ടി. കെ.വാസുദേവന്‍ എന്ന സര്വകലാവല്ലഭനെ അറിയാത്തവര്‍ ചുരുക്കം. വിദഗ്ധനായ പാചകക്കാരന്, വൈദിക പരികര്‍മ്മി, ഓട്ടോ ഡ്രൈവര്‍, എല്ലാത്തിലുമുപരി ജന്മസിദ്ധമായ കലാവൈഭവം കൊണ്ട് സമ്പന്നന്. ഇത് കാഞ്ഞങ്ങാട്ടെ ടി.കെ.വാസുദേവനെന്ന പ്രശസ്ത മൃദംഗവാദകനെപ്പറ്റി പുറത്തറിയുന്ന കഥ. എന്നാല്‍ ഇതിന്റെ പിന്നിലുള്ള കഠിന പ്രയത്നത്തെ ആരും തിരച്ചറിഞ്ഞിട്ടുണ്ടാവില്ല.
ടി.കെ.സത്യനാരായണ-ലളിതാമ്മ ദമ്പതികളുടെ മകനായി 1968 ല്‍ കാഞ്ഞങ്ങാട്ട് ജനനം. ഹോസ്ദൂര്‍ഗ് ജിഎച്ച്എസ്, കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക പഠനം. പത്താംതരത്തിന് ശേഷം പണമില്ലാതെ പഠനം ഉപേക്ഷിക്കേണ്ടിവന്നു. ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുമ്പോഴാണ് ജീവിതത്തിലേക്കുള്ള വെളിച്ചമായി, ഗുരുവായി കാസര്‍കോട്ടെ കൃഷ്ണരാജ പുണിഞ്ചിത്തായ എന്ന മൃദംഗ കലാകാരനെത്തുന്നത്. 1990 ല്‍ വാസുദേവ ഇദ്ദേഹത്തെ ഗുരുവായി സ്വീകരിച്ചു. കൃഷ്ണരാജയുടെ കീഴില്‍ മൃദംഗം അഭ്യസിക്കാന്‍ സാധിച്ചത് മഹാഭാഗ്യമായി വാസുദേവന്‍ കാണുന്നു.
പഠനത്തിന് ശേഷം കുറേക്കാലം പിതാവായ സത്യനാരായണ എന്ന ടികെയ്ക്കൊപ്പം കാഞ്ഞങ്ങാട് ഹോട്ടല്‍ ഗായത്രി ഭവനില്‍ ജോലി. പിതാവിന്റെ മരണത്തിന് ശേഷം ജ്യേഷ്ഠന് ടി.കെ.മഞ്ജുനാഥയുമായി ചേര്‍ന്ന് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടലില്‍ വിളമ്പുകാരനായും പാചകക്കാരനായും ജീവിതം. ഒടുവില്‍ ഉടമസ്ഥന്റെ അഭ്യര്‍ത്ഥനയില്‍ ഹോട്ടല്‍ ഒഴിയേണ്ടിവന്നതോടെയാണ് വാസുദേവന്റെ കഷ്ടകാലം ആരംഭിക്കുന്നത്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കാലം. ജീവിതം വഴിമുട്ടിയ ഈ സാധുബ്രാഹ്മണന് പിന്നീട് മഞ്ചേശ്വരത്തെ പ്രഗല്ഭ വൈദികനോടൊപ്പം പരികര്‍മ്മിയായി ചേര്‍ന്നു. കഠിനാധ്വാനം കൊണ്ട് മികവുറ്റ മൃദംഗവാദകനായി മാറി. പ്രശസ്ത സംഗീതജ്ഞരുടെ സംഗീത വേദികളില്‍ ടി.കെ.വാസുദേവന്‍ ഇന്ന് നിറസാന്നിദ്ധ്യമാണ്. ഒഴിവു സമയത്ത് ഓട്ടോ ഡ്രൈവര്‍, പരികര്‍മ്മി, പാചകക്കാരന് എന്നീ വേഷങ്ങളും.
ഏഴ് വര്‍ഷത്തോളം മൃദംഗകലയില്‍ പ്രാവീണ്യം സിദ്ധിച്ച ടി.കെ.വാസുദേവന്‍ പ്രശസ്ത സംഗീതജ്ഞന് വെളളിക്കോത്ത് വിഷ്ണുഭട്ടിനൊപ്പമാണ് പക്കമേളവുമായി രംഗത്തുള്ളത്. പഴയ സംഗീതജ്ഞര്‍ക്കൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കച്ചേരി നടത്തിയിട്ടുണ്ട്. 2014 ല്‍ ജനകീയ സംഗീത പ്രസ്ഥാനത്തിന്റെ മൃദംഗകലയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. ജീവിതം വഴിമുട്ടാതിരിക്കാന്‍ വിവിധ ജോലികള്‍ ചെയ്യുന്ന വാസുദേവന്‍ പ്രിയം മൃദംഗവാദനത്തോട് മാത്രം. കലയെ അത്രകണ്ട് ഉപാസിക്കുന്നുണ്ട് ഇദ്ദേഹം. കലയിലെ പ്രാവിണ്യം അദ്ദേഹത്തെ കാഞ്ഞങ്ങാട് ശ്രീത്യാഗരാജ സംഗീതസഭയുടെ പ്രധാന ഭാരവാഹിയാക്കി . സംഗീതജ്ഞ കെ.വി.ശ്രീഗംഗയാണ് ഭാര്യ. മക്കള്‍: ടി.കെ.സന്ദേശ്, ടി.കെ.ലാവണ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: