രണ്ടു സംസ്ഥാനങ്ങള്‍ക്കിടയിലൂടെ ഈ പുഴ ഒഴുകുകയാണ്, വൈദ്യുതിയിലേക്ക്. ഇന്നലെകളിലും ഈ പുഴയുണ്ടായിരുന്നു, കര്‍ണ്ണാടത്തിന്റെയും കേരളത്തിന്റെയും അതിരില്‍ ഒരു കസവുപുടവപോലെ.
കണ്ണൂര്‍ ജില്ലയിലെ പ്രകൃതി സുന്ദരമായ മലയോര പഞ്ചായത്ത് അയ്യന്‍കുന്നിനെയും കര്‍ണ്ണാടകയുടെ കശ്മീര്‍ എന്ന് വിളിക്കുന്ന കുടക് ജില്ലയിലെ മാക്കൂട്ടത്തെയും വേര്‍തിരിക്കുന്ന ബാരാപ്പുഴയുടെ സൗന്ദര്യമാണിന്നലെവരെ പലരും കണ്ടിരുന്നത്. ഇനി അവള് ശക്തിയാവുകയാണ്, വടക്കേ മലബാറിനാകെ ഊര്ജ്ജദായിനിയാകുകയാണ്, പുഴയെ ആശ്രയിച്ച് കെഎസ്ഇബിയുടെ ഉടമസ്ഥതയില്‍ ഒരുങ്ങുന്ന മിനി ജലവൈദ്യുത പദ്ധതി ഇപ്പോള്‍ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
അയ്യന്‍കുന്ന്
കേരളവും കര്‍ണ്ണാടകവും അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍ ജില്ലയിലെ ഒരു മലയോര പഞ്ചായത്താണ് അയ്യന്‍കുന്ന്. കുന്നുകളും മലകളും നിറഞ്ഞ പ്രകൃതി മനോഹരിയായ ഈ ഗ്രാമപഞ്ചായത്തില്‍ അധിവസിക്കുന്നവര്‍ ഏറെയും തിരുവിതാംകൂറിലെ വിവിധ മേഖലകളി നിന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് കുടിയേറിപ്പാര്‍ത്തവരാണ്.
റബ്ബറും, മരച്ചീനിയും തെങ്ങും കവുങ്ങും, ആശുമാവും തിങ്ങി നിറഞ്ഞു നില്ക്കുന്ന ഒരു ഹരിതപ്രദേശം. ഇവിടത്തെ മലകള്‍ക്ക് മുകളിലും, മലമടക്കുകളിലും, സമതലങ്ങളിലും മറ്റും കാടിനോടും കാട്ടുമൃഗങ്ങളോടും പടവെട്ടി ഇവിടെ കുടിയേറിപ്പാര്ത്തവര് നാണ്യ വിളകളുടെ കനകം വിളയിച്ചു. അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്തിലെ കച്ചേരിക്കടവിലെ പാലത്തിന് കടവിലാണ് ബാരാപ്പോള്‍ മിനി ജലവൈദ്യുത പദ്ധതി.
പാലത്തിന്‍കടവ് ഒരു സ്വര്‍ഗ്ഗഭൂമി
പാലത്തിന് കടവ് പ്രകൃതി ഒരുക്കിയ ഒരു സ്വര്‍ഗ്ഗഭൂമിയാണ്. ഇവിടെ എത്തിച്ചേരുന്ന ഏത് പ്രകൃതി സ്നേഹിയും ഈ ഭൂവിനെ ഒന്നുതൊട്ടു വണങ്ങിപ്പോവും. ഒരു വശത്ത് കുടകിന്റെ അതിരു തീര്‍ക്കുന്ന ഹരിത നീലിമയാര്‍ന്ന ബ്രഹ്മഗിരി മലകളുടെ നീണ്ടനിര. മറ്റൊരു ഭാഗത്ത് തലയുയര്‍ത്തി നില്ക്കുന്ന വയനാടന്‍ മലനിരകള്‍. ഇടയിലൂടെ രണ്ടു സംസ്കാരങ്ങള്‍ക്ക് അതിരിട്ട് ഓളം തീര്‍ത്ത് കലപിലകൂട്ടി ഒഴുകിയെത്തുന്ന അതിസുന്ദരിയായ നീര്‍ച്ചോല.
മലയാളികള്‍ ബാരാപുഴ എന്നും കുടകര്‍ ബാരാപ്പൊള് എന്നും ഈ പുഴയെ വിളിക്കുന്നു. ബാരാപ്പുഴ ഇരിട്ടി വഴി ഒഴുകി വളപട്ടണം പുഴയായി കടലില്‍ ചേരുന്നു. ഇരിട്ടിയില്‍ പുഴ വയനാടന്‍ മലനിരകളില്‍ നിന്നും ഒഴുകിയെത്തുന്ന ബാവലിപ്പുഴയുമായി സംഗമിക്കുന്നു. ഇരിട്ടിയില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെയായി ഈ പുഴയില്‍ തീര്‍ത്ത അണക്കെട്ടാണ് പഴശ്ശി. ഇത് കണ്ണൂര്‍ ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയായി ഇന്ന് ഉപയോഗിക്കുന്നു.
120 കോടിയുടെ പദ്ധതി
പൂര്‍ണ്ണമായും കെഎസ്ഇബി യുടെ ഉടമസ്ഥതയിലുള്ളതാണ് ബാരാപ്പോള്‍ മിനി ജലവൈദ്യുത പദ്ധതി. 120കോടിയാണ് നിര്‍മ്മാണ ചെലവ്. 15 മെഗാവാട്ട് സ്ഥാപിത ശേഷി. കേരളത്തിലെ മിനി ജലവൈദ്യുത പദ്ധതികളില്‍ ഏറ്റവും വലുത്. കേരളത്തില്‍ ആദ്യമായാണ് പുഴയില്‍ തടയണ കെട്ടി വെള്ളം തടഞ്ഞു നിര്‍ത്താതെ ട്രഞ്ചിനീയിങ് സംവിധാനത്തില്‍ ഒരു വൈദ്യുത പദ്ധതിയുടെ നിര്‍മ്മിക്കുന്നത്. അഞ്ച് മെഗാവാട്ടിന്റെ മൂന്നു ജനറേറ്ററുകള്‍ ഉപയോഗിച്ച് 36 ദശലക്ഷം വൈദ്യുതിയാണ് പ്രതിവര്‍ഷം ഇതിലൂടെ ലക്ഷ്യമിടുന്നത്.
150 അടി ഉയരവും 15 അടി വീതിയുമുള്ള ഡാം നിര്‍മ്മിച്ച് 21 മെഗാവാട്ട് ശേഷിയുള്ള ഒരു സാധാരണ ജല വൈദ്യുത പദ്ധതിയായിരുന്നു ആദ്യം ഇവിടെ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണ്ണാടകയുടെ ഒരു വലിയഭാഗം വനഭൂമിയും കേരളത്തിന്റെ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയും പുഴയില്‍ തടയണ കെട്ടുന്നതോടെ വെള്ളത്തിലാവും എന്ന പ്രശ്നം ഉടലെടുത്തതോടെയാണ് മറിച്ചു ചിന്തിക്കുവാന്‍ കെഎസ്ഇബിയെ പ്രേരിപ്പിച്ചത്. ഇതിനെതിരെ കര്‍ണ്ണാടകവും കേരളത്തിലെ ഈ മേഖലയിലെ കുടിയേറ്റ കര്‍ഷകരും ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.
പുഴയില്‍ ഒഴുകി എത്തുന്ന 30 ശതമാനം ജലമേ പുതിയ സംവിധാനത്തിനായി ഉപയോഗിക്കുന്നുള്ളു. പുഴയുടെ മുകള്‍ ഭാഗത്ത് അടിത്തട്ടില്‍ പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന രണ്ട് ട്രഞ്ചുകള്‍ ആണ് ജലത്തെ തിരിച്ചു വിടുന്നത്. രണ്ടര മീറ്റര്‍ വീതിയും ശരാശരി മൂന്ന് മീറ്റര്‍ ആഴവുമുള്ള ഈ ചാലുകള്‍ക്ക് മുകളില്‍ നദിയുടെ ഇടതു കരയിലേക്ക് ചരിവ് നല്‍കിയിട്ടുണ്ട്. ഈ ചാലുകള്‍ക്ക് മുകളില്‍ ട്രാക്ക് വാക്ക് എന്ന അരിപ്പ പാകിയിട്ടുണ്ട്. നദിയിലൂടെ ഒഴുകി വരുന്ന ജലം ഈ അരിപ്പ വഴി ട്രഞ്ചിനകത്തേക്ക് പതിക്കുകയും ചാലിലൂടെ ഒഴുകി വരുന്ന ജലം 15 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയും 74 മീറ്റര്‍ ആഴവുമുള്ള തടാകത്തിലാണ് പതിക്കുന്നത്. ഈ തടാകത്തിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കുന്നതിനായി ഷട്ടറുകളും നിര്‍മ്മിച്ചിട്ടുണ്ട്.
പെന്‍സ്റ്റോക്ക് പൈപ്പുവഴി കടത്തി വിടുന്ന ജലത്തിന്റെ ശക്തിയില്‍ പവ്വര്‍ ഹൗസിനകത്ത് സ്ഥാപിച്ചിരിക്കുന്ന ടര്‍ബൈനുകളെ കറക്കിയാണ് വൈദ്യുതി ഉത്പാദിപ്പിക്കുക. ഭൂഗര്‍ഭ കേബിള്‍ വഴി കുന്നോത്ത് സബ്സ്റ്റേഷനില്‍ എത്തിച്ചു 16 എംവിഎ പവര്‍ ട്രാന്‍സ്ഫോര്‍മര്‍ വഴി 110 കെവിയാക്കി വിതരണം ചെയ്യും. കൂടാതെ, കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ അനുമതിയോടെ 15 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കുവാനുള്ള സൗരോര്‍ജ്ജ പദ്ധതികൂടി ഇവിടെ വിഭാവനം ചെയ്തിട്ടുണ്ട്. 35കോടി രൂപ ചെലവ് പ്രതീക്ഷിക്കുന ഈ പദ്ധതിക്ക് ഏഴരക്കോടി രൂപ കേന്ദ്രം നല്‍കും.
പദ്ധതി ഐക്യരാഷ്ട്രസഭയുടെ പരിതസ്ഥിതി പരിപാലന സംവിധാനമായ ക്ലീന്‍ ഡെവലപ്മെന്റ് മെക്കാനിസം പ്രോജക്ടായി രൂപകല്പന ചെയ്തതിലൂടെ കാര്‍ബണ്‍ വ്യാപാരത്തിലൂടെയുള്ള വരുമാനവും ഈ പദ്ധതിയിലൂടെ നമുക്ക് അധിക നേട്ടമാവും. അതോടൊപ്പം പ്രകൃതി മനോഹരമായ ഈ ഹരിത ഭൂമിയില്‍ പദ്ധതിയുടെ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി മലമ്പുഴ പോലെ ഒരു പ്രകൃതി സൗഹൃദ ടൂറിസം പദ്ധതികൂടി വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്താല്‍ കേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റു കേന്ദ്രമാക്കി ബാരാപ്പോളിനെ മാറ്റുവാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: