കാസര്‍കോട്: സമസ്ത തൊഴില്‍ മേഖലകളും അന്യ സംസ്ഥാന തൊഴിലാളികള്‍ കൈയ്യടക്കാന്‍ തുടങ്ങിയതോടെ തദ്ദേശീയരായ തൊഴിലാളികള്‍ക്ക് തൊഴിലില്ലാത്ത സ്ഥിതിയായി. പ്രശ്നം പരിഹരിക്കുന്നതിനു സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര ഇടപെടലുണ്ടായില്ലെങ്കില്‍ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലേക്കു നീങ്ങുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. കോണ്‍ക്രീറ്റ്, കെട്ടിട നിര്‍മ്മാണം, തേപ്പ്, ടൈല്‍സ്, മരപ്പണി തുടങ്ങിയ മേഖലകളില്‍ വര്‍ഷങ്ങളായി അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമുണ്ട്. രാവിലെ 8.30 മണി മുതല്‍ വൈകുന്നേരം 6.30 മണിവരെ അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴിലെടുക്കാന്‍ സന്നദ്ധരാണ്. അതിനാല്‍ തദ്ദേശീയരായ തൊഴിലാളികളെ ഒഴിവാക്കുന്നതിനു തൊഴിലുടമകള്‍ നിര്‍ബന്ധിതരാവുന്നുമുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ കൂലിക്കുറവും അവരെക്കൊണ്ടു ജോലിചെയ്യിക്കുന്നതിനു തൊഴിലുടമകള്‍ക്ക് പ്രേരണയാവുന്നു. ഹോട്ടലുകളിലും കൃഷിയിടങ്ങളിലും ഇത്തരം തൊഴിലാളികളുടെ ആധിപത്യമുണ്ട്. കഠിനാധ്വാന സന്നദ്ധതയാണ് ഇവരെ കൃഷിയിടങ്ങളിലേയ്ക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. നേരത്തെ കര്‍ണ്ണാടക തമിഴ്നാട് സ്വദേശികളാണ് കേരളത്തിലേയ്ക്ക് തൊഴില്‍ തേടിയെത്തിയിരുന്നത്. എന്നാല്‍ അവിദഗ്ധരായ അത്തരം തൊഴിലാളികളെ പിന്തള്ളി ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ് ഇപ്പോള്‍ തൊഴില്‍ മേഖല കയ്യടക്കിവെച്ചിരിക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ പതിനായിരത്തിലധികം ബംഗാളി തൊഴിലാളികളുണ്ടെന്നാണ് കണക്ക്. കാസര്‍കോട്, കുമ്പള, ബദിയഡുക്ക, മുള്ളേരിയ, ഹൊസങ്കടി, മഞ്ചേശ്വരം, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്നത്. ആവശ്യക്കാര്‍ ഇവിടെയെത്തി തൊഴിലാളികളെ വാഹനങ്ങളില്‍ കയറ്റി തൊഴില്‍ സ്ഥലത്തെത്തിക്കുകയും വൈകുന്നേരത്തോടെ തിരികെ എത്തിക്കുകയും ചെയ്യുന്നു. ഇവരില്‍ ഭൂരിഭാഗം പേരും കടവരാന്തകളിലും മറ്റുമാണ് അന്തിയുറങ്ങുന്നത്. നിയന്ത്രണമില്ലാതെ അന്യസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്കു തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ തന്നെ തദ്ദേശീയരായ തൊഴിലാളികള്‍ പൂര്‍ണ്ണമായും തൊഴില്‍ രഹിതരാകുന്ന സ്ഥിതിയാണുണ്ടാകാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: