കോഴിക്കോട്: അറുപത്തിയൊന്നാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യ ദിനം കൗമാര കായിക കേരളത്തിന്റെ സുവര്‍ണ്ണക്കുതിപ്പ്. ആദ്യ ദിനം നാല് സ്വര്‍ണം നേടിയ കേരളം തുടര്‍ച്ചയായ 19-ാം കിരീടം ലക്ഷ്യമിട്ടാണ് കുതിക്കുന്നത്. ഇന്നലെ നിശ്ചയിക്കപ്പെട്ട ആറ് സ്വര്‍ണത്തില്‍ നാലെണ്ണവും കേരളതാരങ്ങള്‍ സ്വന്തമാക്കി.
സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 5,000 മീറ്ററില്‍ ബിബിന്‍ ജോര്‍ജും, അലീഷ പി.ആറും ജൂനിയര്‍ വിഭാഗം 3,000 മീറ്ററില്‍ പി.എന്‍. അജിത്തും അനുമോള്‍ തമ്പിയുമാണ് പൊന്നണിഞ്ഞത്. 5,000 മീറ്ററില്‍ ഷെറിന്‍ ജോസും സാന്ദ്ര എസ്. നായരും 3,000 പെണ്‍കുട്ടികളില്‍ ആതിര കെ.ആറും വെള്ളി നേടി. അനുമോള്‍ തമ്പി പുതിയ ദേശീയ റെക്കോഡുമായാണ് പൊന്നണിഞ്ഞ് ആദ്യദിവസത്തെ താരമായി മാറിയത്.
ഇതിനുപുറമെ സീനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയിലും ദേശീയ റെക്കോഡ് സ്ഥാപിക്കപ്പെട്ടു. പഞ്ചാബിന്റെ ആര്‍ഷ്ദീപ് സിങ്ങാണ് റെക്കോഡ് സ്ഥാപിച്ചത്. 68.12 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് ആര്‍ഷ്ദീപിന്റെ നേട്ടം. 2013 റാഞ്ചിയില്‍ ഉത്തര്‍പ്രദേശിന്റെ അഭിഷേക് സിങ് സ്ഥാപിച്ച 67.96 മീറ്ററിന്റെ റെക്കോഡാണ് ആര്‍ഷ്ദീപ് ഇന്നലെ തിരുത്തിയത്.
ആദ്യ ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് സ്വര്‍ണ്ണവും മൂന്ന് വെള്ളിയുമടക്കം 29 പോയിന്റുമാണ് കേരളം ഒന്നാം സ്ഥാനത്ത്. ഒരോ സ്വര്‍ണം, വെള്ളി, വെങ്കലമടക്കം ഒമ്പത് പോയിന്റ് നേടിയ ഉത്തര്‍പ്രദേശ് രണ്ടാമതും ഒരു സ്വര്‍ണം നേടിയ പഞ്ചാബ് മൂന്നാമതുമാണ്.
മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് 15 ഫൈനലുകള്‍. കേരളം ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ഇനങ്ങളാണ് ഇന്നുള്ളത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 400 മീറ്ററുകളും ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ട്, ലോങ്ജമ്പ്, സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പ്, സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പ് എന്നിവയിലാണ് ഇന്ന് കേരളത്തിന്റെ പ്രതീക്ഷകള്‍.
















