പുറക്കാട്: ഭൂരഹിതരായ മത്സ്യത്തൊഴിലാളിയെ വീടും സ്ഥലവും വാഗ്ദാനം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചതായി ആക്ഷേപം. പുറക്കാട് പഞ്ചായത്തില്‍ മീനപ്പള്ളി വീട്ടില്‍ എസ്. മദനനെയാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കബളിപ്പിച്ചത്. നിലവില്‍ 20 വര്‍ഷമായി വാടകയ്‌ക്കു താമസിക്കുന്ന മദനന്‍ 2010ലാണ് വീടും സ്ഥലവും ലഭിക്കുന്നതിന് മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് 2011 മാര്‍ച്ച് ഒന്നിന് മദനന് വീട് അനുവദിച്ച കാര്യം മുഖ്യമന്ത്രിയുടെ അഡിഷണല്‍ സെക്രട്ടറി പുറക്കാട് പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുകയായിരുന്നു. യാതൊരു നിയമതടസവും ഇല്ലാതെ ഇഎംഎസ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലംവാങ്ങി വീടുവച്ചു നല്‍കാമെന്നായിരുന്നു മദനനു നല്കിയ വാഗ്ദാനം. എന്നാല്‍ വീട് അനുവദിച്ചുവെന്നല്ലാതെ സര്‍ക്കാര്‍ മദനനെ തിരിഞ്ഞുനോക്കിയില്ല. ഇതുകാണിച്ച് മദനന്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി. കമ്മീഷന്‍ കളക്ടറോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പുറക്കാട് വില്ലേജില്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റില്‍ സീരിയര്‍ നമ്പര്‍ 407ആയും ഡേറ്റാ സീരിയല്‍ നമ്പര്‍ 11627 ആയും മദനന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മറുപടിയും അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷന്‍ മദനന് ഉടനെ വീടും സ്ഥ ലവും ലഭ്യമാക്കണമെന്ന് കാട്ടി പുറക്കാട് പഞ്ചായത്ത് സെക്രട്ടറിക്കും അഡീഷണല്‍ സെക്രട്ടറിക്കും കത്ത് നല്‍കി. കമ്മീഷന്റെ കത്തിന്മേല്‍ യാതൊരു നടപടിയും പഞ്ചായത്ത് ഇതുവരെ സ്വീകരിച്ചില്ല. 20 വര്‍ഷം മുമ്പ് വീടും സ്ഥലവും വിറ്റ മദനന്‍ അന്നുമുതല്‍ ഭാര്യയും മകനുമായി വാടകയ്‌ക്കാണ് താമസിക്കുന്നത്.
















