ഹരിദ്വാര്‍: കാശിമഠം പരമഗുരു സുധീന്ദ്ര തീര്‍ത്ഥ സ്വാമി സമാധി ആരാധനയ്ക്ക് മഹോത്സവം ഹരിദ്വാറില്‍ നാളെ രാവിലെ തുടക്കമാകും. ചടങ്ങുകള്‍ക്കായി ഹരിദ്വാര്‍ വ്യാസാശ്രമത്തില്‍ ഒരുക്കങ്ങള്‍ പുര്‍ത്തിയായി. കാശിമഠം ഉത്തരാധികാരി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികളുടെ മാര്‍ഗ്ഗദര്‍ശനവുമായി വിവിധ ദേശങ്ങളില്നിന്നുമെത്തിയ 50ല്‍ ഏറെ വൈദികര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികരായി പങ്കെടുക്കും.
ജീവല്‍ സമാധിയായ കാശിമഠം ഗുരുപരമ്പരയിലെ 20-ാംമത് ഗുരു സുധീന്ദ്ര തീര്‍ത്ഥ സ്വാമികളുടെ സമാധി സ്ഥലത്ത് ദിവസവും ആരാധന പുജാധികള് നടന്നുവരുകയാണ്. 26ന് രാവിലെ സമുഹപ്രാര്ത്ഥനയ്ക്കുശേഷം ഗുരു സമാധി ആരാധന ഉത്സവത്തിനായി ഭക്തജന സമര്‍പ്പണവുമായി സാമഗ്രിക സമര്‍പ്പണം നടക്കും. തുടര്‍ന്ന് മഠം ദേവതകള്‍ക്കും വ്യാസാശ്രമത്തിലെ ആരാധനാ മുര്ത്തികള്ക്കും പ്രത്യേക പൂജകള്‍ നടക്കും.
പണ്ഡിറ്റ് നരസിംഹാചര്യ (മംഗലാപുരം) സുധാകര ഭട്ട് (ശൃംഗേരി) ആര്.രാധാക്യഷ്ണ ഭട്ട് (കൊച്ചി) യോഗേഷ് ഭട്ട് (കാഞ്ഞങ്ങാട്) ശ്രീകാന്ത് ഭട്ട് (ചെമ്പി) തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. 27 ന് വ്യാസാശ്രമത്തില്‍ അഖണ്ഡ ഭജന, വൈകിട്ട് ദീപോത്സവം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: