ധന്യോ ളഹമതി മാനന്യോളഹം പാവിതോളഹം മഹാത്മഭി:
യത് പൃഷ്ടം സുമഹത് പുണ്യം പുരാണം വേദ വിശ്രുതം
സൂതന്‍ പറഞ്ഞു: വേദങ്ങള്‍ വാഴ്‌ത്തുന്ന ദേവീ ഭാഗവതമെന്ന പുരാണത്തെ പ്രകീര്‍ത്തിക്കാനാണല്ലോ പുണ്യചരിതന്മാരായ നിങ്ങള്‍ എന്നോടാവശ്യപ്പെട്ടത്! ഞാന്‍ ധന്യനായി. മാനിതനും പവിത്രവാനുമായി. സര്‍വ്വശാസ്ത്രങ്ങളിലും വെച്ച് അത്യുത്തമമായ ഭാഗവതപുരാണത്തെക്കുറിച്ച് ഞാന്‍ പറയാം. യോഗികള്‍ക്ക് മുക്തിദായകവും ബ്രഹ്മാദികളാല്‍ സേവിതവും അതിലളിതവും മാമുനികള്‍ക്ക് ധ്യാനനിദാനവുമായ ആ ഭഗവല്‍ പാദമലരുകളെ നമസ്‌കരിച്ചുകൊണ്ടു ഞാന്‍ കഥ തുടങ്ങട്ടെ. ഇക്കഥയാണെങ്കില്‍ ഭഗവതിയുടെ നാമത്താല്‍ പ്രസിദ്ധമാണ്. വിവിധരസങ്ങള്‍ നിറഞ്ഞതാണിതിലെ വിഭവങ്ങള്‍.
വേദങ്ങള്‍ വിദ്യയെന്നു വിളിക്കുന്നവളും, ആദിപരാശക്തിയായി സദാ വിളങ്ങുന്നവളും, സംസാരബന്ധത്തില്‍ നിന്നും മുക്തിയേകുന്നവളും ദുഷ്ടന്മാര്‍ക്ക് അപ്രാപ്യമായവളും, ധ്യാനിക്കുന്ന ഉപാസകര്‍ക്ക് ക്ഷിപ്രപ്രസാദമേകുന്നവളുമായ ആ ഭഗവതി സദാ പ്രസന്നയായി സര്‍വ്വസിദ്ധികളെയും പ്രദാനം ചെയ്യട്ടെ. വിശ്വത്തെ സൃഷ്ടിച്ചു പരിപാലിച്ചു സംഹരിക്കുന്ന ആ ജനനിയെ ഞാന്‍ നമസ്‌കരിക്കുന്നു. വിശ്വനിര്‍മ്മിതി ബ്രഹ്മാവാണ് ചെയ്യുന്നതെന്ന് പ്രസിദ്ധമാണ്. അദ്ദേഹമാകട്ടെ വിഷ്ണുവിന്റെ നാഭിയില്‍ നിന്നുമാണ് ഉത്ഭൂതമായത്. അപ്പോള്‍ സൃഷ്ടികാര്യത്തില്‍ ബ്രഹ്മാവ് സ്വതന്ത്രനല്ല എന്ന് നിശ്ചയം.
മഹാവിഷ്ണു ആദിശേഷസര്‍പ്പത്തില്‍ മയങ്ങുന്ന നേരത്താണല്ലോ അദ്ദേഹത്തിന്റെ നാഭികമലത്തില്‍ നിന്നും വിരിഞ്ജന്‍ ഉണ്ടായത്. ഹരിക്ക് സഹസ്രശീര്‍ഷനായ വിഷ്ണുവാണ് (ആദിശേഷന്‍) അധാരമെങ്കില്‍ ഭഗവാന് സൃഷ്ടി നടത്താന്‍ സാധിക്കുന്നതെങ്ങനെ? കല്‍പ്പകാലത്തെ പ്രളയജലം രസരൂപമാണ്. അതിനൊരു പാത്രമില്ലാതെ നിലകൊള്ളാനാവില്ല. അതിനെ താങ്ങി നിര്‍ത്തുന്നത് ശക്തിയാണ്, ദേവിയാണ്. അഖിലത്തിനും താങ്ങായ, ശക്തിയായി നിലകൊള്ളുന്ന സര്‍വഭൂതജനനിയെ ഞാന്‍ കൈതൊഴുന്നു.
















