മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ലിയാന്‍ഡര്‍ പേസ് സഖ്യം ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായി. എന്നാല്‍ പ്രതീക്ഷ നല്‍കി മഹേഷ് ഭൂപതി സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ലക്‌സംബര്‍ഗിന്റെ ജൈല്‍സ് മുള്ളര്‍-ഭൂപതി സഖ്യം ഓസ്‌ട്രേലിയന്‍ സഖ്യമായ അലക്‌സ് ബോള്‍ട്ട്-ആന്‍ഡ്രൂ വിറ്റിംഗ്ടണ്‍ സഖ്യത്തെ 7-6, 3-6, 4-6 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്.
ഫ്രഞ്ച് താരം ജെര്‍മി ചാര്‍ഡി-പെയ്‌സ് സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കു തോറ്റു പുറത്താവുകയായിരുന്നു. ജുവാന്‍ സെബാസ്റ്റിയന്‍-റോബര്‍ട്ട് ഫറ സഖ്യത്തോട് 3-6, 4-6 എന്ന സ്‌കോറിനാണ് ലിയാണ്ടര്‍ സഖ്യം അടിയറവു പറഞ്ഞത്.
കെസിഎ ആള്‍ കേരള സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്: കാസര്‍കോട് ജേതാക്കള്‍
കോഴിക്കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ആള്‍ കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് നെയ്‌മര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിജയികളായി. കോഴിക്കോട് എന്‍ഐടി ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ കൊല്ലം ക്രിസ്തുരാജ എച്ച്എസ്എസിനെ 6 വിക്കറ്റിനാണ് തന്‍ബീറുല്‍ ഇസ്ലാം പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ക്രിസ്തുരാജ 30 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. തന്‍ബീറുല്‍ ഇസ്ലാം 19 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കണ്ടു.
സമ്മാനദാന ചടങ്ങില്‍ കെസിഎ വൈസ് പ്രസിഡന്റ് എസ്. ഹരിദാസ് മുഖ്യാതിഥിയായിരുന്നു. ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി മുഹമ്മദ് അഫ്‌സല്‍. പി.ആറിനെയും (കാസര്‍കോട്) ഫൈനലിലെ മികച്ച കളിക്കാരനായി ജാവേദ് ഫാസിലിനെയും (കാസര്‍കോട്) തിരഞ്ഞെടുത്തു. ടൂര്‍ണ്ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി അനന്തു. എസ്. പ്രകാശിനെയും (കൊല്ലം), ബൗളറായി ശ്രീഹരി. എസിനെയും (കൊല്ലം) തെരഞ്ഞെടുത്തു. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും നല്‍കി.
















