ജാതിക്കെതിരെയും ഒപ്പം നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയിലെ ജീര്ണതക്കെതിരെയുമുള്ള പ്രമേയവുമായി പുറത്തിറങ്ങിയ നോവല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പ്രശസ്ത യുവചിത്രകാരന് കൂടിയായ ജയറാം ചിത്രപ്പറ്റ എഴുതിയ അര്‍ജുനന്റെ ആത്മനൊമ്പരങ്ങള്‍ എന്ന നോവലാണ് വായനക്കപ്പുറം ആഴത്തിലും പരപ്പിലുമുള്ള ചര്‍ച്ചകള്‍ക്ക് വഴിമാറുന്നത്. ഏറെ പരിഷ്കരിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന വാദം ശക്തമാകുന്ന ഇക്കാലത്ത് നാട്ടുംപുറത്തുകാരനായ അര്ജുനന് ജാതിക്കെതിരെയും സാമൂഹ്യജീര്ണതയ്ക്കെതിരെയും പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്.
ഇവിടെ തന്റെ ചിന്തകള്‍ക്ക് കൂടുതല്‍ തിളക്കം കൈവരിക്കുന്നതിനായി അര്ജുനന് പലപ്പോഴും ആശ്രയിക്കുന്നത് ധര്‍മ്മത്തിന്റെ പ്രതിനിധിയായ ഗുരുജിയെയാണ്. ശരിയായ ദിശയിലേക്കുള്ളതും ആത്മീയ നവോത്ഥാനത്തിന്റേതുമായ സന്ദേശം പകര്‍ന്ന് അദ്വൈതാമൃതവര്ഷിണിയാകുന്ന ആശ്രമവും അര്ജുനന് കരുത്തും വെളിച്ചവും പകരുന്നുണ്ട്. സ്നേഹത്തിനും ധര്മ്മാചരണത്തിനുമായി സമര്‍പ്പിച്ച ആധ്യാത്മിക കേന്ദ്രവും ആചാര്യന്മാരുമെല്ലാം മാസ്മരിക വലയം തീര്‍ക്കുമ്പോഴും അര്ജുനന് ആത്മനൊമ്പരങ്ങളുമായി കഴിയുകയാണ്. ആസുരികവും ദേവീ സമ്പത്തുമായ ദ്വന്ദ്വങ്ങളില്‍ ദേവീ സമ്പത്തിന് കൂടുതല്‍ ജ്വാല കൈവരേണ്ടതു മാത്രമാണ് അര്‍ജുനന്റെ ചിന്ത.
ആത്മീയതയും ഭൗതികതയും ഒരുപോലെ സംഗമിച്ച് ജീവിതവീഥി സമൃദ്ധമാകണമെന്ന് ‘ഗുരുജി’ നിരന്തരം ആഹ്വാനം ചെയ്യുമ്പോള്‍ ഈ നോവലിലെ കഥാപാത്രങ്ങളായ സദ്സ്വഭാവത്തിന്റെ പ്രതീകമായ ഇഎമ്മും, ദുഷിച്ച സ്വഭാവത്തിന്റെ പ്രതീകമായ മാസും ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഈ നോവലിലെ ഓരോ പേജിലൂടെയും കടന്നുപോകുമ്പോള്‍ ഒരു യുവാവിന്റെ ആത്മനൊമ്പരങ്ങളും അന്വേഷണങ്ങളുമാണ് പ്രകടമാകുന്നത്. അങ്ങനെ പച്ചയായ ഗ്രാമീണ ജീവിതത്തിന്റെ നിഷ്കളങ്കതയും ശാലീനതയും നോവല്‍ അനാവരണം ചെയ്യുന്നുണ്ട്. അപൂര്‍ണമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രതിനിധിയായി ഇഎമ്മും മാസും(ഇയെമ്മാസ്) കടന്നു വരുമ്പോള്‍ അവരെ പൂര്‍ണതയിലേക്ക് നയിക്കാന്‍ ഒരു ദാര്‍ശനിക മാര്‍ഗദര്‍ശി ഉദയംകൊള്ളുന്നതും, ‘ശബ്ദ’മാകുന്നതും ആ ശബ്ദം കേട്ട് സായൂജ്യമടയുന്നതിനായി ആയിരമായിരം കാതുകളും മനസ്സുകളും സംഗമിക്കുന്നതുമായ ഗ്രാമത്തിലെ മണ്ണ് നോവലിനെ സവിശേഷമാക്കുന്നുണ്ട്.
ജീര്‍ണതയ്ക്കും അനീതിക്കുമെതിരെ ജനിച്ച മണ്ണില്‍ നിന്നും അക്ഷരങ്ങളിലൂടെയും ഛായങ്ങളിലൂടെയും പ്രതികരിക്കുന്ന നോവലിസ്റ്റ് ജയറാം ചിത്രപ്പറ്റയുടെ ഈ പ്രഥമ നോവല്‍ വായനയുടെ പുതിയ അനുഭവമാണ് പകരുന്നത്. ജാതീയവും മറ്റുമായ ജീര്‍ണതയ്ക്കെതിരെ തൂലികചാട്ടൂളിയായതിനാലാവാം അസ്വസ്ഥരായ ചിലര്‍ നോവലിനെ കോടതി കയറ്റുകയും ചെയ്തിട്ടുണ്ട്. സമകാലീന സങ്കീര്‍ണതകളെ സമഗ്രവും ദാര്‍ശനികവുമായ പരിപ്രേക്ഷ്യത്തിലൂടെ നിര്‍ദ്ധാരണം ചെയ്യുന്നതില്‍ എഴുത്തുകാരന് വിജയിക്കുന്നുണ്ടെന്ന് സാഹിത്യരംഗത്തെ പ്രമുഖരും സാധാരണക്കാരായ വായനക്കാരും ഒരുപോലെ സാക്ഷിപ്പെടുത്തുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി എരമംഗലം സ്വദേശിയാണ് നോവലിസ്റ്റ്. കോഴിക്കോട് ചിത്രം പബ്ലിക്കേഷന്‍സാണ് അര്‍ജുനന്റെ ആത്മനൊമ്പരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: