കോഴിക്കോട്: മൂന്നാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് കോഴിക്കോട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം31 മുതല്‍ ഫെബ്രുവരി നാലു വരെയാണ് സ്വപ്നനഗരിയില്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. ഫെസ്റ്റിവലിനോടനുബന്ധിച്ച് ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിയ്ക്ക് നടക്കുന്ന ‘വിഷന്‍ കോണ്‍ക്ലേവ്’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിഷന്‍ കോണ്‍ക്ലേവിന്റെ ഉദ്ഘാടനചടങ്ങില്‍ കേന്ദ്ര ആയുഷ്വകുപ്പ് മന്ത്രി ശ്രീപദ് യസ്സോ നായിക് മുഖ്യാതിഥിയായിരിക്കും. പഞ്ചദിന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം 31 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. ദേശീയ-വിദേശ രാഷ്ട്രനേതാക്കളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയുര്‍വേദ വിദഗ്ധരും ഉള്‍പ്പെടെ അയ്യായിരത്തോളം പ്രതിനിധികള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. അഞ്ച് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ പ്രദര്‍ശനത്തില്‍ അഞ്ഞൂറ് പ്രമുഖ സ്ഥാപനങ്ങള്‍ പങ്കാളികളാവും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് നിര്‍വ്വഹിക്കും.
31 മുതല്‍ ഫെബ്രുവരി 3 വരെ ‘സ്ത്രീകളും ആരോഗ്യവും’ എന്ന മുഖ്യവിഷയത്തിലും ഇരുപത്തിയഞ്ചോളം അനുബന്ധ വിഷയങ്ങളിലുമായി രാജ്യാന്തര സെമിനാറുകള്‍ സംഘടിപ്പിക്കും. ആധുനികചികിത്സാശാസ്ത്രങ്ങള്ക്കൊപ്പം ആയുര്‍വേദ ഗവേഷണത്തിന് സാഹചര്യമൊരുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആയുര്‍വേദ ജീവശാസ്ത്രത്തില്‍ അറുപതോളം സിമ്പോസിയങ്ങള്‍ നടക്കും. ഡോ. വന്ദനശിവ, ഡോ. ദിലീപ് സിന്‍ഹ, ഡോ. ആന്റോണിയോ മെറാന്‍ഡി, ഡോ. രാജേഷ് കെട്ടേച്ച, പ്രൊഫ. ഓള്‍ഗ അസോവ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും.
ഫെബ്രുവരി ഒന്നിന് നടക്കുന്ന ആയുര്‍വേദ ഐക്യദാര്‍ഢ്യസമ്മേളനം എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഒന്ന്, രണ്ട് തീയതികളിലായി നടക്കുന്ന ആയുര്‍വേദ വ്യാപാരമേള ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ മുഖ്യാതിഥിയായിരിക്കും. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഫെസ്റ്റിവല്‍ ദിനങ്ങളില്‍ രാവിലെ 9. 30 മുതല്‍ രാത്രി 9.30 വരെ സംഘടിപ്പിക്കുന്ന ആയുര്‍വേദ സ്പെഷ്യാലിറ്റി ക്ലിനിക്കില്‍ ആയുര്‍വേദ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കും.
കേന്ദ്ര ആയുഷ്വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും പങ്കാളിത്തത്തോടെ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷനാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. എഎംഎഐ, എഎച്ച്എംഎ, കെഐഎസ്എംഎ, എഡിഎംഎ, എഎംഎംഒഐ തുടങ്ങിയ സംഘടനകള്‍ ഫെസ്റ്റിവലുമായി സഹകരിക്കുന്നുണ്ടെന്ന് സംഘാടക സമിതി ചെയര്മാന് എം.കെ. രാഘവന് എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഘാടകസമിതി കണ്‍വീനര്‍ എ. പ്രദീപ്കുമാര്‍ എംഎല്‍എ, ഡോ. ജി.ജി. ഗംഗാധരന്, ഡോ. പി. മാധവന്‍കുട്ടി വാര്യര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി. സുരേഷ്കുമാര്‍, ഡോ. മനോജ് കാളൂര്‍, ഡോ. വി.ജി. ഉദയകുമാര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: