കഴിഞ്ഞ തവണ നമ്മൾ യാത്രയെക്കുറിച്ചുപറഞ്ഞു. ഇപ്പോഴും യാത്രയിലെ മനോമോഹന കാഴ്ചകൾ അങ്ങനെ തുടരുകയാണ്. നമ്മുടെ കണാരേട്ടന് സംശയം തിരുന്നില്ല. വെള്ളാപ്പള്ളി നടേശനെതിരെ എപ്പോഴും അമ്പെയ്യുന്ന വിദ്വാന്റെ യാത്ര ആരെ രക്ഷിക്കാനാണെന്നാണ് മൂപ്പരുടെ ചോദ്യം. കേരളം ഭരിക്കുന്നത് ടിയാന്റെ പാർട്ടി. അത്തരമൊരു പാർട്ടിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാണോ, ആ പാർട്ടിയുടെ ഈർക്കിലി പിന്തുണയിൽ നിൽക്കുന്ന സർക്കാറിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാണോ, ജനങ്ങളിൽ നിന്ന് സർക്കാരിനെ രക്ഷിക്കാനാണോ, മൂവരിൽ നിന്നും കേരളത്തെ രക്ഷിക്കാനാണോ? ജനരക്ഷയെന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ യാത്ര അത്രവലിയ ചലനമൊന്നും കേരള ദേശത്ത് ഉണ്ടാക്കിയിട്ടില്ല.
മാത്രവുമല്ല നേരെ ചൊവ്വെയുള്ള ഒറ്റ രാഷ്‌ട്രീയ വിശകലനം പോലും ജനങ്ങൾക്ക് മുമ്പാകെ വെച്ചിട്ടുമില്ല. ആകെ വെള്ളാപ്പള്ളി നടേശനെ കൊമ്പുകുത്തിക്കുമെന്ന വീരസ്യം പറച്ചിൽ മാത്രം. പിന്നെ, സുധീരനല്ലേ അത്രക്കൊക്കെയുള്ള കാര്യങ്ങളേ മൊഴിയാൻ കഴിയൂ എന്നൊരു ധാരണ നാട്ടുകാർക്കുണ്ട്. അതിന്റെ കൂടെ സ്വയരക്ഷ എന്നൊരു രാഷ്‌ട്രീയവുമുണ്ടല്ലോ.
കണാരേട്ടന് തോന്നിയ മറ്റൊരു സംശയം എന്താണെന്നുവെച്ചാൽ ബോംബിനെക്കുറിച്ചും അതിന്റെ അവസാന ഫലത്തെക്കുറിച്ചുമാണ്. കണ്ണൂരു വഴി വന്നതിനാൽ സ്വാഭാവികമായും ബോംബിനെക്കുറിച്ച് സുധീരൻ ചില വർത്തമാനങ്ങൾ പറഞ്ഞിട്ടുണ്ട്. ബോംബുകൾ കൈമാറിയാൽ ആ ജില്ലയിൽ സമാധാനം ഉണ്ടാവുമെന്നാണ് ചൂണ്ടിക്കാട്ടിയത്. രണ്ട് കക്ഷികൾക്കിടയിൽ ബോംബുവ്യപാരമാണെന്ന അപഹാസ്യ വിലയിരുത്തലിലൂടെ തങ്ങളുടെ പങ്ക് ഇക്കാര്യത്തിൽ എന്താണെന്ന് പറയാതെ സുധീരൻ ചില വീരസ്യങ്ങൾ എഴുന്നള്ളിക്കുകയായിരുന്നു.
സമാധാനം എന്ന് നാഴികക്ക് നാൽപ്പതുവട്ടം ഒച്ചവെക്കുകയും അതിലേക്ക് ഒരു ചുവട് വെക്കാൻ ആരെങ്കിലും തുനിഞ്ഞാൽ അസ്വസ്ഥപ്പെടുകയും ചെയ്യുന്ന നവീന ഗാന്ധിയൻമാരായിത്തീർന്നിരിക്കുകയാണല്ലോ സുധീരനും കൂട്ടുകാരനായ ഉമ്മച്ചനും. സമാധാനത്തിലേക്കുള്ള പാത വെട്ടിത്തുറക്കാനായി ഇരു കക്ഷികൾ തമ്മിൽ ചർച്ച നടത്തിയാൽ അവരെ ജനങ്ങൾ ചവിട്ടിപ്പുറത്താക്കുമെന്നാണ് ഉമ്മച്ചൻ കട്ടായം പറഞ്ഞത്. തൊമ്മന് കൂട്ട് തൊമ്മിയെന്ന നാട്ടുപ്രയോഗം പോലെ മേപ്പടി മാന്യന് സുധീരൻ കൂട്ടായി എന്നാണ് ഒരു വിധപ്പെട്ടവരൊക്കെ കരുതുന്നത്.
