ജീവിതത്തില്‍ ചിലത് സംഭവിക്കുന്നത് അപ്രതീക്ഷിതമായിട്ടായിരിക്കും. അതില്‍ ചിലത്, ഈശ്വരനിയോഗമായിരിക്കും. തിരുവനന്തപുരം സ്വദേശി സായികൃഷ്ണന്റെ ജീവിതത്തില്‍ സംഭവിച്ചത് അത്തരത്തിലൊന്നാണ്.
നൃത്തത്തോടുള്ള കടുത്തയിഷ്ടം കൈമുതലാക്കി സായികൃഷ്ണന്‍ ചെന്നെത്തിയത് ചെന്നൈ കലാക്ഷേത്രയില്‍…. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തുന്ന പ്രതിഭകളുടെ മാറ്റുരയ്ക്കലില്‍ നിന്നുമാത്രം പ്രവേശനം സാധ്യമാകുന്ന ആ സരസ്വതി ക്ഷേത്രത്തില്‍, വ്യക്തമായ നൃത്ത പശ്ചാത്തലമില്ലാത്ത സായിയെപ്പോലെ ഒരാള്‍ക്കു അവസരം തുറക്കുക…. ഭരതനാട്യത്തില്‍ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും പൂര്‍ത്തിയാക്കുക… ഇനി മുന്നോട്ടുള്ള യാത്ര നൃത്തവഴിയിലൂടെ മാത്രമെന്ന ദൃഢനിശ്ചയത്തോടെ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുക… സായിയുടെ കാര്യത്തില്‍ അവയെല്ലാം സംഭവിച്ചത് ഈശ്വരനിയോഗമെന്നല്ലാതെ മറ്റെന്താണ്? അതങ്ങനെതന്നെയാണെന്ന് അടിയുറച്ച് വിശ്വസിക്കുകയാണ് സായിയുടെ അച്ഛന് മുരളീധരന് നായര്‍. തിരുവനന്തപുരം കല്ലമ്മൂട് ജംഗ്ഷനിലെ എസ്വിഎസ് ഭവനത്തിലിരുന്ന് സായിയുടെ അഭാവത്തില്‍ അത് പറയുമ്പോള്‍, ആ പിതാവിന്റെ ഓര്‍മ്മകള്‍ പിന്നോട്ടു സഞ്ചരിച്ചുകഴിഞ്ഞു… അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന്…
‘കുഞ്ഞായിരിക്കുമ്പോള്‍ തന്നെ സായിക്ക് നൃത്തത്തോട് വല്ലാത്ത കമ്പം തോന്നിയിരുന്നു. അവന്റെ കാതുകളെ തേടിയെത്തുന്ന ഈണങ്ങള്‍ക്കനുസൃതമായി ചുവടുവെയ്ക്കുന്നത് കണ്ടപ്പോള്‍ അതിന് ശാസ്ത്രീയമായ പഠനം വേണമെന്ന് തീരുമാനിച്ചു. പ്രൊഫ. വിനയചന്ദ്രന് മാസ്റ്റര്‍ ഗുരുസ്ഥാനത്തെത്തുന്നതങ്ങനെയാണ്. പക്ഷേ പഠനം ദീര്‍ഘനാള്‍ തുടരാന്‍ സാധിച്ചില്ല.
പഠിക്കുന്ന കാലത്ത് സുഹൃത്തുക്കളുടെ ഇല്ലായ്മ കണ്ടറിഞ്ഞ് സഹായിക്കുന്നതില്‍ സായി അതീവശ്രദ്ധാലുവായിരുന്നു. ആ സഹായമനഃസ്ഥിതി അയാളുടെ സൗഹൃദവലയവ്യാപ്തി കൂട്ടി. അത് ഒരളവിനുമേല്‍ കടന്ന് കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തുകയും മാതാപിതാക്കളെ ആ അവസ്ഥ വേദനിപ്പിക്കുന്നുണ്ടെന്നും മനസ്സിലാക്കിയ സായി, ഒരു ആവശ്യം മുന്നോട്ടു വച്ചു.
‘അച്ഛാ, എനിക്ക് ചെന്നൈ കലാക്ഷേത്രയില്‍ ചേര്‍ന്ന് നൃത്തത്തില്‍ കൂടുതല്‍ അറിവുനേടണം. അവിടെ ഒരു അഡ്മിഷന് തരപ്പെടുത്തിത്തരാന്‍ അച്ഛന് സാധിക്കുമോ’? സുഹൃത്തുക്കളുടെ കൂട്ടുകെട്ടില്‍ നിന്നും തത്കാലം അകന്നു നില്‍ക്കാനും അതുവഴി നൃത്തത്തിലേയ്ക്ക് കൂടുതല്‍ ആഴത്തില്‍ സഞ്ചരിക്കാനുമായിരുന്നു അതിലൂടെ അവന് ആഗ്രഹിച്ചത്. പക്ഷേ വ്യക്തമായ ഒരു ഉത്തരം അന്നേരം നല്കാന് സാധിച്ചില്ല. കടുത്ത ശ്രീകണ്ഠേശ്വര ഭക്തനായ ഞാന്‍ ആ ദൗത്യം ഈശ്വരനിലര്‍പ്പിച്ചു. തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകനായ എന്റെ പ്രയാസം ഈശ്വരന് മനസ്സിലാക്കിയിട്ടെന്നപോലെ അടുത്ത ദിവസം തന്നെ അതിനുള്ള വഴി തുറന്നുതന്നു. ക്ഷേത്രത്തില്‍ സ്ഥിരം വരാറുള്ള ഒരു വ്യക്തിക്ക് ചെന്നൈ കലാക്ഷേത്രയുമായി അടുത്ത ബന്ധമുണ്ടെന്നറിഞ്ഞ് ആ വഴി നീങ്ങി.
നൃത്തത്തിന്റെ മഹനീയ പഠനകേന്ദ്രമായ കലാക്ഷേത്രയില്‍ ഞാനും അവനും കാലുകുത്തുമ്പോള്‍, അവന് കൃത്യമായ നൃത്തപശ്ചാത്തലമില്ലായിരുന്നുവെന്നുതന്നെ പറയാം. ഒരു അമ്പലത്തില്‍ പെര്‍ഫോം ചെയ്ത ഡാന്‍സിന്റെ സീഡിയുമായിട്ടായിരുന്നു അവിടെ ഇന്റര്‍വ്യൂവിന് ക്യൂ നിന്നത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വ്യക്തമായ പരിശീലനം സിദ്ധിച്ചവരുടെ വലിയ കൂട്ടം കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ അമ്പരന്നു. കേരള കലാമണ്ഡലത്തിലെ കുട്ടികള്‍ അവരുടെ തന്നെ യൂണിഫോമില്‍ നില്‍ക്കുന്നതുകൂടി കണ്ടപ്പോള്‍ അവനെന്നോടു ചോദിച്ചു, ‘അച്ഛാ നമുക്ക് തിരിച്ചുപോയാേലാ?’ അവിടെ, ഞങ്ങള്‍ ബന്ധപ്പെട്ട വ്യക്തി ഒരു കാര്യം തറപ്പിച്ചുപറഞ്ഞു, ‘സായി, നിങ്ങളിവിടം വരെ വന്ന സ്ഥിതിക്ക് ഇന്റര്‍വ്യൂ അറ്റന്റ് ചെയ്തിട്ടേ പോകുന്നുള്ളു’. അത് ശ്രീകണ്ഠേശ്വരന് അയാളെക്കൊണ്ട് പറയിപ്പിച്ചതായിരുന്നു എന്ന് ഞാനുറച്ചു വിശ്വസിക്കുന്നു.
ഒരു ശിവസ്തുതിക്കനുസൃതമായി സായി തന്നെ ചിട്ടപ്പെടുത്തിയ നൃത്തച്ചുവടുകളുടെ കണ്ണി മുറിയാതെയുള്ള പ്രകടനം കഴിഞ്ഞ് അതിന്റെ ഫലം പോലും നോക്കാതെ നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ് ഇന്റര്‍വ്യൂ ബോര്‍ഡ് ഹെഡിന്റെ വിളി വരുന്നത്, ‘സായി, നിങ്ങളിലെ നര്ത്തകന് ചിറക് വിരിച്ചു പറക്കാനുള്ള തീഷ്ണമായ ത്വര ഞങ്ങള്‍ മനസ്സിലാക്കുന്നു. അതിനുള്ള ആകാശമൊരുക്കലാണ് ഇനി പ്രധാനം. നിങ്ങള്‍ക്ക് കലാക്ഷേത്രയിലേക്ക് സ്വാഗതം’. സര്‍വ്വാലംകൃതമായ ശ്രീകണ്ഠേശ്വര പ്രതിഷ്ഠയുടെ ചൈതന്യം ശരീരമാസകലം അനുഭവിച്ച നിമിഷങ്ങളായിരുന്നു അന്നേരമുണ്ടായത്. കണ്ണുകളില്‍ നിറഞ്ഞ ആനന്ദാശ്രുക്കള്‍ ഞങ്ങളുടെ ചുറ്റുമുള്ള കാഴ്ചയില്‍ മങ്ങല്‍ വരുത്തി’.
ഇന്ന് കലാക്ഷേത്രയില്‍ നിന്നും ഗുരു ഹരിപദ്മന്റെ ശിക്ഷണത്തില്‍, ഭരതനാട്യത്തില്‍ ഡിപ്ലോമയും, പോസ്റ്റ് ഡിപ്ലോമയും പൂര്‍ത്തിയാക്കി. ജീവിതത്തില്‍ നൃത്തത്തിന്റെ വഴികളിലൂടെ മാത്രം സഞ്ചാരമെന്ന ഉറച്ച തീരുമാനത്തില്‍ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് സായി. വീടിന്റെ മുകളിലത്തെ രണ്ടു നിലകളിലായി കലാക്ഷേത്രയുടെ മാതൃകയില്‍ ഡാന്‍സ് സ്കൂള്‍ പണിതിട്ട് കാത്തിരിക്കുകയാണ് പിതാവ്. കലാക്ഷേത്രയില്‍ നിന്നും ഇക്കാലമത്രയും സ്വായത്തമാക്കിയ നൃത്തപാഠങ്ങളിലൂടെ മുന്നോട്ടു യാത്രചെയ്യുവാനും ഒപ്പം ആ അറിവ് മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കാനും. സംശയമില്ല സായി കൃഷ്ണനിത് ഈശ്വരനിയോഗത്തില്‍ പൊതിഞ്ഞ സ്വപ്നസാക്ഷാത്കാരം തന്നെയാണ്. ലീലയാണ് അമ്മ. വിനീത് ചേട്ടനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: