കറുകച്ചാല്‍ : എന്‍എസ്എസ് പടിക്കു സമീപം ചിറയ്‌ക്കല്‍ ഭാഗത്ത് വന്‍തോതില്‍ മണ്ണെടുപ്പ് തുടരുന്നു. 15, 14 വാര്‍ഡുകളിലെ കുന്നുകളാണ് മണ്ണ് ലോബി ഇടിച്ചു കൊണ്ടുപോകുന്നത്. നെടുമറ്റംകുന്ന്, മഴുവനാടി, വേമ്പന്താനം പള്ളിയ്‌ക്കു സമീപം സെറ്റില്‍മെന്റ് കോളനിയോട് ചേര്‍ന്നു കിടക്കുന്ന കുന്നും ഇടിച്ചു നിരത്തുകയാണ്.
മഴുവനാടി ഹരിജന്‍ സെറ്റില്‍മെന്റ് കോളനി നിവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന കുന്നിടിയ്‌ക്കല്‍ തടയണമെന്ന് നാട്ടുകാര്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടും ഫല മില്ല. വേനല്‍ അടുത്തപ്പോള്‍ ഈ പ്രദേശത്ത് വന്‍ കുടിവെള്ളക്ഷാമം നേരിടുന്നുവെന്നും അനധികൃതമായ ഈ മണ്ണെടുപ്പ് എത്രയും വേഗം നിര്‍ത്തി വയ്‌പ്പിയ്‌ക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെങ്കില്‍ വന്‍ പ്രക്ഷോഭപരിപാടിയ്‌ക്ക് രൂപം നല്‍കുമെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടുകുളത്തുങ്കല്‍ ഭാഗത്ത് മണ്ണെടുക്കാന്‍ വന്നവരെ നാട്ടുകാര്‍ തടഞ്ഞു. ഇതിനെതിരെ കറുകച്ചാല്‍ പഞ്ചായത്ത് ആര്‍ഡിഒ എന്നിവര്‍ക്ക് പരാതി നല്‍കി. വീടു വയ്‌ക്കാന്‍ എന്ന അപേക്ഷയിന്മേല്‍ മണ്ണ് എടുക്കാന്‍ ജിയോളജി വകുപ്പ് നല്‍കുന്ന എട്ടോ പത്തോ പാസ്സ് ഉപയോഗിച്ച് ആയിരക്കണക്കിന് മണ്ണാണ് വിറ്റു പോകുന്നത്.
