കാരണം കണ്ണൂരിൽ എന്നും അസ്വസ്ഥത പുകഞ്ഞുകൊണ്ടിരിക്കുന്നതാണ് സുധീര കഷിക്ക് പ്രിയം. മുട്ടനാടുകളെ കലികേറ്റി പരസ്പരം ഇടിച്ചിട്ടാലാണല്ലോ സ്വാദിഷ്ടമായ ചോര നക്കാൻ സൃഗാലന് സാധിക്കുക.
അടുത്തിടെ ബിജെപി കേരളാധ്യക്ഷൻ പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ഉമ്മച്ചൻ വലിയ വായിൽ ചിലതു വിളിച്ചുപറഞ്ഞത് ഇതിനൊപ്പം കൂട്ടിവായിച്ചാൽ കാര്യങ്ങളുടെ കിടപ്പു വശം കൃത്യമായി മനസ്സിലാക്കാനാവും. കേരളത്തിൽ ഒരു തരത്തിലും സമാധാനം പുലരരുതെന്ന് കരുതുന്ന വൈറസുകൾ ഈ നേതാക്കളുടെ ചോരയിൽ തുള്ളിക്കളിക്കുന്നുണ്ട്. ഒരു നേതാവ് സംസാരിക്കുമ്പോൾ സാന്ദർഭികമായി തങ്ങൾക്കുവേണ്ടത് തട്ടിയെടുക്കുക, പിന്നീട് അതിന് സ്വന്തം വ്യാഖ്യാനം നൽകുക, ജനങ്ങളെ ഇരു ചേരികളിലായി നിർത്തി പ്രാകൃതമായ കളി തുടങ്ങുക എന്നതായിത്തീർന്നിരിക്കുന്നു മുഖ്യന്റെയും കൂട്ടുകാരുടെയും രാഷ്‌ട്രീയം. ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാൻ പോകുന്ന വർണ്ണോത്സവത്തിലേക്കുള്ള കെട്ടുകാഴ്ചകളുടെ പണിപ്പുരയിൽ ഇമ്മാതിരി നെറികെട്ട പലതുമുണ്ടെന്നതാണ് വസ്തുത. അതൊക്കെ ചേരുംപടി ചേർത്ത് ജനങ്ങളെ രസിപ്പിക്കുന്നത് നല്ലതാണ്. പക്ഷേ കണ്ണീരുവീഴ്‌ത്തുന്നവയ്‌ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. സ്വയരക്ഷയ്‌ക്കും പാർട്ടി രക്ഷയ്‌ക്കും വേണ്ടി നടത്തുന്ന യാത്രയ്‌ക്ക് ജനരക്ഷായാത്ര എന്ന പേരിട്ട ആ മഹിതാശയൻ ജനങ്ങൾ എന്നു കരുതിയിരിക്കുന്നത് ആരെയാണാവോ?
***** **** ***** *****
വില്ലാളിവീരൻ അർജുനന്റെ തേരാളിയായി പാർഥസാരഥി തന്നെ എത്തുമ്പോൾ വിജയത്തിൽ സംശയമെന്ത്. സുധീരയാത്രക്കു ശേഷം വരുന്ന യാത്ര നമ്മുടെ പിണറായിയിലെ സഖാവിന്റെതാണ്. അതിന്റെ വരവറിയിച്ചുകൊണ്ട് നാടെമ്പാടും പോസ്റ്ററും ബാനറും കട്ടൗട്ടും ഉയർന്നു കഴിഞ്ഞു. കണ്ണൂരിലെ അമ്പാടി മുക്കിലും മറ്റും ഉയർത്തിയിരിക്കുന്ന ബോർഡിൽ പിണറായിയെയും ജയരാജനെയും ഇതിഹാസകഥാപാത്രങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. തേരുതെളിക്കുന്ന ജയരാജൻ, അമ്പുതൊടുക്കുന്ന പിണറായി. നേരത്തേ ചവച്ചു തുപ്പിയ വയിലൊക്കെ സജീവമായ സംസ്‌കാരത്തിന്റെ അനശ്വരമായ തുടിപ്പുണ്ടെന്നും അതൊക്കെ പരശതം പേർ നെഞ്ചേറ്റുന്നുവെന്നുമുള്ള തിരിച്ചറിവ് ഈയടുത്താണ് പാർട്ടിക്കുണ്ടായത്. അതിനെ തുടർന്ന് പുരാണ-ഇതിഹാസ-ചരിത്രസ്മരണകളുടെ രാഷ്‌ട്രീയ മുഖം പാർട്ടിയുടെ പ്രചാരണ വസ്തുക്കളിൽ ശക്തമായ സാന്നിധ്യമായിട്ടുണ്ട്. ഒരു പക്ഷേ, ഇതിലെ രാഷ്‌ട്രീയം നമുക്കുതിരിച്ചറിയാൻ കഴിയും.
എന്നാൽ മറ്റുചിലത് അങ്ങനെയല്ല. ഈയടുത്ത് കണ്ടുപിടിക്കപ്പെട്ട ബുർഖോഡേരിയ സ്യൂഡോമല്ലി രോഗാണുവിനെ പോലെയാണ്. മിമിക്രിക്കാരൻ രോഗാണു എന്നാണിതിന്റെ ചെല്ലപ്പേര്. ഇത് ശരീരത്തിൽ എത്തിയാൽ പെട്ടെന്ന് രോഗാണു ഏതെന്ന് മനസ്സിലാക്കാനാവില്ല. പല രോഗലക്ഷണങ്ങളായാണ് ഈ മിമിക്രിക്കാരൻ ശരീരത്തിൽ കലാപ്രകടനം നടത്തുക. തെറ്റിദ്ധരിക്കപ്പെടുന്ന ഡോക്ടർമാർ അതിനനുസരിച്ചുള്ള മരുന്നു നൽകും. ഫലമോ? രോഗി സിദ്ധികൂടും. അതുപോലെയാണ് മാർക്‌സിസ്റ്റുകളുടെ സമൂഹ ഗാത്രത്തിലേക്കുള്ള കടന്നേറ്റം. ഹൈന്ദവ ബിംബങ്ങളിലേക്കും ചടങ്ങുകളിലേക്കും മായാവികളായി കടന്നുവരും. സ്വതേയുള്ള ആത്മാർത്ഥതയുമായി അവരുമായി ചങ്ങാത്തം കൂടും. ഒടുവിൽ സർവ നാശത്തിന്റെ ജഡം കണ്ട് പൊട്ടിക്കരയേണ്ടിവരും. യോഗയും യാഗവും കാവടിയാട്ടവും കരകാട്ടവും ആഴിപൂജയും നടത്താനുള്ള ഉത്സാഹത്തിൽ വേഷം മാറി വരുന്ന ബുർഖോഡേരിയ സ്യൂഡോമല്ലി സഖാക്കളെ സൂക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ എല്ലാം വൃഥാവിൽ ആകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അടിച്ചുകൊല്ലാൻ കഴിഞ്ഞില്ലെങ്കിൽ നക്കിക്കൊല്ലുക എന്ന രീതിയുണ്ടല്ലോ, അതു തന്നെ.
***** ****** ****** ******
കാർട്ടൂണിയം
ഫെമിനിസം, സ്ത്രീവാദം, ദുർബലരെ ശക്തിപ്പെടുത്തൽ, അബലകളെ ബലപ്പെടുത്തൽ തുടങ്ങിയ സംഗതികളൊക്കെ നല്ലതുതന്നെ. പക്ഷേ, ഇത്യാദി കാര്യങ്ങൾ സകലയിടത്തും ഒരവകാശവാദത്തിന്റെ മുക്രയിട്ട് പായുന്ന സ്ഥിതിവിശേഷം അത്ര നന്നെന്ന് പറയാൻ കഴിയില്ല. പണ്ടുള്ള ആചാരങ്ങൾക്ക് യുക്തിസഹമായ ചില നേരറിവുകൾ ഉണ്ടായിരിക്കാം. ഇന്നത്തെ കാലത്തിന് അത് അപാകവുമായിരിക്കാം. എന്നുവെച്ച് സകല ആചാരങ്ങളും അസംബന്ധം എന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കുന്നത് അത്ര നന്നല്ല. ശബരിമല ക്ഷേത്രത്തിൽ യൗവനയുക്തകൾ ദർശനം നടത്തുന്നതു സംബന്ധിച്ച് ചില നിബന്ധനകൾ ഉണ്ട്.
അത് തലനാരിഴ കീറി പരിശോധിച്ച്, ഭരണഘടനയുടെ കോലളവ് വെച്ച് തെറ്റാണെന്ന് പറയുന്നതിലും ചില അസംബന്ധങ്ങളുണ്ട്. വേണ്ടാത്ത വടിവെട്ടി ആവശ്യമില്ലാത്ത രാഷ്‌ട്രീയക്കാരുടെ കൈയിൽ കൊടുക്കാനുള്ള ശ്രമത്തിന്റെ പുറപ്പാടായി ഇതിനെ കാണാനാണ് കാലികവട്ടത്തിന് താൽപ്പര്യം. മേപ്പടി ദർശനം വഴി നാലു വോട്ട് സ്വന്തം യന്ത്രത്തിൽ കൂടുതൽ അമർന്നു കിട്ടിയാൽ അതും നല്ലതല്ലേ? ഏതായാലും പണ്ടത്തെ ദേവസ്വം മന്ത്രിയായ കവികുഞ്ജരൻ ഈ വാർത്ത കേട്ടപ്പോൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഗോപീകൃഷ്ണൻ (മാതൃഭൂമി,ജനു.13) വരച്ചിട്ടിരിക്കുന്നു. ആ വരയ്‌ക്കും വാക്കിനും നന്ദി, നമസ്‌കാരം.
നേർമുറി
സ്ഥാനാർഥികളെ
ജനം നിർണ്ണയിക്കും: സിപിഎം
ജനത്തെ പാർട്ടിയും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: