അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന് പറഞ്ഞ് കണാരേട്ടന് ചിരിയോട് ചിരി. ങ്ങള് കാര്യം പറയീന്ന് പലതവണ ആവശ്യപ്പെട്ടിട്ടും തലയറഞ്ഞ് ചിരിക്കുകയാണ് കണാരേട്ടന്. സംഭവം കുറച്ചുകഴിഞ്ഞാണ് മനസ്സിലാവുന്നത്. റൈറ്റര്‍ ദാവുവിന്റെ ചായക്കടയില്‍ സെറ്റ്ബോക്സ് പിടിപ്പിച്ച ടി വി വെച്ചതില്‍ പിന്നെ കണാരേട്ടനും സംഘത്തിനും ചാകര അടിഞ്ഞ പ്രതീതിയാണ്. ഏതു കാര്യത്തെക്കുറിച്ച് ചോദിച്ചാലും മണിമണിപോലെ ഉത്തരം റെഡി. എന്നാലും ഇങ്ങനെ ചിരിച്ചു മറിയാന്‍ എന്താണ് കാരണം എന്നറിയണമല്ലോ. സംഗതി ജുഡീഷ്യല്‍ കമ്മിഷന് മുമ്പാകെയുള്ള ആസ്ഥാന മാഡത്തിന്റെ മനസ്സു തുറക്കലാണ്.
കേരളത്തിലെ മന്ത്രിമാര്‍ക്കും അവരുടെ ശിങ്കിടികള്‍ക്കും അവരെ ആശ്രയിച്ചുകഴിയുന്നവര്‍ക്കും കൈയയച്ചാണ് നമ്മുടെ മാഡം റുപിയാ കൊടുത്തത്. അധുനാധുന സംവിധാനങ്ങള്‍ ഏത് പട്ടിക്കാട്ടിലും ലഭ്യമാണെന്നിരിക്കെ മാഡം അതൊന്നും സ്വീകരിക്കാതെ കെട്ടുകെട്ടായാണ് പണം ഇറക്കിക്കൊടുത്തിരിക്കുന്നത്. അടുത്തിടെ ആയിരത്തിന്റെ നോട്ടുകള്‍ക്ക് പഞ്ഞം വന്നത് മേപ്പടി മാഡം അതെല്ലാം വാരിക്കൂട്ടി കൊണ്ടുപോയതുകൊണ്ടാണെന്നും ചിരിക്കിടയില്‍ കണാരേട്ടന് പറയുന്നു.
പണവും പെണ്ണും അതതിന്റെ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ആകെ വഷളാവുമെന്ന പഴമൊഴി ചൂണ്ടിക്കാണിച്ചുകൊണ്ട് കണാരേട്ടന് പറഞ്ഞതിങ്ങനെ: ദാ ഞാന്‍ പെണ്ണുങ്ങള്‍ക്കെതിരെ പറയുകയാണെന്ന് എഴുതിക്കൂട്ടി വനിതാ സംഘങ്ങളെ ഇങ്ങോട്ട് വിളിച്ചുവരുത്തരുതേ. ഗുരുകാരണവന്മാര് പണ്ടങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ചതാ. ഏതായാലും ആസ്ഥാനമാഡം രണ്ടും കല്‍പ്പിച്ചാണ് രംഗത്ത് വന്നിരിക്കുന്നത്. ഓരോരോ മന്ത്രിക്കും എത്രയെത്ര കൊടുത്തുവെന്ന് ഓരോ ദിവസമായി പറയാനാണ് മാറ്റിവെച്ചിരിക്കുന്നത്.
സീരിയല്‍ കാലമല്ലേ, എപ്പിസോഡ് മാതൃകയിലാക്കിയതാവാം. ചാനല്‍ കോവാലന്മാര്‍ക്ക് നിത്യേനയുള്ള നടപ്പുദീനത്തിന് മരുന്ന് ഇമ്മാതിരിയുള്ള കന്നംതിരുവുകളാണല്ലോ. ഫോണ്‍ വിളികള്‍, വീഡിയോ, കത്തെഴുതല്‍, വാട്സ്ആപ് എന്നു തുടങ്ങി എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്താനാണത്രെ ആസ്ഥാനമാഡം തീരുമാനിച്ചിരിക്കുന്നത്. തന്റെ സാരിത്തുമ്പിലേക്ക് ഈ പ്രബുദ്ധ കേരളത്തെ എത്ര വിദഗ്ദ്ധമായാണ് മാഡം വലിച്ചടുപ്പിക്കുന്നതെന്ന് നോക്കിന്.
