ഒരു കഥ കേട്ടിട്ടുണ്ട്. എബ്രഹാം ലിങ്കണെപ്പറ്റിയുള്ളതാണ് കേട്ട കഥ. രാജ്യത്തെ ഭരണാധികാരിയായ ശേഷം എബ്രഹാംലിങ്കണ് കാറില്‍ യാത്രചെയ്യുകയായിരുന്നു. അപ്പോഴാണ് വഴിയരികിലെ ഓടയില്‍ ഒരു പന്നിക്കുട്ടി കിടക്കുന്നത് കണ്ടത്. അദ്ദേഹം ഉടനെ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കാര്യം മനസ്സിലായില്ല. എങ്കിലും ഡ്രൈവര്‍ ആജ്ഞ അനുസരിച്ചു. ഉടനെ തന്റെ അംഗരക്ഷകരോട് ആ പന്നിക്കുട്ടിയെ ഓടയില്‍ നിന്നും രക്ഷിക്കാന്‍ ഉത്തരവിട്ടു. അതിശയം അപ്പോള്പുറത്തുകാട്ടാതെ അംഗരക്ഷകന് ലിങ്കന്റെ ആജ്ഞ അനുസരിച്ചു. അതിനുശേഷം അദ്ദേഹത്തോട് വിനയപൂര്‍വ്വം ആരാഞ്ഞു. ‘സര്…അങ്ങ് ഒരു രാജ്യത്തിന്റെ ഭരണാധികാരിയല്ലെ. അങ്ങ് ഓടയില്‍ കിടക്കുന്ന ഈ പന്നിക്കുട്ടിയെ രക്ഷപെടുത്താന്‍ ഇത്രയും വിഷമത്തോടെ പറഞ്ഞതെന്തിന്?. അത് വെറുമൊരു പന്നിക്കുട്ടി മാത്രമല്ലേ? ലിങ്കണ് ചിരിച്ചു, എന്നിട്ടു പറഞ്ഞു. ‘ഞാന്‍ രക്ഷപെടുത്തിയത് ഒരു പന്നിക്കുട്ടിയെ ആണെന്ന് ആരുപറഞ്ഞു.’ അംഗരക്ഷകന് അത്ഭുത സ്തബ്ധനായി.! ലിങ്കണ് തുടര്‍ന്നു
‘ഓടയില്‍ കിടന്ന് രക്ഷപെടാന്‍ കാണിക്കുന്ന വെപ്രാളവും ബഹളവും എന്റെ മനസ്സിനെ വല്ലാതെ അസ്വാരസ്യപ്പെടുത്തി. അതിനെ രക്ഷിച്ചില്ലായിരുന്നുവെങ്കില്‍ എന്റെ മനസ്സ് ആകെ അസ്വസ്ഥമായിത്തുടര്ന്നേനെ. യഥാര്‍ത്ഥത്തില്‍ ഓടയില്‍ നിന്ന് നിങ്ങള്‍ ആ പന്നിക്കുട്ടിയെയല്ല, നേരമറിച്ച് എന്റെ അസ്വസ്ഥതയെയാണ് എടുത്തുമാറ്റിയത്.’
മനസ്! അത് എന്നും ഒരു അത്ഭുത പ്രപഞ്ചമാണ്. ജ്യോതിഷത്തില്‍ മനസ്സിനെ ചന്ദ്രനുമായി ചേര്‍ത്താണ് ചിന്തിക്കുക. വൃദ്ധിക്ഷയങ്ങളുള്ള ചന്ദ്രനെപ്പോലെ മനസ്! അതുകൊണ്ടാണ് ഒരു പ്രമുഖകഥാകൃത്ത് തന്റെ കഥയ്ക്ക് പേരു നല്‍കിയത്. ‘മനസ്സൊരു ഭാരം’. ഒരു പരിചയവുമില്ല, ശത്രുവുമല്ല. എന്നിട്ടും ചില്ലിത്തുട്ടുകള്ക്കും മറ്റുമായി ക്വട്ടേഷന്‍ സംഘങ്ങള്‍ കൊല്ലുമ്പോള്‍ നാം പറഞ്ഞുപോകും.’ അവന്റെ ഒരു മനസെ’.
കുട്ടനാട്ടില്‍ താറാവിന് രോഗബാധയുണ്ടായപ്പോള്‍ ജീവനോടെ തന്നെ അവയെ പിടിച്ചു തീയിലിട്ടു ചുട്ടു. ഓ…എന്തൊരു മനസ്!. കോഴിക്കടയില്‍ ചെന്ന് കോഴിവാങ്ങുമ്പോള് കേള്‍ക്കാം, അവയെ പിടിക്കുമ്പോഴുള്ള കരച്ചില്… പിന്നീട് കഴുത്തറത്തിടുമ്പോള് പാത്രത്തില്‍ കിടന്നുപിടയുന്ന ശബ്ദമായിരിക്കും. ഇറച്ചിയുമായി നടക്കുമ്പോഴൊക്കെ ആ ശബ്ദം പിന്തുടരുന്നതായി തോന്നും. കഷ്ടം!. മനസ്സു പറയും. പിടയ്ക്കുന്ന മീന്‍ വാങ്ങി അത് വെട്ടി വൃത്തിയാക്കാന്‍ ഏല്പിക്കും. ചിലര്‍ അതിനെ കൊല്ലാതെതന്നെ തൊലി ചെത്തും. ഹോ!. ആ പിടച്ചില്‍. ഓര്‍ക്കുമ്പോള്‍ നിലയ്ക്കാത്ത പിടച്ചിലിലേക്കു ഇപ്പോള്‍ കുത്തുന്നത് മനസ്സാണ്.
മനസ്സ്…ഒരു വല്ലാത്ത പഹയന്!. ആ മനസ്സ് വല്ലാതെ വിതുമ്പിപ്പോയ ഒരു സന്ദര്‍ഭം!. അന്ന് അഞ്ചിലോ ആറിലോ മറ്റൊ പഠിക്കുന്ന ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍.
എന്റെ ബന്ധുവിന്റെ വീട്ടില്‍ ഒരു വിവാഹം. ഏറെ സമ്പന്നരാണ് ആ വീട്ടുകാര്‍. ക്ഷണമനുസരിച്ച് ഞാനും അമ്മയും എന്റെ വീട്ടില്‍ നിന്ന് വിവാഹത്തില്‍ സംബന്ധിക്കാനായി പോയി. അവിടെ ചെന്നപ്പോള്‍ എന്റെ രണ്ട് സതീര്‍ത്ഥ്യര്‍. അതില്‍ ഒരാള്‍ എന്റെ ഒരകന്ന ബന്ധുവാണ്. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടില്‍. മറ്റെയാള്‍ നാട്ടിലെ ഒരു ബാലന്. ബന്ധുവായ കുട്ടിയെ ബാബുവെന്ന് വിളിക്കാം. നാട്ടിലെ കുട്ടിയെ ഗോവിന്ദനെന്ന് വിളിക്കാം.
ഗോവിന്ദനെ ക്ഷണിച്ചിട്ടൊന്നും വന്നിട്ടുള്ളതല്ല. വീട്ടിലെ ദാരിദ്രം കാരണം വയറുനിറച്ചൊരു ദിവസമെങ്കിലും മകന് ഭക്ഷണം കഴിക്കട്ടെ എന്നുകരുതി അമ്മ, അവനെ പറഞ്ഞുവിട്ടിരിക്കുകയാണ്. ബാബുവിന്റേതായാലും ഗോവിന്ദന്റേതായാലും ഉടുപ്പുകള്‍ മോശം. ഇസ്തിരിയിട്ടിട്ടില്ല. നിറം മങ്ങിയത്. പല ബട്ടണ്‍സുകളും ഇട്ടിട്ടില്ല. പകരം ഇരുമ്പുപിടിച്ച സേഫ്റ്റി പിന്നുകൊണ്ട് ഷര്‍ട്ട് കുത്തിയിരിക്കുന്നു. ട്രൗസറിന്റെ ബട്ടണ്‍സ് പോയതുമൂലം ബട്ടണ്‍ സ്ഥലത്തെ തുണിഭാഗം എടുത്തുകുത്തിയിരിക്കുന്നു. ഒന്നുറക്കെ ചിരിച്ചാല്‍, സംസാരിച്ചാല്‍ കൈവീശിയാലൊക്കെ ട്രൗസര്‍ ഊര്‍ന്നിറങ്ങിപ്പോകും. അപ്പോഴൊക്കെ ഒരു കൈകൊണ്ടാണ് ട്രൗസര്‍ കുത്തിപ്പിടിക്കുക.
രാവിലെ ഇഡ്ഡലിയും സാമ്പാറും. കഴിക്കാനിരിക്കുമ്പോള്‍ ഞാനവരെ വിളിച്ചു. അപ്പോഴേക്കും വീട്ടുകാരിലൊരാള്‍ പറഞ്ഞു. ‘സ്ഥലമില്ല’. ഒഴിഞ്ഞ ഇരിപ്പിടം നോക്കി ഞാന്‍ പറഞ്ഞു. ‘അവിടെ ഉണ്ടല്ലോ’. അയാള്‍ എന്നെ രൂക്ഷമായി നോക്കി. ഞാന്‍ മൗനിയായി.
ഞാന്‍ കാപ്പികുടിച്ച് പന്തലിലേക്ക് ചെല്ലുമ്പോള്‍ രണ്ട് അവഗണിക്കപ്പെട്ട അനാഥരപ്പോലെ ബാബുവും ഗോവിന്ദനും. ‘നിങ്ങള്‍ കഴിക്കുന്നില്ലെ’.ഞാന്‍ ചോദിച്ചു. ‘ ഞാന്‍ കാലത്തെ കഴിച്ചിട്ടാ വന്നത്’ഗോവിന്ദന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു.’നീയോടാ’…ബന്ധുവിനോടായി ഞാന്‍. ‘അല്ലേലും രാവിലെ ഞാന്‍ ഒന്നും കഴിക്കാറില്ലല്ലോ’. അവന് ഏച്ചുകെട്ടിപ്പറഞ്ഞു. രണ്ടും കള്ളം. ഞാന്‍ അകത്തുപോയി. അവിടെ കണ്ട ഒരു ബന്ധുവിനോട് പറഞ്ഞു. ദേ. ഗോവിന്ദനും ബാബുവും കാപ്പികുടിക്കാനുണ്ട്. വീണ്ടും രൂക്ഷമായ നോട്ടം. ഇത്തവണ ഞാന്‍ പതറിയില്ല. ലേശം കൂടി ഉച്ചത്തില്‍ തന്നെ ആവര്‍ത്തിച്ചു. അതോടെ കുറച്ച് ഇഡ്ഡലി സാമ്പാറും ചേര്‍ത്ത് ഇലക്കീറില്‍ തന്നിട്ടുപറഞ്ഞു. ‘കൊണ്ടുപോയി കൊടുക്ക്’… ഭക്ഷണം യാചിച്ച് വരുന്നവര്‍ക്ക് വെറുപ്പോടെ കൊടുക്കുംപോലെ. ഞാനതുവാങ്ങി. എന്നാലും അവരെന്നോടൊപ്പം പഠിക്കുന്നവരല്ലേ. അവര്‍ക്ക് കൊണ്ടുപോയി കൊടുത്തു. ഇരുവരുടേയും കണ്ണുകളില്‍ നല്ലൊരു തെളിച്ചം. നന്ദിയുടെ ചിരി. ആ ഇല ചീന്തി രണ്ടുപേര്‍ക്കുമായി ഇഡ്ഡലി വീതിക്കാതെ ഒരു ഇലയില്‍ നിന്നുതന്നെ രണ്ടുപേരും കഴിച്ചു. ആര്‍ത്തിയോടെ, ആവേശത്തോടെ.
ഞാന്‍ അകത്തുചെന്നു പറഞ്ഞു. ‘അവര്‍ക്ക് ചായ’ ങും. ഇനി ചായ…വേറൊരാള് ആക്രോശിച്ചു. ഞാന്‍ ഒന്നും പറയാതെ ബാബുവിന്റേയും ഗോവിന്ദന്റേയും അടുത്തുചെന്നു. അകത്തുപറഞ്ഞത് അവര്‍ കേട്ടു എന്നു തോന്നുന്നു. ബാബു പറഞ്ഞു. അല്ലേലും കുട്ടികള്‍ ചായകുടിക്കുന്നത് നല്ല ശീലമല്ല എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഒന്നും പറഞ്ഞില്ല. അവര്‍ പച്ചവെള്ളം ഗ്ലാസിലെടുത്ത് ഒറ്റശ്വാസത്തില്‍ കുടിച്ചു.
കല്യാണ പാര്‍ട്ടി വധുവിന്റെ വീട്ടിലേക്കിറങ്ങുന്ന സമയം. ഇവരെ അറിയാവുന്ന ഇവരോടൊപ്പം പഠിക്കുന്ന പലരും ആ ബന്ധുഗണത്തിലുണ്ട്. അവര്‍ക്കും കണ്ട ഭാവമില്ല. വാഹനത്തില്‍ കയറേണ്ട സമയമായപ്പോള്‍ ഒരാള്‍ പറഞ്ഞു. ‘ക്ഷണിച്ചുവന്നവര്ക്ക് പോകാന്‍ ഇടമില്ല വണ്ടീല്. പിന്നാ…’. ഒരു ജ്യാള്യതയോടെ ഗോവിന്ദന് വണ്ടിയില്‍ കയറാതെ നിന്നു. ഞാന്‍ അവിടെ നിന്നു തിരിയുമ്പോള്‍ ഒരാള്‍ ഉച്ചത്തില്‍ പറഞ്ഞുകൊണ്ടങ്ങനെ വലിച്ചു.’എന്താ വെറുതെ നിന്നു തിരിയുന്നത്. വണ്ടീ കേറുന്നില്ലെ?’. ഞാന്‍ വാഹനത്തിലായി. വണ്ടി നീങ്ങി. പിന് ഗ്ലാസിലൂടെ വഴിയിലേക്കു നോക്കി. വണ്ടി പോകുന്നതും കണ്ട് വരണ്ടു പോയ ഒരു ചിരിയോ(കരച്ചിലോ)ടെ ഗോവിന്ദനും ബാബുവും.
സദ്യ ഉണ്ണാനായില്ല. ‘എന്തുപറ്റി?’ അമ്മ ചോദിച്ചു. ഞാന്‍ മിണ്ടിയില്ല. രണ്ടിറ്റ് കണ്ണീര് ചോറില്‍ വീണുകുതിര്‍ന്നു. ‘വയറുവേദനയാണോ’. അപ്പോഴും മറുപടി പറഞ്ഞില്ല. അപ്പോള്‍ അപ്പുറത്തെ വരിയില്‍ വാങ്ങിച്ച് വെയിസ്റ്റാക്കിയ ഭക്ഷണം’ ഇലയെടുപ്പുകാര്’എടുത്തുകൊണ്ടുപോയിരുന്നു. പില്ക്കാലത്ത് ആ സമ്പന്ന കുടുംബം ദരിദ്രമായി. ദാരിദ്രം കൊണ്ട് നാടുവിടേണ്ടതായും വന്നു. ബാബു നാട്ടില്‍ അറിയപ്പെടുന്ന വ്യക്തിത്വമായി വളര്‍ന്നു. ഗോവിന്ദന് എവിടെയാണോ! അറിയില്ല.
ഇത് കണ്ടവനായിരുന്നിട്ടുപോലും മനസ്സില്‍ ഇന്നും കുറ്റബോധം ചുരമാന്തുന്ന ഒരു സംഭവം. എറണാകുളം പള്ളിമുക്ക് നളന്ദ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ഞാനന്ന്(1983 എന്ന് ഓര്‍മ്മ). ഇന്ന് ആ കോളേജില്ല. കെജിസിഇയ്ക്കാണ് പഠിക്കുന്നത്.(കെജിസിഇ എന്നുവച്ചാല്‍ കേരള ഗവണ്മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഓഫ് എഞ്ചിനീയറിങ്) ക്ലാസ് കട്ട് ചെയ്തശേഷം കോഫി ഷോപ്പിലിരിക്കുക അക്കാലത്തെ ഒരു വികൃതി. ഞാനും സുഹൃത്തുക്കളും കൂടി അങ്ങനെ ക്ലാസ് കട്ടുചെയ്ത് കോഫിഷോപ്പിലിരിക്കുമ്പോഴാണ് ഒരാള്‍ കയറി വന്നത്. പാറിപ്പറന്ന മുടി, ദയനീയ മുഖം. ‘വിശന്നിട്ടുവയ്യ. ഒരു ചായ…’. ഞങ്ങളുടെ അടുത്തുവന്ന് കെഞ്ചി. മറ്റുള്ളവര്‍ ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. ‘അവിടെ പോയിരുന്ന് വയറുനിറയെ ഇഷ്ടമുള്ളതു കഴിച്ചോ’. അയാള്‍ അവിശ്വസനീയതയോടെ എന്നെ നോക്കി. ‘ ങും…’ ഞാനയാളെ പ്രോത്സാഹിപ്പിച്ചു. എന്തുപണിയാണ് ഞാന്‍ കാണിക്കുന്നതെന്ന മട്ടില്‍ കൂട്ടുകാര്‍ എന്നെ നോക്കി. ഞാന്‍ കണ്ണിറുക്കി കാണിച്ചു.
അയാള്‍ കുറച്ചകലെയുള്ള ടേബിളില്‍ ഇരുന്ന് ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നു. ഇടയ്ക്കിടെ ഞങ്ങളെ നോക്കുന്നു. ഇതിനകം ഞങ്ങള്‍ ചായകുടി കഴിഞ്ഞ് ഞങ്ങളുടെ ബില്ലും പേ ചെയ്ത് എഴുന്നേറ്റു. പുറത്തേക്കു നടക്കാന്‍ തുടങ്ങിയ ഞങ്ങളുടെ അടുത്തേയ്ക്ക് അയാള്‍ പാതിഭക്ഷണവും വായില്‍വച്ച് പരിഭ്രമത്തോടെ ഓടിവന്നു. അയാളുടെ കൈയില്‍ പൈസയില്ല!. ഗൗനിക്കാതെ ഞങ്ങള്‍ പുറത്തേക്ക് നടക്കാന്‍ തിരിഞ്ഞു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരുത്തന്റെ ഷര്‍ട്ടില്‍ അവന് അങ്കലാപ്പോടെ തോണ്ടി. കൂട്ടുകാരന് സപ്ലയറെ വിളിച്ചു കാണിച്ചു.
‘ന്താടാ…നീ കാണിക്കുന്നെ. മാന്യന്മാരെ അപമാനിക്കാനാണോ?.’ സപ്ലയര്‍ അവനെ പിടിച്ചുതള്ളി. ‘ങാ പൈസ വച്ചിട്ട് ഇറങ്ങ്…ഇറങ്ങ്…’. സപ്ലയര്‍ അവനോട് ആക്രോശിച്ചു. അപ്പോഴേക്കും ഞങ്ങള്‍ കോഫി ഷോപ്പില്‍ നിന്നും ഇറങ്ങി. ഞാന്‍ തിരിഞ്ഞൊന്നു പാളിനോക്കി. അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നുവോ?!. അവന്റെ കവിളില്‍ അടിവീണോ?. അറിയില്ല. എങ്കിലും മാപ്പ്…മാപ്പ്…ഇന്നും ഓരോ യാചകരേയും കാണുമ്പോള്‍ ഓര്‍ക്കുക അയാളെയാണ്. മനസ് കുറ്റബോധത്തോടെ തേങ്ങുന്നു.
ഈ പിഴവിന് പരിഹാരമുണ്ടോ?. അറിയില്ല- ചാര്‍ളി ചാപ്ലിന് വിശപ്പുകൊണ്ട് വലയുന്ന (സറ്റയറിന്റെ മറ്റൊരു വശംകൂടിയുണ്ട്) സിനിമയും ഹോട്ടലില്‍ വിശപ്പോടെ എത്തി ഇഡ്ഡലിയുടേയും സാമ്പാറിന്റേയും വില ചോദിച്ച ശേഷം സാമ്പാര്‍ ഫ്രീ എന്നുകേട്ടപ്പോള്‍, ഒരു ബക്കറ്റ് സാമ്പാര്‍ തരൂ എന്നു പറയുന്ന സിനിമയിലെ നായകനും ഭക്ഷണം കഴിച്ച ശേഷം പണമില്ലാതെ തന്റെ കീറ പാന്റ്സ് ക്യാഷ്യറെ കാണിച്ചുകൊടുക്കുന്ന കമലഹാസന് സിനിമയും ദാരിദ്രത്തിന്റെ ദയനീയത കാണിക്കുന്നു. നാം അറിയാതെ ആ ക്രൂര ആക്ഷേപഹാസ്യത്തില്‍ ചിരിക്കുന്നു.
പക്ഷെ, ഇന്നും-മനസ്സിപ്പോഴും പേറുന്ന കുറ്റബോധത്തിന്റെ മുള്ക്കുത്തുകളോ…എന്തോ, ഒരു പ്രായത്തിന്റെ തമാശ എന്നുപറഞ്ഞ് തള്ളിക്കളയാന്‍ എനിക്കാവുന്നില്ലല്ലോ ഭഗവാനെ…മാപ്പ്…മനസ്സേ…മാപ്പ്…
മനസ്സെന്ന ഭാരം.
നുറുങ്ങുകഥ
മോഹാലസ്യപ്പെട്ടുവീണ കുട്ടിയെക്കണ്ട് ടീച്ചര്‍ പറഞ്ഞു ‘ഇവനൊരു ചായ വാങ്ങിക്കൊടുക്ക’. ഇതുകേട്ട് മോഹാലസ്യപ്പെട്ട കുട്ടി ചാടിയെഴുന്നേറ്റുകൊണ്ടു പറഞ്ഞു. ‘ഒരു കട്ട്ലറ്റും കൂടി പറഞ്ഞേക്ക് ടീച്ചറേ…’
പ്രതികരിക്കാൻ ഇവിടെ എഴുതുക: