ചീക്കോട്: 1996ല്‍ കേരള ജല അതോറിറ്റി തുടക്കമിട്ട ചീക്കോട് കുടിവെള്ള പദ്ധതി സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥ കാരണം അനന്തമായി നീളുന്നു. ചീക്കോട്, മുതുവല്ലൂര്‍, കുഴിമണ്ണ, പുളിക്കല്‍, വാഴയൂര്‍, വാഴക്കാട്, ചെറുകാവ് എന്നി പഞ്ചായത്തുകളിലേയും കൊണ്ടോട്ടി, രാമനാട്ടുകര എന്നീ നഗരസഭകളിലേയും ജലക്ഷാമം പരിഹരിക്കാന്‍ വിഭാവനം ചെയ്തതാണ് ഈ പദ്ധതി. ആദ്യകാലത്ത് ആവശ്യമായ തുക വകയിരുത്താതെ അവഗണന നേരിട്ടപ്പോള്‍ ചീക്കോട് പദ്ധതി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനകീയ ഇടപെടലുകള്‍ നടത്തിയിരുന്നു.
ഇതിന്റെ ഫലമായി 2005 മുതല്‍ ആവശ്യമായ തുക വകയിരുത്തി പുനരാരംഭിച്ചെങ്കിലും വ്യക്തമായ ആസൂത്രണവും ഏകോപനവും ഇല്ലാത്തതിനാല്‍ പദ്ധതി എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഈ വര്‍ഷം ഫെബ്രുവരി ആദ്യവാരം മുതല്‍ കുടിവെള്ള വിതരണം ആരംഭിക്കുമെന്നാണ് ജല അതോറിറ്റിയില്‍ വിവരാവകാശ നിയമപ്രകാരം സമീപിച്ചപ്പോള്‍ കിട്ടിയ മറുപടി. ഫെബ്രുവരിയാകാന് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകാത്തതില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയില്ല.
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയോ അപേക്ഷ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. ഉടന്‍ പദ്ധതി കമ്മീഷന് ചെയ്യുമെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറെയായി. ജലവകുപ്പ് നിരന്തരം ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വേനലിന് മുമ്പെങ്കിലും തങ്ങളുടെ സ്വപ്ന പദ്ധതി നടപ്പിലാകുമെന്നായിരുന്നു പ്രദേശവാസികളുടെ പ്രതീക്ഷ. ഇങ്ങനെ പോയാല്‍ അതും നടക്കില്ലെന്ന് ഉറപ്പായി.
ഇത്രയും വലിയൊരു പദ്ധതിയായിട്ടുകൂടി ജലവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി നാളിതുവരെ വ്യവസ്ഥകളോ ധാരണകളോ ഉണ്ടാക്കിയിട്ടില്ല. തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് പദ്ധതിയെ കുറിച്ച് യാതൊരു അറിവുമില്ലെന്നതാണ് സത്യം. 105 കോടിയിലധികം മുടക്കി നടപ്പിലാക്കുന്ന പദ്ധതിയുടെ നിര്‍മ്മാണത്തിനായി പൈപ്പ് ഇടാനും മറ്റും റോഡുകളെല്ലാം കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഈ റോഡുകളില്‍ തൊണ്ണൂറുശതമാനവും ഗതാഗത യോഗ്യമല്ലാതെയായിരിക്കുന്നു. പദ്ധതി പൂര്‍ത്തികരിച്ചാല്‍ ജനങ്ങളില്‍ നിന്നും ഫീസ് ഈടാക്കി ജലവിതരണം നടത്താനാണ് അധികൃതരുടെ പരിപാടി. കാലതാമസം കൊണ്ടുണ്ടായ ധനനഷ്ടവും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ജലവകുപ്പിന്റെ നീക്കം.ജനങ്ങളുടെ അടിസ്ഥാന ആവശ്യവും അവകാശവുമാണ് വെള്ളമെന്ന സത്യം മനസിലാക്കാതെയാണ് ജലവകുപ്പിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഈ തണുപ്പന്‍ നയം.കുടിവെള്ള വിതരണം ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്വമാണെന്നിരിക്കെ പൂര്‍ണ്ണ അനാസ്ഥയും ആസൂത്രണമില്ലായ്മയും ശാസ്ത്രീയ കാഴ്ചപ്പാടില്ലായ്മയും മൂലം മലപ്പുറം-കോഴിക്കോട് അതിര്‍ത്തിയിലെ ലക്ഷകണക്കിന് ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്. എത്രയും വേഗം പദ്ധതി പൂര്‍ത്തീകരിക്കാനുള്ള നടപടി ആരംഭിക്കണമെന്ന് ചീക്കോട് ജല പദ്ധതി ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ അലി പുല്ലിതൊടി, എ.ഹസ്സന് കോയ, ടി.ഷബീര്‍ എന്നിവര്‍ സംസാരിച്ചു. അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: