ബിജെപിയുടെ അധ്യക്ഷപദവി ഏറ്റെടുത്ത് കൃത്യം ഒരുമാസം പിന്നിടുന്ന ദിവസമാണ് വിമോചനയാത്ര ആരംഭിക്കുന്നത്. ‘യാത്രാ പൊളിറ്റിക്സ്’ ഇന്ന് കേരള രാഷ്ട്രത്തിന്റെയും അവിഭാജ്യ ഘടകമാണ്. വിമോചനയാത്രയ്ക്ക് മുമ്പും പിന്പുമായി മറ്റ് ചില പാര്‍ട്ടികളുടെ കേരളയാത്രകളുമുണ്ട്. ഇവയില്‍നിന്നൊക്കെ വിമോചനയാത്ര വ്യത്യസ്തമാകുന്നത് എങ്ങനെയാണ്?
വിമോചനയാത്രയുടെ മുദ്രാവാക്യത്തില്‍ നിന്നുതന്നെ വ്യത്യാസം പ്രകടമാണ്. അന്നം, വെള്ളം, മണ്ണ്, തൊഴില്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന വിമോചന യാത്രയ്ക്കു മുന്നില്‍ ജനങ്ങളാണുള്ളത്, രാഷ്ട്രീയ പ്രതിയോഗികളല്ല. ഇടതു-വലതു മുന്നണികളില്‍പ്പെടുന്ന രാഷ്ട്രീയകക്ഷികളുടെ യാത്രകള്‍ നിഷേധാത്മക രാഷ്ട്രീയത്തിന്റെതാണ്. വിമോചനയാത്ര ഭാവാത്മകമാണ്. കേരളത്തില്‍ ബിജെപിക്ക് വിശാലമായ ഒരിടമുണ്ടെന്ന ഞങ്ങളുടെ തിരിച്ചറിവും ഇടതു-വലതു മുന്നണികളുടെ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ ബിജെപിയില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷയുമാണ് വിമോചനയാത്രയെ അനിവാര്യമാക്കിയത്.
ഏതുവിധേനയെയും അധികാരത്തില്‍ തുടരാനുള്ള യുഡിഎഫിന്റെയും അധികാരം തിരിച്ചുപിടിക്കാനുള്ള എല്എഡിഎഫിന്റെയും വ്യഗ്രതയും യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിലെയും എല്‍ഡിഎഫിനെ നയിക്കുന്ന സിപിഎമ്മിലെയും അധികാരമോഹികളായ ചില നേതാക്കളുടെ ഗ്രൂപ്പുപോരുമാണ് ഇവരുടെ യാത്രയ്ക്ക് പിന്നിലുള്ളതെന്ന് ജനങ്ങള്‍ക്ക് നന്നായറിയാം. ഇവിടെ ബിജെപിയും വിമോചനയാത്രയും മുന്നോട്ടുവയ്ക്കുന്ന ബദല്‍ രാഷ്ട്രീയമെന്താണ്?
ഞാന്‍ നേരത്തെ പറഞ്ഞല്ലോ, ബിജെപിക്കുമുന്നില്‍ കേരളത്തിലെ ജനങ്ങളാണുള്ളത്. അവരുടെ ജീവല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. അധികാരം ലക്ഷ്യമായല്ല, മാര്‍ഗമായാണ് ബിജെപി കാണുന്നത്. ഐക്യകേരളം രൂപംകൊണ്ടതിനുശേഷം അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ സൃഷ്ടിച്ചതും അവര്‍ സൗകര്യപൂര്‍വം കണ്ണടയ്ക്കുകയും ചെയ്ത അനീതികള്‍ തുടച്ചുനീക്കണമെന്നുതന്നെയാണ് ബിജെപി ആഗ്രഹിക്കുന്നത്.
നാല്പ്പത്തിനാല് നദികളും വേണ്ടുവോളം മഴലഭ്യതയുമുണ്ടായിട്ടും ശുദ്ധജലം കിട്ടാത്ത എണ്ണിയാലൊടുങ്ങാത്ത പ്രദേശങ്ങള്‍ കേരളത്തിലുണ്ട്. ഇനിയും വൈദ്യുതി എത്താത്ത ആയിരക്കണക്കിന് വീടുകളുണ്ട്. സ്വന്തമായി വീടില്ലാത്തവര്‍ ജനസംഖ്യയില്‍ നല്ലൊരു ശതമാനം വരും. ഉപജീവനത്തിനായി അടിമപ്പണിയെടുക്കാന്‍ കേരളത്തിലേക്കുവരുന്ന മറുനാടന്‍ തൊഴിലാളികളെക്കാള്‍ മോശമാണ് പല മലയാളികളുടെയും ജീവിതാവസ്ഥകള്‍. അതേസമയം, അഭ്യസ്തവിദ്യരായവര്‍ക്ക് മാന്യമായ തൊഴിലില്ല. കഴിവുള്ളവര്‍ അവസരങ്ങള്‍ തേടി നാടുവിടുന്നു. സമ്പന്നരായ പ്രവാസി മലയാളികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഒരുക്കമല്ല. കക്ഷിരാഷ്ട്രീയ പരിഗണനകള്‍ വികസനത്തിന് വഴിമുടക്കുകയാണ്.
നിര്‍ഭാഗ്യകരമായ ഈ സ്ഥിതിവിശേഷം മാറിയേ തീരൂ. മാറ്റാനാവുമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്. ഭാഗ്യമെന്ന് പറയട്ടെ, ഇവിടെ കേരളത്തിന് അനുകൂലമായ ഒരു ഘടകമുള്ളത് നരേന്ദ്രമോദി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരാണ്. കേരളത്തിന്റെ വികസനത്തിനും നന്മയ്ക്കുംവേണ്ടി എന്തുചെയ്യാനും മോദി സര്‍ക്കാര്‍ ഒരുക്കമാണ്. ഇത് വെറുതെ അവകാശവാദം ഉന്നയിക്കുന്നതല്ല. അധികാരത്തിലേറി രണ്ട് വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുമ്പുതന്നെ ചരിത്രത്തില്‍ മറ്റൊരു സര്‍ക്കാരും ചെയ്യാത്ത കാര്യങ്ങള്‍ കേരളത്തിനുവേണ്ടി മോദി സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.
യുപിഎ സര്‍ക്കാരിലെ മന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള ലോബി കേരളത്തില്‍നിന്ന് തട്ടിയെടുത്ത് തമിഴ്നാടിന് നല്കാന് ശ്രമിച്ച വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കമായിരിക്കുന്നത് മോദി സര്‍ക്കാരിന്റെ സഹായംകൊണ്ടാണ്. വയബിലിറ്റി ഗ്യാപ് ഫണ്ടുവഴി മോദി സര്‍ക്കാര്‍ അനുവദിച്ച 800 കോടി രൂപയുടെ സഹായമാണ് വിഴിഞ്ഞം പദ്ധതി കേരളത്തിന് ഉറപ്പാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണ് പദ്ധതിയുടെ നിര്‍മാണം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിലേക്ക് നയിച്ചത്. കേരളത്തിന്റെ റോഡ് വികസനത്തിനായി 34000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. ചെറുതും വലുതുമായി 50 ലെറെ വികസന പദ്ധതികളാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ കേരളത്തിന് മാത്രമായി നല്‍കിയത്. കേരളത്തില്‍നിന്ന് എട്ട് മന്ത്രിമാരുമായി പത്ത് വര്‍ഷം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ ആലോചിക്കുകപോലും ചെയ്യാതിരുന്ന വികസന-സാമൂഹ്യ ക്ഷേമപദ്ധതികളാണ് മോദി സര്‍ക്കാര്‍ ഇതിനകംതന്നെ കേരളത്തിന് അനുവദിച്ചിട്ടുള്ളത്.
ഇത്രയൊക്കെ ചെയ്തിട്ടും ഇടതു-വലതു മുന്നണികള്‍ പ്രത്യേകിച്ച് അവയ്ക്ക് നേതൃത്വം നല്കുന്ന സിപിഎമ്മും കോണ്‍ഗ്രസും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹം നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇടതു-വലതു മുന്നണികളുടെ കേരളയാത്രകള്തന്നെ മോദിവിരുദ്ധവും ബിജെപി വിരുദ്ധവുമാണ്?
തികച്ചും ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണിത്. മുഖ്യമായും രണ്ട് ദുഷ്ടലാക്കുകളാണ് ഇതിനുള്ളത്. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ മുഖമുദ്ര തന്നെയാണ് അഴിമതി.
അഴിമതിയുള്‍പ്പെടെയുള്ള അവിശുദ്ധവും ജനവിരുദ്ധവുമായ രാഷ്ട്രീയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഷയമാക്കാതെ നോക്കുകയാണ് ഒന്നാമത്തേത്. വിദ്വേഷ രാഷ്ട്രീയം പ്രയോഗിക്കാതിരുന്നാല്‍ വികസനത്തിലും തുല്യനീതിയിലും അടിയുറച്ചുനിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന മോദി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ ആഭിമുഖ്യം വര്‍ധിക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ ഇതിനകംതന്നെ ശിഥിലമായി കഴിഞ്ഞ തങ്ങളുടെ രാഷ്ട്രീയാടിത്തറ തകരുമെന്നും ഇടതു-വലതു മുന്നണി നേതൃത്വം ഭയക്കുന്നു. ഇതിനെ മറികടക്കാനുള്ള എളുപ്പവഴി വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആര്.ശങ്കര്‍ പ്രതിമാ അനാച്ഛാദനവും ശിവഗിരി സന്ദര്‍ശനവുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പയറ്റിയത് നഗ്നമായ വിദ്വേഷ രാഷ്ട്രീയമാണ്. സ്വന്തം പദവി മറന്നുകൊണ്ട് ഇതിന് ഇറങ്ങിത്തിരിച്ച ഉമ്മന്‍ചാണ്ടിയും പൂര്‍ണപിന്തുണ നല്കിയ സിപിഎമ്മും കേരള ജനതയെ വഞ്ചിക്കുകയായിരുന്നു.
ബിജെപി പ്രതിനിധാനം ചെയ്യുന്ന സാംസ്കാരികമാനമുള്ളതും വികസനോന്മുഖവും സാമൂഹ്യനീതിയില്‍ അധിഷ്ഠിതവുമായ ദേശീയ രാഷ്ട്രീയം വിന്ധ്യനിപ്പുറം ദക്ഷിണഭാരതത്തിലേക്ക് കടന്നുവരാതിരിക്കാനാണ് ഒരുകാലഘട്ടംവരെ രാഷ്ട്രീയ പ്രതിയോഗികള്‍ കിണഞ്ഞു ശ്രമിച്ചത്. എന്നാല്‍ ഇത് പലപ്പോഴായി പരാജയപ്പെട്ടു.
കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്തി. ആന്ധ്രയിലും തെലുങ്കാനയിലും തമിഴ്നാട്ടിലും പാര്‍ട്ടി അധികാര രാഷ്ട്രീയമാണ് കൈയാളുന്നത്. ഈ നാല് സംസ്ഥാനങ്ങളില്‍നിന്നും മോദി സര്‍ക്കാരില്‍ ബിജെപിക്ക് കേന്ദ്രമന്ത്രി മന്ത്രിമാരുണ്ട്. കേരളീയ ജനതയും ബിജെപിയുടെ ഭാവാത്മക രാഷ്ട്രീയത്തില്‍ അണിചേരുമെന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവും വേണ്ട. അവിശുദ്ധ രാഷ്ട്രീയത്തിന്റെ ചെളിക്കുണ്ടില്‍ ജനങ്ങളെ തളച്ചിടാനുള്ള ഇടതു-വലതു മുന്നണികളുടെ ശ്രമം ഇനിയുള്ള കാലം വിജയിക്കാന്‍ പോകുന്നില്ല.
നമുക്ക് ബദല്രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാം. ബദല്‍ രാഷ്ട്രീയത്തിന്റെ പ്രയോഗത്തിന് ഇതുവരെ ഇടതു-വലതു മുന്നണികള്‍ പിന്തുടര്ന്നുവന്ന രാഷ്ട്രീയത്തില്‍നിന്ന് മൗലികമായി വ്യത്യസ്തമായ കാഴ്ചപ്പാടും പ്രായോഗിക സമീപനവും ആവശ്യമുണ്ട്. ഇങ്ങനെയൊന്ന് ബിജെപിക്ക് അവകാശപ്പെടാനാവുമോ?
തീര്‍ച്ചയായും കഴിയും. ഇതൊരു അവകാശവാദമല്ല. ശൂന്യതയില്‍നിന്ന് ഒന്നും സൃഷ്ടിക്കേണ്ട സാഹചര്യം ബിജെപിക്കില്ല. കേരളത്തില്‍ പ്രീണന രാഷ്ട്രീയമല്ല, മൂല്യാധിഷ്ഠിത രാഷ്ട്രീയമാണ് വേണ്ടതെന്ന ബോധം ബിജെപിക്കു മാത്രമല്ല, ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അതുണ്ട്.
ഓര്‍ക്കാനും ഓമനിക്കാനും കഴിയുന്ന ഒരു ഭൂതകാലമഹിമയായി മൂല്യാധിഷ്ഠിത രാഷ്ട്രീയം മാറിയിരിക്കുന്നതായി ജനങ്ങള്‍ അറിയുന്നു. കേരളത്തില്‍ ആദര്‍ശാത്മക രാഷ്ട്രീയം അന്യമായതിന്റെ ഉത്തരവാദികള്‍ ഇടതു-വലതു മുന്നണികളാണെന്ന് ജനങ്ങള്‍ക്ക് ഉറച്ചബോധ്യമുണ്ട്. വ്യക്തമായ ആശയങ്ങളുടെ പിന്‍ബലത്തില്‍ പ്രശ്നപരിഹാരം സാധ്യമാകുന്ന രാഷ്ട്രീയപ്രവര്‍ത്തനമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. പൊയ്മുഖങ്ങളില്ലാത്ത, കാപട്യങ്ങളില്ലാത്ത നേതൃശൈലി ഉയര്‍ന്നുവരണം. രാഷ്ട്രീയത്തെ ആമാശയത്തിന്റെ പ്രശ്നമായെടുക്കുന്നവര്ക്ക് ഒരു പ്രശ്നവും പരിഹരിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല, സ്ഥിതിവിശേഷം കൂടുതല്‍ വഷളാക്കാന്‍ മാത്രമേ കഴിയൂ.
പ്രശ്നത്തിന്റെ പക്ഷത്തല്ല, പരിഹാരത്തിന്റെ പക്ഷത്താണ് നില്ക്കേണ്ടതെന്ന് അങ്ങ് പലപ്പോഴും ആവര്‍ത്തിച്ചിട്ടുള്ള ഒരു അഭിപ്രായമാണ്. കേരളത്തിലെ പല പ്രശ്നങ്ങളും പതിറ്റാണ്ടുകളായി ജനങ്ങളെ വേട്ടയാടുന്നവയാണ്. പരിഹാരമാര്‍ഗങ്ങള്‍ പലതും പ്രയോഗിക്കപ്പെട്ടിട്ടും പ്രശ്നങ്ങള്‍ പ്രശ്നങ്ങളായിത്തന്നെ അവശേഷിക്കുകയാണ്?
കേരളം നേരിടുന്ന പ്രശ്നങ്ങള്‍ ഒരു മാന്ത്രികവടികൊണ്ട് പരിഹരിക്കാവുന്നവയല്ല. അതേസമയം, പ്രശ്നങ്ങളെ ശരിയായി മനസ്സിലാക്കി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളൊന്നും കേരളത്തിലില്ലെന്നാണ് ഞാന്‍ കരുതുന്നത്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ, പട്ടികജാതി-വര്‍ഗക്കാരുടെ, വനവാസികളുടെ, ദളിതരുടെ പേരുപറഞ്ഞ് പലരും പ്രക്ഷോഭങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഈ ജനവിഭാഗങ്ങളൊക്കെ എങ്ങനെ ജീവിക്കുന്നുവെന്ന് എത്രപേര്‍ മനസ്സിലാക്കിയിട്ടുണ്ട്, വിലയിരുത്തിയിട്ടുണ്ട്? അവരുടെ ജീവല്‍പ്രശ്നങ്ങളെക്കുറിച്ച് ക്രിയാത്മകമായി ഒരു ചര്‍ച്ചയും നടക്കുന്നില്ല.
വനാവകാശ നിയമം നടപ്പാക്കാത്ത ഒരു സംസ്ഥാനമാണ് കേരളം എന്നറിയുക. മധ്യപ്രദേശും മഹാരാഷ്ട്രയും രാജസ്ഥാനും ഒറീസയുമെല്ലാം വനാവകാശ നിയമപ്രകാരം കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് നേടിയെടുക്കുന്നത്. ജീവിക്കാന്‍ പാടുപെടുന്ന ഹതഭാഗ്യരായ ജനങ്ങളെപ്പോലും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണുന്ന രാഷ്ട്രീയമാണ് കേരളത്തിലെ മുന്നണികള്‍ പിന്തുടര്ന്നത്.
ബദല്‍ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന വികസന മാതൃകയുടെ അവിഭാജ്യഘടകമാണ് പരിസ്ഥിതി സംരക്ഷണം. അങ്ങയുടെ നേതൃത്വത്തില്‍ നടന്നതും വിജയംവരിച്ചതുമായ ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ സമരം അന്തഃസത്തയില്‍ പരിസ്ഥിതിയും സാംസ്കാരിക പൈതൃകവും സംരക്ഷിക്കാനുള്ളതായിരുന്നു. യഥാര്‍ത്ഥത്തില്‍ ആറന്മുളയിലേത് ഒറ്റപ്പെട്ട കൈയേറ്റവുമായിരുന്നില്ല. കേരളത്തിലെവിടെയും ചെറുതും വലതുമായ ഇത്തരം പാരിസ്ഥിതിക നിയമലംഘനങ്ങള്‍ വ്യവസ്ഥിതിയുടെ ഭാഗമായിരിക്കുന്നു. എന്താണ് പറയാനുള്ളത്?
കേരളത്തില്‍ മണ്ണും ജലവുമൊക്കെ അടങ്ങുന്ന പ്രകൃതി ദുഷിച്ചുകഴിഞ്ഞു. കുന്നുകളും നെല്‍പ്പാടുകളും ഏറെക്കുറെ നശിച്ചു. ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നു. 65 ശതമാനം കാവുകളും വെട്ടിനശിപ്പിച്ചു. പണ്ടുണ്ടായിരുന്ന കിളികളും ചിത്രശലഭങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. എന്തിനേറെ മണ്ണിരകളെപ്പോലും ഇപ്പോള്‍ കാണുന്നില്ല. പരിസ്ഥിതി സംരക്ഷണം പരമപ്രധാനമായിരിക്കണം എന്നതിലേക്കാണ് ഇവയെല്ലാം വിരല്‍ചൂണ്ടുന്നത്. കേരളം അപകടകരമായ അവസ്ഥയിലാണ്. കാന്‍സര്‍ രോഗികള്‍ പെരുകുന്നു. കേരളത്തില്‍ ഓരോവര്‍ഷവും 35000 പുതിയ കാന്‍സര്‍ രോഗികള്‍ ഉണ്ടാകുന്നുവെന്നാണ് ഒരു കണക്ക്. മനുഷ്യന് കഴിക്കുന്നത് മാരകവിഷങ്ങളടങ്ങിയ ഭക്ഷ്യവസ്തുക്കളാണ്. ആരോഗ്യമാണ് ജനങ്ങളുടെ ആവശ്യം. എന്നാല്‍ ഇതുസംബന്ധിച്ച് ആരോഗ്യപരമായ ഒരു ചര്‍ച്ചയും നടക്കുന്നില്ല എന്നതാണ് വാസ്തവം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: