തുറവൂര്‍: എഴുപുന്ന പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രമായി. ജനങ്ങള്‍ ഭീതിയില്‍. റെയില്‍വേ സ്റ്റേഷന്‍പരിസരം, സെന്റ് റാഫേല്‍സ് എച്ച്എസ്എസിന് കിഴക്കുഭാഗം, വാടക്കല്‍ പ്രദേശം, എരമല്ലൂര്‍, കുടപുറം ഫെറി, എന്നീ മേഖലകളിലാണ് അണലി, മൂര്‍ഖന്‍ തുടങ്ങിയ ഉഗ്രവിഷമുള്ള പാമ്പുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അന്‍പതിനു മേല്‍ പാമ്പുകളെയാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്. ചന്തിരൂര്‍ ഭാഗത്ത് ആഴ്ചകള്‍ക്ക് മുമ്പ് പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചിരുന്നു. ചതുപ്പുകള്‍ നികത്തുന്നതിനും റോഡ് നിര്‍മ്മാണത്തിനും ടിപ്പര്‍ ലോറികളിലും മറ്റുമെത്തിക്കുന്ന പൂഴിയില്‍ നൂറുകണക്കിന് പാമ്പുകളും മുട്ടകളും മേഖലയിലെത്തുന്നുണ്ട്. പ്രദേശത്ത് ഒരാഴ്ചയ്‌ക്കുള്ളില്‍ നിരവധി പേര്‍ക്ക് പാമ്പുകടിയേറ്റെങ്കിലും പെട്ടെന്ന് ചികിത്സ ലഭിച്ചതിനാല്‍ രക്ഷപ്പെട്ടു. മഞ്ഞുകാലമായതോടെ ഇരുട്ടുവീണാല്‍ ഇഴജന്തുക്കളെ ഭയന്ന് നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രദേശത്ത് ഇടതൂര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന കുറ്റിക്കാടുകളും ചതുപ്പുകളും വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രമായിരിക്കുകയാണ്. അടുത്തുള്ള ആശുപത്രികളിലൊന്നും വിഷചികിത്സയ്‌ക്കുള്ള സംവിധാനങ്ങള്‍ ലഭ്യമല്ലാത്തതും നാട്ടുകാരുടെ ഭീതി വര്‍ധിപ്പിക്കുകയാണ്.
















