കോഴിക്കോട്: അറുപത്തിയൊന്നാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ദേശീയ റെക്കോഡ് മലയാളി താരത്തിന്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ അനുമോള്‍ തമ്പിയാണ് പുതിയ ദേശീയ റെക്കോഡുമായി പൊന്നണിഞ്ഞത്. 9:47.19 സെക്കന്‍ഡിലായിരുന്നു അനുമോളുടെ ഫിനിഷ്.
2008-ല്‍ കൊല്‍ക്കത്തയില്‍ ഉത്തര്‍പ്രദേശിന്റെ റിതു ദിനകര്‍ സ്ഥാപിച്ച 10:00.03 സെക്കന്‍ഡിന്റെ റെക്കോഡ് അനുമോളുടെ കുതിപ്പില്‍ പഴങ്കഥയായി. ഈയിനത്തില്‍ വെള്ളിയും കേരളം സ്വന്തമാക്കി. 10:13.28 സെക്കന്റില്‍ ഫിനിഷ് ചെയ്ത കെ.ആര്‍. ആതിരക്കാണ് വെള്ളി. വെങ്കലം 10:35.71 സെക്കന്റില്‍ ഓടിയെത്തിയ ഹിമാചലിന്റെ സീമക്ക്.
പിതാവിന്റെ സംരക്ഷണയിലല്ലാതെ വളര്‍ന്ന അനുമോളെ അമ്മ നാട്ടിലെ സ്‌കൂളില്‍ കഞ്ഞിവച്ചും, സാമ്പത്തിക പരാധീനത കാരണം പഠിത്തം ഉപേക്ഷിച്ച് 17-ാം വയസ്സില്‍ ടൈല്‍സ് പണിക്കിറങ്ങിയ ചേട്ടനും ചേര്‍ന്ന് ഏറെ കഷ്ടപ്പെട്ടാണ് വളര്‍ത്തുന്നത്. ഇടുക്കി കമ്പിളിക്കണ്ടം പാറത്തോട് കളത്തില്‍ വീട്ടില്‍ ഷൈനിയാണ് അനുമോളുടെ അമ്മ. സഹോദരന്‍ ബേസില്‍. സ്വന്തമായി വീടില്ലാത്തതിനാല്‍ വാടക വീട്ടിലാണ് അനുമോളുടെ കുടുംബം കഴിയുന്നത്. ഇനി അനുമോള്‍ക്ക് മെഡലുകള്‍ സൂക്ഷിക്കാന്‍ ഒരു വീടാണ് ആവശ്യം.
കഴിഞ്ഞ വര്‍ഷത്തെ ജൂനിയര്‍ നാഷണല്‍സില്‍ 3,000 മീറ്ററില്‍ സ്വര്‍ണ്ണവും യൂത്ത് നാഷണല്‍സില്‍ വെള്ളിയും ജൂനിയര്‍ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയ അനുമോള്‍ ദോഹയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ യൂത്ത് മീറ്റില്‍ വെങ്കലവും നേടി. ഷിബി മാത്യുവിന്റെ കീഴില്‍ പരിശീലനം തുടങ്ങിയതോടെയാണ് അനുമോളിലെ കായിക പ്രതിഭ പുറത്തുവന്നത്.
സ്‌കൂള്‍ മീറ്റിനെ അപേക്ഷിച്ച് 3,000 മീറ്ററില്‍ അനുമോള്‍ക്ക് കാര്യമായ വെല്ലുവിളി ഇല്ലായിരുന്നുവെന്ന് കോച്ച് ഷിബി പറഞ്ഞു. 1500ല്‍ സ്വര്‍ണം പ്രതീക്ഷിക്കുന്നുവെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു. ദീര്‍ഘദൂര ഇനങ്ങളില്‍ കേരളത്തിന്റെ ഭാവി താരമെന്നാണ് അനുമോളെക്കുറിച്ച് ഷിബി ടീച്ചര്‍ വിലയിരുത്തുന്നത്.
















