പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് പുറമേ മകരവിളക്ക് ദര്‍ശിക്കാനായി ഭക്തര്‍ തടിച്ചുകൂടുന്ന വിവിധ സ്ഥലങ്ങളില്‍ ശക്തമായ സുരക്ഷയൊരുക്കും.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. മകരജ്യോതി ദര്‍ശനത്തിന് തീര്‍ഥാടകര്‍ എത്തുന്ന അഞ്ച് പ്രധാന സ്ഥലങ്ങളില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കും.
പന്തളത്തു നിന്ന് ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് ശക്തമായ സുരക്ഷയൊരുക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ പോലീസ് മേധാവി ടി.നാരായണന് പറഞ്ഞു. തിരുവാഭരണം കടന്നുവരുന്ന സ്ഥലങ്ങളില്‍ വെളിച്ചക്കുറവുള്ളിടത്ത് ഉപയോഗിക്കുന്നതിന് 30 പെട്രോമാക്സുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര വലിയാനവട്ടം വഴി വനത്തിലൂടെ കടന്നുപോകുമ്പോള്‍ മെഡിക്കല്‍ ടീമും അനുഗമിക്കും. ഘോഷയാത്ര എത്തുമ്പോള്‍ സ്വീകരിക്കുന്നതിന് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഇതു സുരക്ഷാ പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.
അട്ടത്തോട്, ഇലവുങ്കല്‍, നെല്ലിമല എന്നിവിടങ്ങളില്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബാരിക്കേഡ് പണി പുരോഗമിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കരിമലയില്‍ മെഡിക്കല്‍ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യ വകുപ്പിന്റെ 30 ആംബുലന്‍സുകള്‍ക്കു പുറമേ ദുരന്ത നിവാരണ വിഭാഗത്തിന്റെ ചുമതലയിലുള്ള 12 ആംബുലന്‍സുകളുടെ സേവനവുമുണ്ടാകും. അയ്യന്‍മല, പഞ്ഞിപ്പാറ, നെല്ലിമല എന്നിവിടങ്ങളില്‍ വനം വകുപ്പും ഫയര്‍ ഫോഴ്സും അസ്ക ലൈറ്റുകള്‍ സ്ഥാപിക്കും. മകരവിളക്കിനു മുന്നോടിയായി കെ.എസ്.ഇ.ബി പാണ്ടിത്താവളത്ത് 600 താല്‍ക്കാലിക ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പന്തളം, പ്ലാപ്പള്ളി, പമ്പ എന്നിവിടങ്ങളില്‍ ഫയര്‍ ഫോഴ്സിന്റെ സ്ക്യൂബ ടീം ക്യാമ്പ് ചെയ്യും. അയ്യന്‍മല, പഞ്ഞിപ്പാറ എന്നിവിടങ്ങളില്‍ 14 ന് രാവിലെ മുതല്‍ ഫയര്‍ ഫോഴ്സ് ടീം ഉണ്ടാവും. കെ.എസ്.ആര്.ടി.സി പത്തനംതിട്ടയില്‍ നിന്ന് 1000 ബസ് സര്‍വീസ് നടത്തും. മകരവിളക്കിനു 50 ബസുകള്‍ വീതം ഇവിടെ നിന്ന് പമ്പയിലേക്കയയ്ക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ 40 പട്രോളിംഗ് ടീം രംഗത്തുണ്ടാവും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ ടീം സ്വീകരിക്കും.
തിരുവല്ല സബ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്, അസിസ്റ്റന്റ് കളക്ടര്‍ വി.ആര് പ്രേംകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: