കല്ലമ്പലം: ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. നാവായിക്കുളം വെട്ടിയറ പോളച്ചിറ ജയപ്രകാശ് മന്ദിരത്തില്‍ ജയപ്രകാശിന്റെയും അജിതയുടെയും മകള്‍ ജയലക്ഷ്മി (16) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ പഠിക്കാന്‍ എഴുന്നേറ്റ ജയലക്ഷ്മി അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ദേഹമാസഹലം പൊള്ളലേറ്റ ജയലക്ഷ്മിയെ ബന്ധുക്കള്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശൂപത്രിയിലെത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാള്‍ അഡ്മിറ്റ് ചെയ്തില്ല. തുടര്‍ന്ന് ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഞായറാഴ്‌ച്ച രാവിലെ പതിനൊന്നരയോടെ മരിച്ചു.
ജയലക്ഷ്മി
മെഡിക്കല്‍കോളേജ് ആശൂപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. കടംബാട്ടുകോണം എസ്‌കെവിഎച്ച്എസിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജയലക്ഷ്മി. അച്ഛന്‍ കടംബാട്ടുകോണം മത്സ്യമൊത്തവ്യാപാര കേന്ദ്രത്തിലെ തൊഴിലാളിയാണ്. പുലര്‍ച്ചെ ജോലിക്ക് പോയതിനു പിറകെയായിരുന്നു സംഭവം. ഏക സഹോദരന്‍ ജയ്ജിത്ത് കല്ലുവാതുക്കലുള്ള ബന്ധുവിന്റെ വീട്ടിലുമായിരുന്നു. മകളെ പഠിക്കാന്‍ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയിട്ട് അജിത ഉറങ്ങുകയായിരുന്നു. ബഹളംകേട്ട് ഉണര്‍ന്ന അജിത കണ്ടത് മകളുടെ ദേഹത്ത് തീ ആളിപടരുന്നതാണ്. വെള്ളം ഒഴിച്ച് തീ അണച്ചെങ്കിലും മകളുടെ നില അതീവ ഗുരുതരമായിരുന്നു. അസ്വഭാവികമരണത്തിന് പള്ളിക്കല്‍ പോലിസ് കേസെടുത്തു.















