തിരുവനന്തപുരം: ശാസ്ത്ര പഠന-ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ സമൂഹവുമായി അടുത്തിടപഴകണമെന്നും സമൂഹത്തിലെ അജ്ഞതയുടെ അന്ധകാരം ഇല്ലാതാക്കാന്‍ യത്നിക്കണമെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. തന്റെ ചുറ്റുമുള്ളവരുടെ ജീവിതം കൂടുതല്‍ സുഖകരമാക്കാന്‍ യത്നിക്കുമ്പോളാണ്് വിദ്യാഭ്യാസം കോണ്ട് ഫലമുണ്ടാകുകയെന്നും ഇറാനി പറഞ്ഞു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ (ഐസര്‍) തിരുവനന്തപുരം ക്യാമ്പസ് വിതുരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പെണ്‍കുട്ടികള്‍, ദളിതര്‍, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് ശാസ്ത്ര പഠന-ഗവേഷണ രംഗങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഐസര്പോലുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ ജീവിതം കൂടുതല്‍ സുഖകരമാക്കാന്‍ പ്രയത്നിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ആഗോള വിജ്ഞാന ശൃംഖലയിലൂടെ വിദേശ വിദ്യാഭ്യാസ വിചക്ഷണന്മാരുടെ സേവനം ഐസറിനു ലഭ്യമാക്കും. സംസ്ഥാന ഗവണ്മെന്റ് ശുപാര്‍ശ സമര്‍പ്പിച്ചാല്‍ വിതുരയില്‍ കേന്ദ്രീയ വിദ്യാലയം തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്നും ഇറാനി അറിയിച്ചു.
കേരളത്തിലെ ഉന്നത വിദ്യഭ്യാസ രംഗത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ ഐസറിന്റെ നേതൃത്വം ഏറെ വിലപ്പെട്ടതാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാലക്കാട്ടെ പുതിയ ഐ.ഐ.ടിക്ക് ആഴ്ചകള്‍ക്കുള്ളില്‍ സ്ഥിരം ക്യാമ്പസ് ലഭ്യമാക്കുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനയ് ശീല് ഒബ്രോയ് അറിയിച്ചു.എ സമ്പത്ത് എം.പി, കെ.എസ്.ശബരീനാഥന് എം.എല്‍.എ, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എല്‍. കൃഷ്ണകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.വിതുരയിലെ ജെഴ്സി ഫാമിന് സമീപം സംസ്ഥാന ഗവണ്മെന്റ് അനുവദിച്ച 200 ഏക്കര്‍ സ്ഥലത്താണ് ഐസറിന്റെ പുതിയ ക്യാമ്പസ്.
കെമിക്കല്‍ സയന്‍സ് ബ്ലോക്ക്, ഹോസ്റ്റല്‍, സെന്‍ട്രല്‍ ഡൈനിംങ് ഹാള്‍ എന്നിവയാണ് ഇവിടെയുള്ളത്. മൂന്ന് പൊതു ഇന്‍സ്ട്രുമെന്റേഷന്‍ ലാബ്, 28 ഗവേഷണ ലാബുകള്‍, ആറു ടീച്ചിംങ് ലാബുകള്‍, ഒരു കമ്പ്യൂട്ടര്‍ ലാബ്, 12 ക്ലാസ് മുറികള്‍, 33 ഫാക്കല്‍റ്റി മുറികള്‍, 160 പേരെ ഉള്‍ക്കൊള്ളാവുന്ന സെമിനാര്‍ ഹാള്‍, ചെയര്‍മാന്റെ ഓഫീസ് എന്നിവയടങ്ങുന്നതാണ് കെമിക്കല്‍ സയന്‍സ് ബ്ലോക്ക്. 92 മുറികളടങ്ങിയതാണ് ഹോസ്റ്റല്‍, ഇരുനിലകളിലായുള്ള ഡൈനിംങ് ഹാളില്‍ ഒരേ സമയം 500 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. ഇതോടുചേര്‍ന്ന് ആധുനിക അടുക്കളയും സ്റ്റോറും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: