കോന്നി: അഭിനിവേശങ്ങള്‍ക്ക് മുന്നില്‍ അനുഷ്ഠാനംകൊണ്ട് മാത്രമല്ല ഹിന്ദുക്കള്‍ പിടിച്ചു നില്ക്കേണ്ടതെന്ന് സംബോദ് ഫൗണ്ടേഷന് മുഖ്യ ആചാര്യന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. കോന്നി ഹൈന്ദവ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പതിനൊന്നാമത് ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. മതേതര രാഷ്ട്രം എന്ന സങ്കല്‍പ്പം ഈകാലഘട്ടത്തില് വീണ്ടും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇതേക്കുറിച്ച് ആഗോളതലത്തില്‍ ചര്‍ച്ച വരാനിരിക്കെ ഏറെ പ്രസക്തിയുള്ള വിഷയംകൂടിയാണിത്. ഭാരതീയ ഋഷീശ്വരന്മാര് തപസ്സിലൂടെ കണ്ടെത്തിയതാണ് നമ്മുടെ സംസ്ക്കാരം. തപസ്സിന്റെ സാക്ഷാത്കാരവും സങ്കുചിതമായ കണ്ടെത്തലും തമ്മിലാണ് അഭിപ്രായ സമന്വയമുണ്ടാകേണ്ടത്. ഒരു മതം ഒരു ഗ്രന്ഥം മാത്രം ഈശ്വര സാക്ഷാത്കാരത്തിന് എന്നവാദം ചില ഇടങ്ങളില്‍ നിന്നും ഉയരുന്നു. ഇത് അംഗീകരിക്കാനാവില്ല. എല്ലാമതങ്ങളെക്കുറിച്ചും പഠിക്കാന്‍ അവസരമുണ്ടാകണം. ഭീഷണിയിലൂടെയും പ്രലോഭനത്തിലൂടെയുമാകരുത് മത പരിവര്‍ത്തനം. ഇത്തരം നീക്കങ്ങള്‍ തിരുത്താന്‍ എല്ലാവരും തയ്യാറാകണം. കാലാകാലങ്ങളില്‍ എന്തിനേയും ഉള്‍ക്കൊള്ളാനുള്ള വിശാലത ഹിന്ദുമതത്തിനുണ്ട്. എന്നാല്‍ ഹിന്ദു സമൂഹം ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ പാടില്ല. അഞ്ചാം മന്ത്രിസ്ഥാനവും ഇടയലേഖനവും അവരുടെ സമ്മദ്ദ തന്ത്രങ്ങളും നമ്മള് തിരിച്ചറിയണം. ഹിന്ദുക്കള്‍ നാമം ജപിച്ച് കഴിഞ്ഞുകൊള്ളണമെന്ന വാദം ശരിയല്ല. രാഷ്ട്രീയത്തിലിടപെടാന് പാടില്ലെന്ന് പറയുന്നതും അന്യായമാണ്. മതേതരത്വത്തിന്റെ പേരില്‍ മറ്റ് മതങ്ങള്‍ കണക്ക് പറഞ്ഞ് അവകാശങ്ങള്‍ നേടിയെടുക്കുന്നു. രാഷ്ട്ര ചിന്തയോടെ ജീവിക്കുന്ന ഹിന്ദുവിന് രാഷ്ട്രീയ തിരുമാനങ്ങളെടുക്കാനും കഴിയണം. സഹിഷ്ണുത ആരുടേയും അവകാശമല്ലെന്നും ദാര്‍ശനീകമായി നേടേണ്ട ഉള്‍ക്കാഴ്ചയാണെന്നും സ്വാമിജി പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അദ്ധ്യക്ഷതവഹിച്ചു. അയ്യപ്പ ചരിതം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈന്ദവ ഏകീകരണമുണ്ടാവണമെന്നും ഭക്തിയില്‍ കോര്‍ത്തിണക്കിയ ഹൈന്ദവത ഈകാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
ഹൈന്ദവ സേവാസമിതി രക്ഷാധികാരി വി.കെ.കരുണാകരക്കുറുപ്പ് , പ്രസിഡന്റ് ആര്.രാമചന്ദ്രന്‍നായര്‍, വൈസ് പ്രസിഡന്റ് പി.ഡി.പത്മകുമാര്‍, സെക്രട്ടറി കണ്ണന് ചിറ്റൂര്‍, കെ.ആര്.പ്രസാദ്, എസ്.പങ്കജാക്ഷന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്രൊഫ.തുറവൂര്‍ വിശ്വംഭരന് പ്രഭാഷണം നടത്തി. വൈകിട്ട് പന്തളം ഉണ്ണികൃഷ്ണന്റെ സോപാന സംഗീതത്തോടെയാണ് സമ്മേളന പരിപാടികള്‍ ആരംഭിച്ചത്. ഇന്ന് വൈകിട്ട് 5ന് നടക്കുന്ന സമ്മേളനത്തില്‍ തിരുവല്ല അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരിണി ഭവ്യാമൃത ചൈതന്യ അദ്ധ്യക്ഷതവഹിക്കും. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം രാജയോഗിനി പി.കെ.ഉഷ, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. സമ്മേളനം നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: