പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ സ്ഥാപകനായ പിതാശ്രീ പ്രജാപിതാ ബ്രഹ്മാവിന്റെ നാല്‍പ്പത്തിയേഴാം സ്മൃതി ദിനം ഇന്ന് ആചരിക്കും. ഈ ദിവസം വിശ്വശാന്തി ദിനമായി ലോകമെങ്ങും ആചരിക്കും. ബ്രഹ്മാകുമാരീസിന്റെ വിവിധശാഖകളില്‍ രാവിലെ ആറ് മണിമുതല്‍ വൈകിട്ട് നാലു മണിവരെ ലോകശാന്തിക്കായുള്ള മെഡിറ്റേഷന്‍ ഉണ്ടായിരിക്കും. ലോകമെമ്പാടുമായി പത്ത് ലക്ഷത്തോളം പേരാണ് വിശ്വശാന്തിക്കായി മെഡിറ്റേഷന്‍ ചെയ്യുക.
1876 ലാണ് ദാദാ ലേഖ്‌രാജ് എന്ന പ്രജാപിതാബ്രഹ്മാവ് അവിഭക്ത ഇന്ത്യയിലെ സിന്ധ് ഹൈദ്രാബാദില്‍ ജനിച്ചത്. ഉറച്ച ഭക്തിയും ധര്‍മ്മനിഷ്ഠയും അദ്ദേഹത്തിനുണ്ടായിരുന്നു. 1937 ല്‍ തന്റെ അറുപതാമത്തെ വയസ്സില്‍ അദ്ദേഹത്തിനുണ്ടായ ഈശ്വരീയ ദര്‍ശനങ്ങളാണ് ബ്രഹ്മാകുമാരീസ് വിശ്വവിദ്യാലയത്തിന്റെ സ്ഥാപിക്കാനിടയാക്കിയത്. ഗുരുക്കന്മാരോടൊപ്പം ഒരു സത്‌സംഗത്തില്‍ തുടരവെ ഏതോ പ്രേരണയാല്‍ അവിടെ നിന്ന് അദ്ദേഹം അടുത്ത മുറിയിലേക്ക് പോവുകയും അടുത്ത നിമിഷത്തില്‍ അതിശക്തമായ, ദിവ്യമായ ചൈതന്യം അദ്ദേഹത്തില്‍ പ്രവേശിക്കുകയും ഉണ്ടായി. ആ സമയത്തുണ്ടായ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രഹ്മാകുമാരീസ് സ്ഥാപിക്കപ്പെട്ടത്. വജ്രവ്യാപാരി ആയിരുന്ന അദ്ദേഹം ഈശ്വരീയ നിര്‍ദേശാനുസരണം മാനവകുലത്തിന്റെ നന്മക്കായി പ്രവര്‍ത്തിച്ചു തുടങ്ങി. പ്രകാശമാനമായ ബോധത്തിന്റെ ഉടമയായി തീര്‍ന്നു അദ്ദേഹം. ബോധത്തെക്കുറിച്ചുള്ള പുതിയ അറിവ് ലോകത്തിന് നല്‍കിയതിനാല്‍ അദ്ദേഹം പ്രജാപിതാ ബ്രഹ്മാ എന്നറിയപ്പെട്ടു. മുപ്പത്തിമൂന്ന് വര്‍ഷത്തെ ഈശ്വരീയ ജീവിതത്തിനൊടുവില്‍ 1969ല്‍ മാനുഷിക ജീവിതത്തിന്റെ സമ്പൂര്‍ണ്ണ അവസ്ഥ പ്രാപിക്കുകയും ഭൗതീക ശരീരം വെടിയുകയും ചെയ്തു.
ആത്മീയത എന്നാല്‍ ലോകം ഉപേക്ഷിക്കുകയല്ല ലോകത്തില്‍ കഴിഞ്ഞുകൊണ്ടും ഈ ലോകത്തിന്റെ തിന്മകള്‍ക്കുപരിയായി കഴിയാനുളള ശക്തിയാണെന്ന് അദ്ദേഹം തന്റെ ജിവിതത്തിലുടെ കാട്ടിക്കൊടുത്തു. ശത്രുവിനെ മിത്രമായി കാണാനും സഹജീവികളെ ആത്മീയ സ്‌നേഹത്താല്‍ നിറക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ശരീരത്തിനുള്ളിലെ ചൈതന്യത്തെ അറിയാനും ആ അറിവിലൂടെ ഈശ്വരനെ അറിയാനും അദ്ദേഹം പഠിപ്പിച്ചു. ആ അറിവ് രാജയോഗ ധ്യാനം എന്നറിയപ്പെട്ടു. സാധാരണക്കാരനും ജ്ഞാനികള്‍ക്കും , ഒരുപോലെ സ്വീകാര്യമായിരുന്നു രാജയോഗ ധ്യാനം. ലോകം മുഴുവന്‍ തേടുന്ന ഈശ്വരന്‍ ജ്യോതിര്‍ ബിന്ദു സ്വരൂപമായ പ്രകാശമാണെന്ന് അദ്ദേഹം വ്യക്തമായ അറിവ് നല്‍കി.
1937 ല്‍ ആരംഭിച്ച ബ്രഹ്മാകുമാരീസിന് ഇപ്പോള്‍ 137 രാജ്യങ്ങളുലായി പതിനായിരത്തോളം ശാഖകളുണ്ട്. വ്യക്തി പരിവര്‍ത്തനത്തിലൂടെ വിശ്വ പരിവര്‍ത്തനം എന്ന ആശയത്തെ അടിസ്ഥാനമാക്കി ഈ സ്ഥാപനം ലോകമെമ്പാടുമായി പ്രവര്‍ത്തിച്ചു വരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സ്തീ ശാക്തീകരണം, ഗ്രാമീണ വികസനം, തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ബ്രഹ്മാകുമാരീസ് പ്രവര്‍ത്തിക്കുന്നു. ഇതിനായി പതിനെട്ട് സര്‍വീസ് വിങ്ങുകളും ബ്രഹ്മാകുമാരീസിനുണ്ട്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലധികമായി കേരളത്തിലെ പതിനാല് ജില്ലകളില്‍ ഇരൂനൂറില്‍പരം ശാഖകളിലൂടെ കേരളത്തിലും ബ്രഹ്മാകുമാരീസ് വിവിധ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
















