ഭാരതീയവിചാരകേന്ദ്രത്തിന്റെ 33-ാം വാര്‍ഷിക സമ്മേളനത്തിന് കോഴിക്കോട് തളി സാമൂതിരി സ്‌കൂള്‍ വേദിയാവുകയാണ്. സമ്മേളനത്തിന്റെ മുഖ്യചര്‍ച്ചാവിഷയം ‘കേരളനവോത്ഥാനം, ചരിത്രവും വര്‍ത്തമാനവും’ എന്നതാണ്. കേരള നവോത്ഥാന പ്രക്രിയയുടെ ചരിത്രം പലതരത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വര്‍ത്തമാനകാലത്താണ് വിചാരകേന്ദ്രവും ഈ വിഷയം ചര്‍ച്ചചെയ്യുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ മുതല്‍ അന്‍പതുകള്‍വരേക്കും കേരളത്തിന്റെ സമസ്തമേഖലകളിലും അനുഭവവേദ്യം ആയിരുന്നു നവോത്ഥാനത്തിന്റെ പ്രതിധ്വനികള്‍. ഇതാണ് കേരളത്തിന്റെ സാമൂഹ്യക്ഷമതയെ നിര്‍ണയിച്ചത്. ലോകത്തിലെ ഇതരസമൂഹങ്ങളുടെ ജിജ്ഞാസ ഇവിടേക്ക് ആകര്‍ഷിക്കപ്പെടുവാനിടയാക്കിയത് ഈ മുന്നേറ്റമാണ്. ഇതിന്റെ ബഹുമതി ചെന്നെത്തുന്നത് അയ്യാവൈകുണ്ഠ സ്വാമികള്‍, ചട്ടമ്പിസ്വാമി, ശ്രീനാരായണഗുരു, അയ്യന്‍കാളി, കുമാരനാശാന്‍, വി.ടി.ഭട്ടതിരിപ്പാട്, കെ. കേളപ്പന്‍ തുടങ്ങി നൂറുകണക്കിന് മനീഷികളിലാണ്. പക്ഷേ 1950 കള്‍ക്കുശേഷം ഈ മനീഷികളെയൊക്കെ വിസ്മരിച്ചുകൊണ്ട് കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് പുതിയ അവകാശവാദക്കാര്‍ ഉണ്ടാകുന്ന കാഴ്ചയാണ് കേരളം കണ്ടത്.
കേരളത്തില്‍ നടന്ന നവോത്ഥാനത്തെ തെറ്റായി വ്യാഖ്യാനിക്കാനാണ് ശ്രമങ്ങള്‍ നടന്നത്. നവോത്ഥാനശ്രമങ്ങളുടെ പിന്നിലെ അദ്ധ്യാത്മിക പാരമ്പര്യത്തെ തള്ളിപ്പറയാനും വെറും സാമൂഹിക പരിഷ്‌കരണത്തിന്റെ ഭാഗമായി ഇതിനെ വ്യാഖ്യാനിക്കാനുമാണ് ശ്രമം നടന്നത്. എന്നാല്‍ ഈ വാദത്തെ ശക്തമായി ഖണ്ഡിച്ചുകൊണ്ട് എസ്. ഗുപ്തന്‍നായര്‍ ‘ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശില്‍പികള്‍’ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ:
”ആദ്ധ്യാത്മികത എന്താണ്? ഈശ്വരന്‍ സ്വര്‍ഗ്ഗസ്ഥനല്ല എന്നും ഓരോ ജീവിയുടെ ഉള്ളിലും അവിടുന്ന് യത്കിഞ്ച കുടികൊള്ളുന്നുവെന്നും വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തതാണ്. എന്റെ മുന്നില്‍ക്കാണുന്ന സകലജീവികള്‍ക്കും ഈശ്വരത്വമുണ്ടെങ്കില്‍ അവരോടുള്ള നമ്മുടെ പെരുമാറ്റം എത്ര ഭവ്യമായിരിക്കണം! നമ്മുടെ മുന്നില്‍ കാണുന്ന ഓരോ ഈശ്വരനോടും നാം ഭക്തിബഹുമാനപൂര്‍വ്വം പെരുമാറണമെന്ന് തീര്‍ച്ച. ഇതു മറ്റു മതങ്ങളും പ്രചരിപ്പിച്ചിട്ടുള്ളതല്ലേ എന്നു ചോദിക്കാം. അല്ല, ഈശ്വരാര്‍പ്പണ ബുദ്ധിയോടുകൂടിയുള്ള സേവനം നമ്മുടെ ആദ്ധ്യാത്മികതയുടെ പ്രത്യേകതയാണ്.” ഋഷിപ്രഭാവരായ മഹാപുരുഷന്മാര്‍ ആദ്ധ്യാത്മിക ആചാര്യന്മാരും അതേസമയം സാമൂഹിക പരിഷ്‌കര്‍ത്താക്കളും ആയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
വിദ്യയിലൂടെയും സംഘടനയിലൂടെയും കൃഷിയിലൂടെയെും വ്യവസായത്തിലൂടെയും ശക്തരാകുവാനുള്ള ശ്രീനാരായണഗുരുവിന്റെ ആഹ്വാനം കേരളീയ മനസ്സുകളെ ത്രസിപ്പിച്ചു എന്നതിന് സംശയമില്ല. അങ്ങനെ വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും സാമൂഹിക ആവശ്യമായി കേരളീയസമൂഹം ആധുനികതയിലേക്കു സഞ്ചരിച്ചു. ആരോഗ്യകരമായ വ്യാവസായികാന്തരീക്ഷം സംജാതമായി.
കേരളം ഇതരവികസിത സമൂഹങ്ങളോടൊപ്പം ചരിച്ചുതുടങ്ങി. കേരളീയസാന്നിദ്ധ്യം ഭാരതീയനഗരങ്ങളില്‍ മാത്രമല്ല, ലോകത്തിലെ എല്ലാ നഗരങ്ങളിലും ഉണ്ടായി. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്കൊപ്പം കേരളീയന്റെ സാമൂഹ്യനിലവാരം ഉയര്‍ന്നുവന്നു. പാശ്ചാത്യപണ്ഡിതന്മാരുടെവരെ ശ്രദ്ധ കേരളത്തിലേക്കു തിരിഞ്ഞു. ഇത് ‘കേരള മോഡല്‍’ ആണെന്ന് ചിലര്‍ അവകാശവാദം ഉന്നയിച്ചുപോന്നു. എന്നാല്‍ കേരളമോഡലിന്റെ ഉള്ളുപൊള്ളയാണെന്ന് ഏറെ താമസിയാതെ ഇ.എം.എസ് നമ്പൂതിരിപ്പാട് തന്നെ സമ്മതിക്കുന്നതാണ് നാം പിന്നീട് കണ്ടത്. 1994ലെ കേരളപഠന കോണ്‍ഗ്രസിലെ അധ്യക്ഷ പ്രസംഗത്തിലാണ് ഇത് അദ്ദേഹം വ്യക്തമാക്കിയത്.
”കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പണ്ഡിതര്‍ ചൊരിയുന്ന പുകഴ്‌ത്തലുകള്‍ ഞങ്ങള്‍ നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും ശ്രദ്ധതിരിച്ചുവിടാന്‍ ഇടയാക്കരുത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമ്പത്തിക വളര്‍ച്ചയില്‍ ഞങ്ങള്‍ വളരെ പിന്നാക്കമാണ്. ഈ പ്രതിസന്ധിക്ക് ഉടനെ പരിഹാരം കാണേണ്ടതുണ്ട്. ഉത്പാദനമേഖലയുടെയും തൊഴില്‍ മേഖലയുടെയും പിന്നാക്കാവസ്ഥ ഇനിയും നമുക്ക് അവഗണിക്കാനാവില്ല.” സിപിഎം തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്‌ട്ര കേരള പഠനകോണ്‍ഗ്രസില്‍ ഇഎംഎസ് നടത്തിയ അധ്യക്ഷ പ്രസംഗത്തിലാണ് കേരള മാതൃകയുടെ തകര്‍ച്ചയെക്കുറിച്ച് സ്വയം വിമര്‍ശനം നടത്തിയത്.
അമര്‍ത്യാസെന്നിനെപ്പോലെയുള്ള ഇടതു സാമ്പത്തികശാസ്ത്രജ്ഞന്മാരും ബുദ്ധിജീവികളും കേരളമോഡല്‍ പരാജയമാണെന്ന് വിലയിരുത്തി. കേരളത്തിന്റെ വ്യാവസായികവളര്‍ച്ച തകര്‍ന്നടിഞ്ഞുവെന്നുമാത്രമല്ല, നേരത്തെ ഉണ്ടായിരുന്ന വ്യവസായങ്ങള്‍ കൂടി അടച്ചുപൂട്ടുകയും ചെയ്തു. ഒപ്പം കാര്‍ഷികമേഖലയും മുരടിച്ചു. കേരളം ജനിക്കുമ്പോഴുള്ള (1956) കൃഷിയിടങ്ങളുടെ പകുതിയില്‍ താഴെ എത്തി ഇന്നത്തെ കൃഷിഭൂമി.
ഔപചാരികവിദ്യാഭ്യാസരംഗത്ത് അക്ഷരജ്ഞാനം അറ്റുപോയ 45% വിദ്യാര്‍ത്ഥികളെ സൃഷ്ടിച്ചുകൊണ്ട് കേരളത്തെ ബീഹാറിനു പുറകിലെത്തിച്ചു കേരള നവോത്ഥാനത്തെ ഹൈജാക്ക് ചെയ്ത ശക്തികള്‍. ഇത് കേരളീയ സമൂഹത്തിന്റെ കര്‍മ്മശേഷിയെത്തന്നെ സമ്പൂര്‍ണമായി വന്ധ്യംകരിച്ചു. നിഷ്‌ക്രിയത്വം സമൂഹത്തിന്റെ മുഖമുദ്രയായി മാറി. കമ്മ്യൂണിസ്റ്റുകള്‍ അടക്കിവാണ ബംഗാളില്‍ പട്ടിണിപാവങ്ങളെ സൃഷ്ടിച്ചതുകൊണ്ട് ‘തൊഴില്‍ രഹിതരുടെ’ കേരളത്തിന് ഇന്ന് ആവശ്യമുള്ള തൊഴിലാളികളെ കിട്ടുന്നു. ഒരുകാലത്ത് കേരളത്തോടു വിടപറഞ്ഞ എല്ലാ അശ്രീകരങ്ങളും ഇന്ന് തിരച്ചെത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് സമൂഹത്തെ നയിക്കാന്‍ ഉദാത്തമാതൃകകളില്ല. ലോകം മുഴുവനായി തിരസ്‌കരിച്ച കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് യുവതലമുറയെ ഇന്ന് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. ഫലം – ഇടയനില്ലാത്ത ആടുകളെപ്പോലെ കേരളീയ യുവത്വം അലയുകയാണ്. അവരെ ആകര്‍ഷിക്കാനായി മതമൗലികവാദം ഇന്നു രംഗത്തെത്തിയിരിക്കുന്നു. പോരാത്തതിന് അല്‍പകാലനേട്ടങ്ങള്‍ക്കുവേണ്ടി ഭരണമോഹികളായ രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ ദേശവിരുദ്ധശക്തികളെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്‌ക്കുകയും ചെയ്തുപോരുന്നു.
കേരളത്തിന്റെ സാമ്പത്തികരംഗവും ഇന്ന് പ്രതിസന്ധിയിലായത് ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. ക്രൂഡ് ഒയില്‍ വില കൂപ്പുകുത്തുകയും ഒപ്പമുണ്ടായ ഗള്‍ഫിലെ സ്വദേശിവല്‍ക്കരണവും തൊഴിലന്വേഷികളെ ബാധിച്ചെങ്കിലും കേരളത്തിന്റെ സാമ്പത്തികരംഗത്ത് അത്തരം സംഭവവികാസങ്ങള്‍ തത്ക്കാലം പ്രതിഫലിക്കാത്തത് രൂപയുടെ മൂല്യശോഷണം മൂലം ആണ്. ഇത് ഒരു താത്കാലിക പ്രതിഭാസം മാത്രമാണ്. രൂപ ഡോളറിനെതിരെ ശക്തിയാര്‍ജ്ജിച്ചാല്‍ കേരളം പിച്ചച്ചട്ടി എടുക്കേണ്ടി വരും. കേവലം മണിയോര്‍ഡറുകളെ ആശ്രയിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയായി കേരളം ചുരുങ്ങിപ്പോയതുകൊണ്ടാണ് ഈ ദുരവസ്ഥ നാമഭിമുഖീകരിക്കേണ്ടിവന്നത്. ഉപ്പുതൊട്ട് കര്‍പ്പൂരത്തിനുവരെ അന്യനാടുകളെ ആശ്രയിക്കുന്ന ലോകത്തിലെ അപൂര്‍വ്വസമൂഹങ്ങളില്‍ ഒന്നാക്കി കേരളത്തെ മാറ്റിയതിന്റെ ഉത്തരവദിത്വത്തില്‍നിന്നും കേരളീയനവോത്ഥാനത്തെ ഹൈജാക്ക് ചെയ്തവര്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല.
കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന്റെ തുടര്‍ച്ച ഉണ്ടാകേണ്ടതുണ്ട്. അതിവിപുലവും അര്‍ത്ഥപൂര്‍ണവുമായ ആ പാരമ്പര്യത്തെ ശരിയായി വിലയിരുത്തുക എന്നുള്ളതാണ് ആദ്യപടിയായി ഉണ്ടാകേണ്ടത്. കേരളത്തിന്റെ നവോത്ഥാനചരിത്രം ദേശീയതലത്തിലും കേരളതലത്തിലും അതിന്റെ ശരിയായ മഹിമയില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുമില്ല. ഇതിന് നിരവധി കാരണങ്ങളുണ്ട്. ‘ആശാനും കേരളത്തിലെ സാമൂഹിക വിപ്ലവവും’ എന്ന പുസ്തകത്തില്‍ ഡോ. ടി.കെ. രവീന്ദ്രന്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്.
”വിപുലവും അര്‍ത്ഥസമ്പുഷ്ടവുമായ കേരളത്തിലെ പ്രസ്ഥാനങ്ങള്‍ വെറും പ്രാദേശിക പ്രസ്ഥാനങ്ങളായി നിലകൊണ്ടു. ചരിത്രാരംഭകാലം മുതല്‍ സാമൂഹികവും രാഷ്‌ട്രീയവുമായി ഈ സംസ്ഥാനം ഒറ്റപ്പെട്ടുനില്‍ക്കുന്നതും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമായിരിക്കാം അതിന്റെ കാരണങ്ങള്‍. ദേശീയജീവിതത്തിന്റെ മുഖ്യധാരയില്‍നിന്നും കേരളം എന്നും അകന്നാണു നിന്നിരുന്നത്. അതുപോലെതന്നെ അതിന്റെ ചരിത്രവും. ശ്രീനാരായണഗുരു തുടങ്ങിവെച്ചതും കുമാരനാശാന്‍ പ്രവര്‍ത്തനപഥത്തില്‍ എത്തിച്ചതുമായ സാമൂഹികവും മതപരവുമായ വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക്, ഇന്ത്യയുടെ ദേശീയ ചരിത്രത്തില്‍ ഒരു സ്ഥാനവും നല്‍കിയിട്ടില്ലെ”ന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ കുറവ് പരിഹരിക്കുകയും ഇന്നത്തെ പ്രതിസന്ധിയുടെ ശരിയായ കാരണങ്ങള്‍ വിലയിരുത്തുകയും കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തിന് ഉതകുംവിധം നവോത്ഥാനചരിത്രത്തെ പുനര്‍വായനക്ക് വിധേയമാക്കുകയും ചെയ്യുക എന്നുള്ളതാണ് ഇന്ന് കരണീയമായിട്ടുള്ളത്. ചരിത്രകാരന്മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും അടിയന്തര ശ്രദ്ധ ഇതിനുണ്ടാകേണ്ടതുണ്ട്. കേരളത്തിന്റെ മൗലികമായ പ്രശ്‌നങ്ങളെ അടയാളപ്പെടുത്തി കേരളത്തിന്റെ മണ്ണും മനസ്സും തിരിച്ചറിഞ്ഞുള്ള വികസന രൂപരേഖ ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് ഇത്തരമൊരു പ്രക്രിയയിലൂടെ കടന്നുപോകാതെ കഴിയില്ല. ഇതിന്റെ ആദ്യപടിയാണ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ സമ്മേളനം മുന്നോട്ടുവെക്കുന്ന പ്രമേയം.
(ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍
ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് മെമ്പറാണ് ലേഖകന്‍)
