ഇക്കാര്യത്തില്‍ ഉമ്മച്ചന് സംഘത്തിന് ചില സംശയങ്ങള്‍ ഉണ്ട്. വെറും സംശയങ്ങളല്ല. ഇമ്മാതിരിയൊരു വന്‍ കള്ളിയായ വ്യക്തി വിളിച്ചുപറയുന്നതൊക്കെ അങ്ങനെ വിശ്വസിക്കാന്‍ പാടുണ്ടോ? ജനാധിപത്യസംവിധാനത്തെ മുച്ചൂടും തകര്‍ക്കുന്ന ഏര്‍പ്പാടല്ലെ ഇതൊക്കെ. ഒരു മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരേയും ജനസമക്ഷം താറടിച്ചുകാണിക്കാനുള്ള വ്യഗ്രതയല്ലേ ഇതൊക്കെ? ന്യായമായും ഇവിടെ ഉയര്‍ന്നുവരുന്ന സംശയത്തിന് അടിത്തറ ബലപ്പെടുത്തുന്ന സംഗതി നമ്മുടെ തെരഞ്ഞെടുപ്പാണ്.
പ്രതിപക്ഷം സമയം നോക്കി ആസ്ഥാന മാഡത്തെ കരുവാക്കി നടത്തുന്ന കളിയുടെ ഒന്നാം അങ്കത്തിന്റെ സുന്ദരമായ രംഗമാണ്. മന്ത്രിസഭാംഗങ്ങളില്‍ ആര്‍ക്കൊക്കെ എത്രയൊക്കെ നല്‍കിയെന്നതിന്റെ വിശദവിവരങ്ങള്‍ മാഡം നല്കുമ്പോള് നമ്മുടെ നാട്ടില്‍ ഒരു ഭരണസംവിധാനമാണോ മാഫിയസംവിധാനമാണോ കൊള്ളസംഘമാണോ നിലനില്‍ക്കുന്നതെന്ന് സംശയിച്ചുപോകുന്നില്ലേ? ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണകൂടത്തെ ലഭിക്കുമെന്ന് ഏതോ മഹാന് പറഞ്ഞിട്ടുണ്ടല്ലോ; അത് ഓര്‍മിക്കുക.
കോഴക്കഥയുടെ തിരക്കഥയില്‍ ഒരുപാട് അയവ് വന്നതിന്റെ സൂചനകള്‍ നമുക്കു കാണാം. ഇതെല്ലാം വാരിക്കെട്ടിയെടുത്ത് യഥാര്‍ത്ഥ വസ്തുതയിലേക്ക് കാര്യങ്ങള്‍ എത്തിക്കുക അത്ര എളുപ്പമാവില്ല. ആസ്ഥാനമാഡം പഠിച്ച കള്ളിയാണെന്ന് ഒരു വിധപ്പെട്ടവരൊക്കെ കരുതുന്നുണ്ട്.എന്നാലും പറയുന്നതൊക്കെ കളവിന്റെ കളത്തിലേക്ക് നീക്കിനിര്‍ത്തി തള്ളിക്കളയാവുന്നതാണോ? ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയില്‍ ഒരു രംഗമുണ്ട്.
കൊലക്കേസ് പ്രതികള്‍ക്ക് വേണ്ടി ഹാജരാവുന്ന അഭിഭാഷകന് ഒരു പെക്യൂലിയര്‍ ടൈപ്പ് സാക്ഷിയെ കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. അതുപ്രകാരം ഒരാളെ ഹാജരാക്കി. നിങ്ങള്‍ സംഭവം എങ്ങനെ കണ്ടുവെന്ന് ജഡ്ജി ചോദിച്ചപ്പോള്‍, താനൊരു മോഷ്ടാവാണെന്നും രാത്രിയില്‍ തേങ്ങയിടാന്‍ കയറിയപ്പോള്‍ കൊലപാതകം കണ്ടുവെന്നും പറയുന്നുണ്ട്. മോഷ്ടാവായിട്ടുകൂടി അയാളുടെ മൊഴി ജഡ്ജി സ്വീകരിക്കുകയാണുണ്ടായത്. അതു വാദികള്‍ക്ക് നിരാശയായെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു. ഇത് പക്ഷേ, ഒരു സിനിമാക്കഥയായി തള്ളിക്കളയാം.
എന്നാല്‍ ഇത് ആസ്ഥാനമാഡത്തിന്റെ കാര്യത്തിലും പ്രയോഗിച്ചാലോ. എല്ലാം നഷ്ടപ്പെട്ട വ്യക്തിയുടെ പൊരിഞ്ഞുപൊട്ടലായി ആക്ഷേപിക്കുമ്പോഴും എന്തൊക്കെയോ ഉള്ളില്‍ ചീഞ്ഞുനാറുന്നുവെന്നത് വസ്തുതയല്ലേ? ഈ വസ്തുത എത്രമാത്രം പുറത്തുവരുമെന്നതേ ഇനി അറിയാനുള്ളു. നമ്മുടെ കണാരേട്ടനും കാത്തിരിക്കുന്നത് അതിനാണ്. അമ്പുകൊണ്ട് ചന്നംപിന്നം പായുന്ന കുരുക്കളില്‍ പരിചയമുള്ള ഒട്ടേറെപ്പേരുണ്ടെന്ന് കാണുമ്പോള്‍ സങ്കടം, സന്തോഷം, പേടി, വിഭ്രാന്തി എന്തൊക്കെയാണ് നിങ്ങളില്‍ നിഴലിടുന്നത്? എന്തൊക്കെയായാലും പ്രായപൂര്‍ത്തി സിനിമയുടെ ആസ്വാദന മികവാണ് മാഡത്തിന്റെ വാര്‍ത്തകളില്‍ തുടിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന അപേക്ഷയോടെ, ജയ് സോളാര്‍.
******** *********** *********
വനിതാ ശാക്തീകരണം അതിന്റെ മായിക പ്രഭ പലതരത്തിലും തലത്തിലും പ്രസരിപ്പിക്കുന്നത് നല്ല കാര്യം. പക്ഷേ, ചിലപ്പോള്‍ അത് വല്ലാത്ത വേദന സമ്മാനിക്കുകയും ചെയ്യും. ഈ കഴിഞ്ഞ വാരം കലകളുടെ സമ്മോഹിത വേഷങ്ങള്‍ അനന്തപുരിയില്‍ ആടിത്തിമിര്‍ത്തുവല്ലോ. ആ കലകളെക്കുറിച്ചൊന്നുമല്ല പറയുന്നത്. അല്ലെങ്കില്‍ തന്നെ കാലികവട്ടക്കാരന് എന്ത് കല?
കലോത്സവ നടത്തിപ്പിന്റെ അട്ടിപ്പേറ് കല്പിച്ചുകിട്ടിയ ഒരു വനിതാധാര്‍ഷ്ട്യത്തിന്റെ മുള്‍മുനയെക്കുറിച്ചാണ് സൂചിപ്പിക്കാനുള്ളത്. പി.എസ്. സി പരീക്ഷ നടക്കുമെന്ന് നേരത്തെ അറിഞ്ഞിട്ടും വേദി മാറ്റി നല്‍കാതെ കൂടിയാട്ടമത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളോട് അങ്ങനെയൊക്കെ ചെയ്യാനേ പറ്റൂ എന്നായിരുന്നു മേധാവിനിയുടെ ചൂണ്ടക്കൊളുത്ത്. ഇങ്ങനെയാണ് ആ മാഡം ഉവാച: മിനിറ്റിന് മിനിറ്റിന് വേദി മാറ്റി നല്‍കാനാവില്ല. രണ്ടുമണിക്കൂര്‍ കുട്ടികള്‍ കാത്തു നില്ക്കുന്നതില് അത്ര വലിയ പന്തികേടില്ല. ആ വിഷമം എനിക്കറിയേണ്ടതുമില്ല. ഇതിനെക്കാള്‍ പ്രധാനപ്പെട്ട നൂറ് വിഷയങ്ങള്‍ വേറെയുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എഴുതാം. ഇത്രയും പറഞ്ഞ് മപ്പടിച്ച് ചാടിത്തുള്ളി മേധാവിനി സ്ഥലം കാലിയാക്കിയത്രെ. മേപ്പടി ഉവാച വേണ്ടിയിരുന്നത് നമ്മുടെ ചാനല്‍ കോവാലന്‍മാരോടായിരുന്നു. എന്നാല്‍ പത്രക്കാരോടാണ് കലിപ്പ് തീര്‍ത്തത്. വനിതാ ശാക്തീകരണം കണ്ട് ജേര്‍ണലിസ്റ്റുകള്‍ അമ്മാ… അമ്മാ… അമ്മമ്മാ എന്ന് വലിയ വായില്‍ വിളിച്ച് പത്മനാഭസ്വാമിയുടെ തിരുനട ലക്ഷ്യമാക്കി ഓടിയെന്നാണ് സ്വലേ റിപ്പോര്‍ട്ട് ചെയ്തത്. കലയും കവിതയും ഇല്ലാത്തവര്‍ ഐഎഎസുകാരായാലും ഓടി തടികാക്കണം എന്ന് കാളിദാസന് പണ്ടു പറഞ്ഞിട്ടുണ്ടെന്ന് മ്മടെ കണാരേട്ടന് ഒളികണ്ണിട്ടുപറയുന്നു.
അടുത്ത വര്‍ഷവും മേപ്പടി മേധാവിനിയെ തന്നെ ഈ കലാമാമാങ്കത്തിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചു കൊടുക്കണമെന്ന അപേക്ഷയുണ്ട്. അത് നേരത്തെ വിളംബരം ചെയ്താല്‍ അപ്പീല്‍ പ്രളയം തടയാം; ജയ് ഹോ!
നേര്‍മുറി
ചകിരിനാരുകൊണ്ട് ആനയെ
കെട്ടാനുള്ള ശ്രമം: കുഞ്ഞാലിക്കുട്ടി
ആനയ്ക്കു മുമ്പിലൊരു
കുഴിചേര്‍ത്താലോ ഇക്കാ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: