ചിറക്കടവ്: കള്ളുഷാപ്പ് തൊഴിലാളിയായ ബന്ധുവിന്റെ കാലുകള്‍ തല്ലിയൊടിച്ച കേസില്‍ ഷാപ്പ് ഉടമ അറസ്റ്റില്‍. തെക്കേത്തുകവല, പൗവ്വത്തുകവല പരിയാരത്ത് വിനോദ് (മണിക്കുട്ടന്‍ -34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 15ന് രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചെന്നാക്കുന്ന് ഷാപ്പിലെ വില്‍പ്പനക്കാരന്‍ ചിറക്കടവ് ഗ്രാമദീപം, കാരിപ്പൊയ്‌ക മംഗലത്തുകുന്നേല്‍ മനോജ് (45)നെയാണ് ഷാപ്പ് ഉടമയും മറ്റ് തൊഴിലാളികളും ചേര്‍ന്ന് ആക്രമിച്ചത്.
മനോജിന്റെ രണ്ട് കാലുകളും ഒരു കൈയ്യും അക്രമത്തില്‍ ഒടിഞ്ഞിരുന്നു. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഷാപ്പ് ഉടമ വിനോദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. മറ്റുപ്രതികളായ മോഹന്‍, ഗിരീഷ്, ജഗദീഷ് എന്നിവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. പൊന്‍കുന്നം സിഐ ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റു ചെയ്തു.
















