പെനാങ്: മലേഷ്യ മാസ്റ്റേഴ്‌സ് ഗ്രാന്‍ഡ് പ്രീ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ പി.വി. സിന്ധുവിന്. ഫൈനലില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ കേഴ്സ്റ്റി ഗില്‍മൗറിനെ തുടര്‍ച്ചയായ ഗെയിമില്‍ തുരത്തി സിന്ധു, സ്‌കോര്‍: 21-15, 21-9.
രണ്ടാം തവണയാണ് സിന്ധു ഇവിടെ ജേത്രിയാകുന്നത്. 2013ല്‍ ആദ്യ കിരീടം. ഈ വര്‍ഷത്തെ ആദ്യത്തേതും, കരിയറിലെ അഞ്ചാമത്തെയും ഗ്രാന്‍ഡ് പ്രീ കിരീടമാണ് സിന്ധു സ്വന്തമാക്കിയത്.
തന്നേക്കാള്‍ സീഡിങ്ങില്‍ മുന്നിലുള്ള രണ്ടു പേരെ മറികടന്ന് കലാശക്കളിക്കു യോഗ്യത നേടിയ കേഴ്സ്റ്റി ഗിര്‍മൗര്‍ അട്ടിമറി സൃഷ്ടിക്കുമെന്നു കരുതിയെങ്കിലും ഇന്ത്യന്‍ താരം അതിനനുവദിച്ചില്ല. മികച്ച സെര്‍വുകളിലൂടെയാണ് സിന്ധു എതിരാളിയെ നിലംപരിശാക്കിയത്. നിരവധി തവണ നിര്‍ബന്ധിത പിഴവുകളും വരുത്തി സ്‌കോട്ടിഷ് താരം. ഫൈനലില്‍ 32 മിനിറ്റ് കൊണ്ട് എതിരാളിയുടെ വെല്ലുവിളി അവസാനിപ്പിച്ചു സിന്ധു.
ആദ്യ ഗെയിമില്‍ 5-2നും, 10-6നും മുന്നിലെത്തിയ ഇന്ത്യന്‍ താരത്തിന് വെല്ലുവിളിയുയര്‍ത്തി തിരിച്ചെത്തി കേഴ്സ്റ്റി. എന്നാല്‍, 18-14ന് മുന്നില്‍ക്കടന്ന സിന്ധു തുടരെ മൂന്നു പോയിന്റ് നേടി ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ 5-4ന് സ്‌കോട്ടിഷ് താരം ലീഡെടുത്തു. അവിടെനിന്ന് മത്സരം തിരികെപ്പിടിച്ച സിന്ധു 11-6ലേക്ക് ലീഡുയര്‍ത്തി. 19-7ല്‍ നില്‍ക്കെ രണ്ട് പോയിന്റ് മാത്രം വിട്ടുനല്‍കി ഗെയിമും മത്സരവും ഇന്ത്യന്‍ താരം സ്വന്തമാക്കി.
















