിതം, ലോലിതം, ഗംഗാവതരണം എന്നിങ്ങനെ നൂറ്റിയെട്ട് കരണങ്ങള്‍ ഉള്ളത്. ഇതിനെ അധികരിച്ചാണ് ഗായത്രി ശാസ്ത്രനൃത്യം സംവിധാനം ചെയ്തത്. അതിനുവേണ്ടി നടകള്‍ വായിക്കുന്നത് തബലയില്ത്തന്നെ വേണമെന്നും നിര്‍ബന്ധമായിരുന്നു. സാധാരണ മൃദംഗത്തിലാണ് നടകള്‍ വായിക്കുന്നത്. തബലകലാകാരന് മഹേഷ് മണിയാണ് ഈ നൃത്തപരീക്ഷണത്തില്‍ ഗായത്രിക്കൊപ്പം ഉണ്ടായിരുന്നത്. മഹാഭാഗ്യങ്ങള്‍ വേദിയില്‍ തന്നെ തേടിയെത്തിയതായും ഗായത്രി വിശ്വസിക്കുന്നു.
പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായരുടെ കൂടെ നരകാസുരവധം കഥകളിയില്‍ നരകാസുര പത്നിയായി വേഷമിടാന്‍ അവസരം ലഭിച്ചത്, കഥകളിയിലെ ആദ്യവനിതാ കലാകാരിയായ ചവറ പാറുക്കുട്ടിയമ്മയുടെ കൂടെ ഉഷാചിത്രലേഖ എന്ന, കഥകളിയും കേരളനടനവും ഇഴകോര്‍ത്ത് മെനഞ്ഞെടുത്ത നൃത്തവിസ്മയത്തില്‍ ഉഷയായി വേഷമിട്ടതും കോട്ടയം ഭവാനി ചെല്ലപ്പന്റെ കൂടെ മന്ഥര-കൈകേയി എന്ന പേരിലവതരിപ്പിച്ച കേരള നടനത്തില്‍ കൈകേയിയെ അവതരിപ്പിച്ചതും മുജ്ജന്മ സുകൃതമായും ഗായത്രി വിശ്വസിക്കുന്നു.
ഗുരുഭക്തിയും ഈശ്വരവിശ്വാസവും ഇഴപാകിയ ജീവിതം. ഇന്നും പുതിയ അറിവുകള്‍ തേടിക്കൊണ്ടിരിക്കുകയാണ് ഈ കലാകാരി. കേരളനടനത്തിനു പുറമെ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം കുച്ചുപ്പുടി, തിരുവാതിര എന്നീ നൃത്ത ഇനങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. കഥകളിയില്‍ വെമ്പായം അപ്പുക്കുട്ടന് ആശാനായിരുന്നു ഗുരു. പ്രശസ്ത നൃത്താചാര്യന്‍ ആയിരുന്ന നട്ടുവം പരമശിവത്തിനുകീഴില് ഭരതനാട്യം അഭ്യസിക്കാനും ഗായത്രിക്ക് കഴിഞ്ഞു. കളരി ഗുരുക്കളായിരുന്ന ഗോപി ആശാനില്‍ നിന്നും പഠിച്ച ‘കളരിവടിവു’കളെ നൃത്തത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഗായത്രി. സത്യന് ഗുരുക്കളും രാജന് ഗുരുക്കള്‍ എന്നിവരില്‍ നിന്നും കളരി പഠിച്ചിരുന്നു. യോഗ അഭ്യസിച്ച് മനസ്സിനെ കൂടുതല്‍ ഏകാഗ്രമാക്കുന്നു. ഗുരു ഗോപിനാഥ് ഡാന്‍സ് മ്യൂസിയത്തിന്റെ ബോര്‍ഡ് അംഗവും ഭാരത് കലാകേന്ദ്രയുടെ ഡയറക്ടറുമാണ് കേരളത്തിന്റെ സ്വന്തം ഗായത്രി സുബ്രഹ്മണ്യം. ഇരിങ്ങാലക്കുട പെരുവെമ്പ് മഠംവീട്ടില്‍ സുബ്രഹ്മണ്യനാണ് ഗായത്രിയുടെ ജീവിതപങ്കാളി. ഏകമകള്‍ സുബ്ബലക്ഷ്മി ഏഴാം ക്ലാസില്‍ പഠിക്കുന്നു. നര്‍ത്തകിയും മികച്ച ഗായികയുമാണ് മകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: