ചാത്തന്നൂര്‍: ദിനംപ്രതി പെരുകുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ആര്‍ക്കും മതിയായ രേഖകളില്ലാതെ നാട്ടിന്‍പുറങ്ങളില്‍ സംഘം ചേര്‍ന്ന് ക്യാമ്പ് ചെയ്യുന്നു. ഇത് മൂലം തദ്ദേശീയര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയാണ്.
സ്ഥിരമായി താമസിച്ച് നിര്‍മാണമേഖലയില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍ പോയി മടങ്ങിവരുമ്പോള്‍ ഓരോരുത്തരും ഓരോസംഘം യുവാക്കളെ എത്തിക്കുന്നു. ഇവര്‍ സമസ്ത തൊഴില്‍മേഖലകളും കൈയ്യടക്കാന്‍ തുടങ്ങിയതോടെ തദ്ദേശീയരായ തൊഴിലാളികള്‍ക്ക് തൊഴിലില്ലാത്ത സ്ഥിതിയായി.
പ്രശ്‌നം പരിഹരിക്കുന്നതിനു സര്‍ക്കാര്‍തലത്തില്‍ അടിയന്തിര ഇടപെടലുണ്ടായില്ലെങ്കില്‍ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലേക്കു നീങ്ങുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. കോണ്‍ക്രീറ്റ്, കെട്ടിട നിര്‍മ്മാണം, തേപ്പ്, ടൈല്‍സ്, മരപ്പണി തുടങ്ങിയ മേഖലകളില്‍ വര്‍ഷങ്ങളായി അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമുണ്ട്. രാവിലെ എട്ടരമുതല്‍ വൈകുന്നേരം ആറരവരെ അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴിലെടുക്കാന്‍ സന്നദ്ധരാണ്. അതിനാല്‍ തദ്ദേശീയരായ തൊഴിലാളികളെ ഒഴിവാക്കുന്നതിനു തൊഴിലുടമകള്‍ നിര്‍ബന്ധിതരാകുന്നുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളുടെ കൂലിക്കുറവും അവരെക്കൊണ്ടു ജോലി ചെയ്യിക്കുന്നതിനു തൊഴിലുടമകള്‍ക്ക് പ്രേരണയാവുന്നു. ഹോട്ടലുകളിലും കൃഷിയിടങ്ങളിലും ഇത്തരം തൊഴിലാളികളുടെ ആധിപത്യമുണ്ട്. കഠിനാധ്വാന സന്നദ്ധതയാണ് ഇവരെ കൃഷിയിടങ്ങളിലേയ്‌ക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകം. നേരത്തെ തമിഴ്‌നാട് സ്വദേശികളാണ് കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തിയിരുന്നത്. എന്നാല്‍ അവിദഗ്ധരായ അത്തരം തൊഴിലാളികളെ പിന്തള്ളി ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇപ്പോള്‍ തൊഴില്‍മേഖല കയ്യടക്കിയിരിക്കുന്നത്. ഇക്കൂട്ടരെ കുറിച്ച് യാതൊരുവിധ കണക്കുകളും പോലീസിലോ പഞ്ചായത്ത് അധികാരികളുടെ കൈയിലോ ഇല്ലാത്ത അവസ്ഥയാണ്. ക്യാമ്പുകളില്‍ ഇത്തരത്തില്‍ താമസിക്കുന്നവര്‍ പ്രദേശങ്ങളില്‍ പ്രശ്‌നമായി തുടങ്ങിയതോടെയാണ് ഇക്കൂട്ടര്‍ മതിയായ രേഖകളില്ലാത്തവരാണെന്നുള്ള വിവരം പുറത്തായത്. ഗ്രാമപ്രദേശങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികള്‍ വാടകക്ക് കൂട്ടമായി താമസിക്കുന്ന ഷെഡ്ഡുകളിലം വീടുകളിലുമായിട്ടാണ് പുതുതായി എത്തുന്ന സംഘം രാത്രിസമയങ്ങളില്‍ കഴിയുന്നത്. പകല്‍സമയം പുറത്തുപോകുന്ന ഈ സംഘങ്ങളെക്കുറിച്ച് ഒരു വിവരവും ലഭിക്കുന്നതിനുള്ള സംവിധാനവും നിലവിലില്ല.
മതിയായ രേഖയുള്ളവരെയും ഇല്ലാത്തവരെയും നാട്ടുകാര്‍ക്ക് തിരിച്ചറിയാന്‍ കഴിയുകയില്ല. പൊലീസും തൊഴില്‍വകുപ്പും അന്വേഷണങ്ങള്‍ നടത്തി നല്‍കുന്ന രേഖകള്‍ ദുരുപയോഗം ചെയ്യുന്നതായി ആരോപണമുണ്ട്. ചില ഇതരസംസ്ഥാന തൊഴിലാളികളെ അസമയങ്ങളില്‍ പൊലീസ് ചോദ്യംചെയ്ത് വിടുന്നതും പതിവാണ്. നിയന്ത്രണമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്കു തുടര്‍ന്നാല്‍ സമീപഭാവിയില്‍ തന്നെ തദ്ദേശീയരായ തൊഴിലാളികള്‍ പൂര്‍ണ്ണമായും തൊഴില്‍രഹിതരാകുന്ന സ്ഥിതിയാണുണ്ടാകാന്‍ പോകുന്നത്.
















