സെഞ്ചൂറിയന്‍: ടെസ്റ്റ് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ തോല്‍വിപരമ്പരയ്‌ക്ക് അവസാനം. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ 280 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആദ്യ ഇന്നിങ്‌സില്‍ ഏഴും, രണ്ടാമത്തേതില്‍ ആറും ഉള്‍പ്പെടെ 13 വിക്കറ്റ് പിഴുത കാഗിസോ റബഡയുടെ മികവാണ് ദക്ഷിണാഫ്രിക്കയുടെ മുഖം രക്ഷിച്ചത്. നാലു മത്സര പരമ്പര നേരത്തെ തന്നെ അവര്‍ കൈവിട്ടിരുന്നു (2-1). സ്‌കോര്‍: ദക്ഷിണാഫ്രിക്ക – 475, 248/5 ഡിക്ല., ഇംഗ്ലണ്ട് – 342, 101.
ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ ആതിഥേയര്‍ക്ക് 29 ഓവറില്‍ 112 റണ്‍സ് വഴങ്ങി ഏഴ് ഇരകളെ കണ്ടെത്തിയ റബഡോ 133 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് സമ്മാനിച്ചു. രണ്ടാമിന്നിങ്‌സില്‍ 248 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ദക്ഷിണാഫ്രിക്ക 381 റണ്‍സിന്റെ ലക്ഷ്യം എതിരാളികള്‍ക്കു വച്ചുനീട്ടി. എന്നാല്‍, ആദ്യത്തേതിനേക്കാള്‍ അപകടകാരിയായ റബഡ രണ്ടാമിന്നിങ്‌സില്‍ 10.4 ഓവറില്‍ 32 റണ്‍സിന് ആറു വിക്കറ്റെടുത്ത് ഇംഗ്ലണ്ടിനെ വന്‍ തോല്‍വിയിലേക്കു തള്ളിയിട്ടു.
റബഡയാണ് കളിയിലെ താരം. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ് പരമ്പരയുടെ താരം.
















