എം.എസ്.ജയചന്ദ്രന്‍
ശാസ്താംകോട്ട: കൗമരവും യൗവനവും മുഴുവന്‍സമയ സംഘടനപ്രവര്‍ത്തനത്തിനായി ഉഴിഞ്ഞുവച്ച കര്‍മ്മയോഗിക്ക് ഇത് അംഗീകാരത്തിന്റെ പുഷ്പവര്‍ഷം. ബിജെപിയുടെ നിയുക്ത ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് തന്റെ പുതിയ ചുമതലയെ സ്വഭാവികമായി കാണുമ്പോള്‍ മുപ്പത് വര്‍ഷം നീണ്ട മുഴുവന്‍സമയ പ്രവര്‍ത്തനത്തിന്റെ അംഗീകാരമായാണ് ഇതിനെ വിലയിരുത്താന്‍. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ പാര്‍ട്ടി നിശ്ചയിച്ച ചുമതലകളില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി ഒരു അലംഭാവവും ഇല്ലാതെ നിര്‍വഹിച്ച ഗോപിനാഥ് സ്വന്തം ജില്ലയിലെ പ്രസിഡന്റായി ചുമതല ഏറ്റതോടെ ഇന്നലെ രാവിലെമുതല്‍ ശൂരനാട് തെക്ക് ആയിക്കുന്നം മുക്കോടി കിഴക്കതില്‍ വീട്ടില്‍ അനുമോദനങ്ങളുമായി നിരവധിപേരാണ് എത്തിയത്.
ഗോപാലപിള്ളയുടെയും ഭാരതിയമ്മയുടെയും മകനായി 1959 ഏപ്രില്‍ അഞ്ചിന് ജനിച്ച ഗോപിനാഥ് 1987ലാണ് ബിജെപിയുടെ മുഴുവസമയ പ്രവര്‍ത്തകനായത്. അന്ന് ജ്യേഷ്ഠന്‍ ദുബൈയില്‍ നിന്ന് കൊണ്ടുവന്ന വിസ നിഷേധിച്ച് വീട്ടുകാരെയും വെറുപ്പിച്ച് വീട് വിട്ട് ഇറങ്ങുമ്പോള്‍ മനസ് നിറയെ സംഘടന മാത്രമായിരുന്നു. അന്ന് കെ.ജി.മാരാറായിരുന്നു ബിജെപി സംഘടന സെക്രട്ടറി. മാരാര്‍ജിയുടെ വ്യക്തിപ്രഭാവതത്തില്‍ സംഘടന നൈപുണ്യത്തിലും ആകര്‍ഷിച്ചാണ് അദ്ദേഹം സംഘടനാപ്രവര്‍ത്തനത്തിലേക്ക് എത്തിച്ചേര്‍ന്നത്. 1979ല്‍ ആര്‍എസ്എസിലൂടെയാണ് സംഘടനാപ്രവര്‍ത്തനത്തില്‍ എത്തിച്ചേര്‍ന്നത്. 1980ല്‍ ഇലക്‌ട്രോണിക്‌സിന് പഠിക്കുമ്പോള്‍ എബിവിപിയുടെ ജില്ലാ സാങ്കേതികസെല്‍ കണ്‍വീനറായി. 81ല്‍ കുന്നത്തൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും 1983 ല്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയുമായി. 1986ല്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയായി ഇരിക്കുമ്പോഴാണ് മുഴുവന്‍സമയ പ്രവര്‍ത്തകനായി രംഗത്ത് ഇറങ്ങുന്നത്.
ആലപ്പുഴ, കാസര്‍കോഡ്, തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ സംഘടനാ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്. ആജീവന്‍ സഹയോഗി സംസ്ഥാന കണ്‍വീനറായി ഇടയ്‌ക്ക് ചുമതല വഹിച്ചു. 2009ല്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന സംഘടന സെക്രട്ടറിയായിരുന്നു. നിലവില്‍ ബിജെപി ദക്ഷിണമേഖല സംഘടനസെക്രട്ടറിയായി ചുമതല വഹിക്കുമ്പോ അദ്ദേഹത്തെ ജില്ലാ പ്രസിഡന്റ് ചുമതലയിലേക്ക് എത്തുകയായിരുന്നു.
















