കോട്ടയം: പട്ടികജാതിയില്‍പ്പെട്ട മുണ്ടക്കയം സ്വദേശിനി രജിനി നന്ദനേയും മകളേയും വീട്ടില്‍ കയറി ആക്രമിച്ച കേസ് പട്ടികജാതി -പട്ടിക വര്‍ഗപീഢന നിരോധന നിയമ പ്രകാരം പുനരന്വേഷിക്കാന്‍ കേരള പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്തില്‍ ചെയര്‍മാന്‍ ജഡ്ജ്(റിട്ട) ഡോ.പി.എന്‍.വിജയകുമാര്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി യ്‌ക്ക് നിര്‍ദ്ദേശം നല്‍കി.വേലൂര്‍ സ്വദേശി കെ.കെ.രാജുവിന്റെ സഞ്ചാരസ്വാതന്ത്ര്യം അയല്‍വാസി തടസ്സപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് നേരിട്ടന്വേഷിക്കാനും ആവശ്യമെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍കേസ്സെടുക്കാനും ഡിവൈഎസ്പിയ്‌ക്കും കോട്ടയം റെവന്യു ഡിവിഷണല്‍ ഓഫീസര്‍ക്കും ഉത്തരവ് നല്‍കി. കമ്മീഷന്റെ ജില്ലയിലെ അദാലത്തിന്റെ ഒന്നാംഘട്ടമാണ് ഇന്നലെ കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ നടന്നത്.കാഞ്ഞിരപ്പള്ളി താലൂക്കിലെ 50-ഓളം പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.ഇതില്‍ 35 എണ്ണത്തിന് തീര്‍പ്പുകല്‍പ്പിച്ചു.പുതിയ 10 പരാതികളും സ്വീകരിച്ചു. ചെയര്‍മാനോടൊപ്പം അംഗങ്ങളായ എഴുകോണ്‍ നാരായണന്‍,അഡ്വ.കെ.കെ.മനോജ് എന്നിവരുംചേര്‍ന്നാണ് പരാതിക്കാരേയും എതിര്‍കക്ഷികളേയും നേരില്‍കേട്ട് പരാതികള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കുരുവിള,ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ.ശാന്തമണി,ഐറ്റിഡിപി ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, കമ്മീഷന്‍ അസി.രജിസ്ട്രാര്‍ സി.കെ.വിനോദന്‍ എന്നിവര്‍ സംബന്ധിച്ചു.
















